വിഡ്‌ഢികൾ കൊട്ടാരം വയ്‌ക്കും ബുദ്ധിമാൻ ഭൂമി വാങ്ങും

വീടുവയ്‌ക്കുന്നവനെ വിഡ്‌ഢിയെന്ന്‌ വിളിക്കാനാവില്ല. വീട്‌ മനുഷ്യ ജീവിത്തിന്റെ അടിസ്ഥാനഘടകങ്ങളിൽ ഒന്നാണ്‌. അപ്പോൾ ആരെയാണ്‌ വിഡ്‌ഢിയെന്ന്‌ വിളിക്കേണ്ടത്‌? ഓലമേഞ്ഞ വീടുകളിൽ നിന്നും ഓടുമേഞ്ഞ വീടുകളിലേയ്‌ക്കും, ഓടുമേഞ്ഞ വീടുകളിൽ നിന്നും കൊട്ടാരക്കെട്ടുകളിലേയ്‌ക്കുമാണ്‌ ഇന്ന്‌ വീടെന്ന ഭാവന ഉയർന്നുപോകുന്നത്‌. ഭവന സങ്കല്പങ്ങൾ എത്രത്തോളം ഉയരുന്നുവോ അത്രത്തോളം ഭൂമിയെ നോവിക്കേണ്ടിവരുന്നുണ്ട്‌. ഭൂമിയ്‌ക്ക്‌ ദോഷമാകാത്ത ഭവന സങ്കല്പങ്ങളിൽ നിന്നും നാം പാടേ വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. ഒരിയ്‌ക്കൽ വീടുകൾ തല ചായ്‌ക്കുവാനുള്ള ഇടങ്ങൾ മാത്രമായിരുന്നു. അന്ന്‌ ഭൂമിയെ ചൂഷണം ചെയ്യാൻ കഴിയുംവിധം സാങ്കേതിക വിദ്യകൾ വികാസം പ്രാപിച്ചിരുന്നില്ല. ഇന്നത്തെ സ്ഥിതി അതല്ല. കക്കൂസും കുളിമുറിയും കുപ്പക്കുഴിയും വരെ മാർബിൾ പാകി ആഢംഭരഭീകരത നാം വിളിച്ചു കാണിക്കുന്നു. വിണ്ടുകീറുന്ന ഉപ്പൂറ്റി ഉരച്ച്‌ കഴുകാൻ വീടുകളിൽ പരുക്കൻ പ്രതലം ഇല്ലാതായി. ഉരച്ചു മാറ്റാവുന്ന വിണ്ടുകീറൽ അങ്ങനെ രോഗമാവുകയും ലേപനങ്ങൾ മാർക്കറ്റിൽ സുലഭമാവുകയും ചെയ്തു. മാർബിളിൽ തെന്നിവീണ്‌ ചരമക്കോളത്തിൽ സ്ഥാനം പിടിക്കുന്നവരെയും നാം കാണുന്നു.

വിഡ്‌ഢികൾ ആരെന്നാണല്ലോ അന്വേഷിച്ച്‌ വന്നത്‌. വീട്‌ വ്യക്തിയുടെ വലിപ്പത്തെ നിർണ്ണയിക്കുന്നുവെന്ന്‌ ചില മൂഢന്മാർ വിശ്വസിക്കുന്നു. വലിപ്പം പഞ്ചേന്ദ്രിയങ്ങളുടെ കർമ്മ ബോധത്തിലൂടെയാണ്‌ സംഭവിക്കുന്നതെന്ന്‌ അറിയില്ലെന്നുണ്ടോ? ഉള്ളവന്റെ ഇന്ദ്രജാല പ്രകടനങ്ങൾ ഇല്ലാത്തവനിൽ ചിത്തഭ്രമം സൃഷ്ടിക്കുന്നു. അത്‌ ഒരുവനെ ബാങ്കുലോണുകളുടെ ആജീവനാന്ത ഉടമയാക്കുന്നു. അല്പത്തരം അപകടമാണെന്ന പുതുമൊഴി അങ്ങനെയാണുണ്ടാകുന്നത്‌. കോൺക്രീറ്റ്‌ കൂടാരങ്ങളിൽ പിന്നെ സ്വസ്ഥമായ നിദ്രവരുന്നത്‌ ഉറക്കഗുളിക രൂപത്തിലാണ്‌. സാധാരണക്കാരനും ഇടത്തരക്കാരനും പേപ്പട്ടിയെപ്പോലെ ഓടേണ്ടിവരുന്നതിന്റെ പ്രധാനകാരണം ദുരഭിമാനമാണ്‌. ആളുകൾ ഇപ്പോൾ രോഗം വന്നല്ല മരിക്കുന്നത്‌. ഏറെയും കൊട്ടാര രോഗം പിടിപെട്ടാണ്‌. മാത്രവുമല്ല ആളുകൾക്ക്‌ ഇപ്പോൾ അഞ്ച്‌ സെന്റ്‌ മതിയത്രെ. ബുദ്ധിമാന്ദ്യം മൂലമാണ്‌ ഇങ്ങനെ തോന്നുന്നത്‌. നാം പൂർവ്വികരെ കണ്ട്‌ പഠിക്കണം. അവർ വിശാലമായ പറമ്പിനുള്ളിൽ ചെറിയ വീടുകളിലാണ്‌ ജീവിച്ചിരുന്നത്‌. അതുകൊണ്ട്‌ അനന്തര തലമുറകൾക്ക്‌ യഥേഷ്ടം ഭാഗിച്ചുകൊടുക്കുവാനും അവരുടെ ജീവിത സമ്പന്നതയ്‌ക്കും സുരക്ഷിതത്വത്തിനും മണ്ണ്‌ പലതരത്തിൽ ഉപകരിക്കപ്പെട്ടു. അഞ്ച്‌ സെന്റിൽ കൊട്ടാരം വെച്ച്‌ മരണാനന്തരവും തീരാത്ത കടവുമായി ജീവിക്കുന്നവന്‌ വരും തലമുറകൾക്ക്‌ ഭാഗിച്ചു നൽകാൻ എന്താണുള്ളത്‌? തലമുറകളോട്‌ നീതിബോധമുള്ള ബുദ്ധിമാൻ എപ്പോഴും ഭൂമി വാങ്ങി കരുതിയിടുന്നു. ഭൂമി വികസിക്കുന്നില്ലെന്ന്‌ അയാൾക്കറിയാം. ഭൂമി എല്ലാ അർത്ഥത്തിലും ജീവിതം സുരക്ഷിതമാക്കുന്നു. മണ്ണില്ലാത്തവനിൽ നിന്നാണ്‌ പാവപ്പെട്ടവനും വാടകക്കാരനും ജന്മമെടുക്കുന്നത്‌. പാവപ്പെട്ടവനിൽ നിന്ന്‌ പാപികളും മഹാപാപികളും ഉണ്ടാകുന്നു. ഇങ്ങനെ മനുഷ്യജന്മങ്ങളെ സൃഷ്ടിക്കേണ്ടതുണ്ടോ? ചെറിയ വീട്‌ വയ്‌ക്കൂ. ഭൂമിയെ ദ്രോഹിക്കാതിരിയ്‌ക്കൂ എന്നും ഭൂമി വാങ്ങൂ തലമുറകളെ സുരക്ഷിതരാക്കൂ. എന്നുമുള്ള പുതിയ മുദ്രാവാക്യം നാം ഉയർത്തേണ്ടിയിരിക്കുന്നു.

Generated from archived content: edit_june1_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here