മക്കൾക്കുവേണ്ടി സമ്പാദിച്ച്‌ കൂട്ടരുത്‌

മുൻപൊന്നും കാണാത്തവിധം കുട്ടികളുടെ കാര്യത്തിൽ ആധുനികസമൂഹം വല്ലാതെ ഉത്‌കണ്‌ഠപ്പെടുന്നുണ്ട്‌. എട്ടുംപത്തും മക്കളുണ്ടായിരുന്ന രക്ഷാകർത്താക്കൾ ഇത്ര പരിഭ്രാന്തരായി കണ്ടിട്ടില്ല. അണുകുടുംബങ്ങളിലെ മക്കൾ ഭീതിയും, ജീവിതവും ദുരഭിമാനം ഏല്‌പിക്കുന്ന സംഘർഷ പരമ്പരയുടെ ഭാഗമായി കാണാം. ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസമോ തൊഴിലോ ഒന്നുമല്ല പരാമർശവിധേയമാകുന്നത്‌. മേൽകുറിച്ചവ അടിസ്ഥാനപരമായ വിഷയങ്ങളാണെന്ന കാര്യത്തിൽ തർക്കവുമില്ല. കുട്ടികളുടെ ഭാവിയ്‌ക്ക്‌ വേണ്ടി ‘മരിച്ച്‌’ ജീവിക്കുന്ന ഒരുവിഭാഗം രക്ഷാകർത്താക്കളെയാണ്‌ ഇവിടെ പരിഗണിക്കുന്നത്‌. അവർ കുട്ടികളുടെ നന്മയ്‌ക്കും ഭാവി സുരക്ഷയ്‌ക്കുമെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ നിർവ്വഹിക്കുന്നതൊക്കെ ഭാവിയിൽ അവരെ തിന്മകളിലേയ്‌ക്ക്‌ നയിക്കുവാനേ സഹായിക്കൂ. അതിൽ പ്രധാനമാണ്‌ കുട്ടികൾക്ക്‌ വേണ്ടി സമ്പാദിച്ചുകൂട്ടുവാനുളള വ്യഗ്രത. (ആൺകുട്ടികളെയാണ്‌ ഉദ്ദേശിക്കുന്നത്‌) വസ്‌തുക്കളായും ഭവനങ്ങളായും ബാങ്ക്‌ നിക്ഷേപങ്ങളായും ഭാവി സുരക്ഷയുണ്ടാക്കുമ്പോൾ ഒരുവേള സാമാന്യയുക്തിയ്‌ക്ക്‌ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്‌. യുവത്വസമ്പൂർണ്ണതയിലേയ്‌ക്ക്‌ കടക്കുന്ന ഇവർക്ക്‌ ഭൂമുഖത്ത്‌ പിന്നെ എന്ത്‌ പണിയാണ്‌ നിർവ്വഹിക്കാനുളളതെന്ന്‌? കൗമാര യൗവന ഘട്ടങ്ങളിൽ സ്വന്തം സാമ്പത്തിക സുരക്ഷയെക്കുറിച്ച്‌ ബോധമുളള ഒരുകുട്ടി, കുത്തഴിയുന്ന സാമൂഹിക പശ്ചാത്തലത്തിൽ ഏത്‌ വഴി സ്വീകരിക്കുമെന്നത്‌ ഊഹിക്കാവുന്നതേയുളളൂ.

അനുദിനം മലിനീകരിക്കപ്പെടുന്ന സാമൂഹിക പരിതസ്ഥിതിയിൽ മാനുഷിക മൂല്യങ്ങൾ വളർന്നുവരിക എന്നതും ദുഷ്‌ക്കരമാണ്‌. ദാരിദ്ര്യത്തിന്റെ ഗന്ധമറിയുന്ന കുട്ടികളിലാണ്‌ പലപ്പോഴും ജീവിതധർമ്മങ്ങൾ മുളപൊട്ടുന്നത്‌. ഇതിനർത്ഥം ബോധപൂർവ്വം ദരിദ്രനാവുക, ദാരിദ്ര്യം സ്വീകരിക്കുക എന്നല്ല. കുട്ടികളുടെ ഇച്ഛാശക്തിയും ലക്ഷ്യബോധവും സ്വയം വളർന്നു വികസിക്കേണ്ട പ്രായത്തിൽ രക്ഷിതാക്കളുടെ കരുതൽ പ്രയാണം അഭിനന്ദനാർഹമല്ല. ഓരോ ഘട്ടങ്ങളിൽ സ്‌നേഹം, സേവന തല്‌പരത, സമ്പാദ്യശീലം, സ്വാശ്രയബോധം തുടങ്ങിയ സദ്‌ഗുണങ്ങൾ വളരേണ്ടതും, വളർത്തിയെടുക്കേണ്ടതുമായ സംഗതികളാണ്‌. കഷ്‌ടപ്പാടുകൾ അറിഞ്ഞുതന്നെ തലമുറകൾ വളർന്നുവരട്ടെ. ജീവിതത്തെ പ്രതിരോധിക്കുവാനും അതിജീവിക്കുവാനുമുളള ശക്തിയാണത്‌ സംഭാവന ചെയ്യുന്നത്‌. പ്രതിസന്ധികളെ നേരിടാൻ കഴിയാതെ വരുന്ന തലമുറകൾക്ക്‌ ആത്മഹത്യയാണ്‌ ഏകമാർഗ്ഗം. അങ്ങനെ നോക്കുമ്പോൾ ആത്മഹത്യ ചെയ്യാൻ ഏറെ സാദ്ധ്യതയുളള തലമുറകളെയാണ്‌ നാം വളർത്തിയെടുക്കുന്നത്‌.

കുട്ടികൾക്കും ഭൗതിക സമ്പത്തിനും വേണ്ടി പരക്കം പാഞ്ഞ്‌ ജീവിക്കുന്നവർക്ക്‌ സ്വസ്ഥമായ മരണവും അന്യമായിരിക്കും.

-പത്രാധിപർ

Generated from archived content: edit_mar9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English