പെൺകുട്ടികൾ പ്രണയവും പഠിക്കട്ടെ

വിവാഹ ആർഭാടങ്ങൾ എങ്ങനെ ഒഴിവാക്കാം? സ്‌ത്രീധന സമ്പ്രദായം തടയുന്നതെങ്ങനെ തുടങ്ങിയ കാതലായ സാമൂഹിക വിഷയങ്ങളെക്കുറിച്ച്‌ ചർച്ചകളും ലേഖനങ്ങളും സാംസ്‌കാരിക മേഖലകളിലും മാധ്യമങ്ങളിലും സംഭവിക്കാറുണ്ട്‌. ചർച്ചകളിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷത്തിനും പ്രസ്‌തുത വിഷയത്തെപ്പറ്റി ചിന്തിക്കാൻപോലും യോഗ്യത നഷ്‌ടപ്പെട്ടവരാണ്‌. പക്ഷേ ഇവരിൽ ആരും തന്നെ ക്രിയാത്മക നിർദ്ദേശങ്ങളോ, ശാശ്വത പരിഹാരമാർഗ്ഗങ്ങളോ മുന്നോട്ടുവയ്‌ക്കാറില്ല. അവിവാഹിതരായ യുവതി യുവാക്കളേയും, മാതാപിതാക്കളേയും ബോധവല്‌ക്കരിക്കണമെന്നാണ്‌ ഇക്കൂട്ടർ പ്രസ്‌താവിക്കുന്നത്‌. അപ്പോൾ ശാശ്വത പരിഹാരമില്ലേ? എന്ന ചോദ്യം വരുന്നു. പരിഹാരമുണ്ടെന്ന വാദഗതിയാണ്‌ ഇവിടെ ചർച്ചയാകുന്നത്‌. അതിന്‌ പെൺകുട്ടികൾക്ക്‌ പ്രണയപാഠങ്ങൾ നൽകുക എന്നതാണ്‌ ഏക മാർഗ്ഗം. പാഠ്യപദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടുപദ്ധതിയാകണം അത്‌. പെൺകുട്ടികളിൽ ആശങ്കയും, ആൺകുട്ടികളിൽ ആശ്വാസവും ദർശിക്കുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നുണ്ട്‌. പെൺകുട്ടി ഒരു തീയായി അനുഭവപ്പെടുന്നത്‌ വിവാഹമെന്ന സങ്കീർണ്ണതയെപ്പറ്റി ചിന്തിക്കുമ്പോഴാണ്‌. മാറുന്ന സാമൂഹിക സാഹചര്യങ്ങളിൽ ഇത്തരം ആശങ്കയ്‌ക്ക്‌ യാതൊരു അടിസ്ഥാനവുമില്ല. പ്രണയവും രതിയും നടുക്കുന്ന സംഭവങ്ങളല്ലാതായിട്ടുണ്ട്‌. അതിനാൽ പഠനത്തോടൊപ്പം ആസൂത്രിതമായ പ്രണയവും പരിശീലിക്കട്ടെ. പ്രണയസാഫല്യം തിരുത്തിയെഴുത്തുകളുടെ പരമ്പര തന്നെ സൃഷ്‌ടിക്കും. പ്രണയത്തിന്‌ ജീവിതത്തിലുളള പ്രാധാന്യത്തെക്കുറിച്ചും, കുടുംബജീവിതം രൂപപ്പെടുത്തുന്നതിനുളള അനന്ത സാധ്യതകളെപ്പറ്റിയും പെൺകുട്ടിയുമായി ചർച്ചചെയ്യാം. (എല്ലാം തുറന്ന്‌ ചർച്ചചെയ്യണമെന്ന്‌ പറയുന്ന കാലഘട്ടത്തിലാണ്‌ നാം.) സ്‌കൂളിൽ നിന്ന്‌ കോളേജിലേക്ക്‌ പ്രവേശിക്കുന്ന പെൺകുട്ടിയോട്‌ പഠനം പൂർത്തിയാകുന്നതിനോടൊപ്പം അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്തുവാൻ എന്തുകൊണ്ട്‌ നിർദ്ദേശിച്ചുകൂടാ? ശരീരകാമനകളുടെ പ്രണയമാകരുതെന്നും, പ്രായോഗിക ജീവിതം മുൻനിർത്തിയുളള തെരഞ്ഞെടുപ്പാകണമെന്നും ഓർമ്മപ്പെടുത്തിയാൽപോരെ? പ്രണയത്തിന്‌ മുൻപ്‌ പ്രണയിക്കുന്നവന്റെ ചരിത്രം പഠിച്ചിരിക്കണം. മനസ്സിനിണങ്ങിയവനും, സ്‌നേഹിക്കാൻ കഴിയുന്നവനും, സ്വസമുദായക്കാരനും, സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നവനുമായ ഒരുവനെ കണ്ടെത്തി കഴിഞ്ഞാൽ പിന്നെ ഉത്‌കണ്‌ഠ എന്തിന്‌? (ജാതി സംവരണവും, ജാതി സംഘടനകളും നിലനിൽക്കുവോളം ജാതിമത ചിന്ത കുറ്റകരമല്ല).

ശേഷമുളള വഴികൾ അവർ സ്വീകരിക്കുകയോ, മാതാപിതാക്കൾക്ക്‌ ആസൂത്രിതമായി ഒരു സ്‌പെഷ്യൽ മാരേജ്‌ ആക്‌ടിലേയ്‌ക്ക്‌ അവർക്ക്‌ പ്രവേശനം നല്‌കുകയോ ആവാം. ബോധപൂർവ്വമായ ഇത്തരം നീക്കങ്ങളാണ്‌ ആർഭാടങ്ങൾക്കും, സ്‌ത്രീധന സമ്പ്രദായങ്ങൾക്കും, മറ്റ്‌ ആചാരങ്ങൾക്കും കടിഞ്ഞാണിടുന്നത്‌.

പത്രാധിപർ

Generated from archived content: edit_june_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English