ഭാര്യ ജീവിച്ചിരിക്കെ ഭർത്താവ്‌ മരിക്കാൻ കൊതിക്കുക

ഒരാൾ ആഗ്രഹിക്കുന്ന അതേ നിമിഷം സാദ്ധ്യമാകുന്ന ഒന്നല്ല മരണം. അതു ചിലപ്പോൾ നിമിഷങ്ങളിലൂടെ അനുഭവിച്ചുകൊണ്ടും മറ്റു ചിലപ്പോൾ ഒരമ്പരപ്പിന്‌ പോലും ഇടനൽകാത്തവിധം കടന്നുവരും. എന്നാൽ ആഗ്രഹം എന്നത്‌ എന്തിനെക്കുറിച്ചുമാകാം. ഭാര്യ ജീവിച്ചിരിക്കെ മരിക്കാൻ കൊതിക്കുന്ന ഭർത്താവിന്റെ ആഗ്രഹം അത്തരത്തിലൊന്നാണ്‌. മരണം സംഭവിച്ചാലും ഇല്ലെങ്കിലും എന്തുകൊണ്ട്‌ ഇങ്ങനെ ചിന്തിക്കണം, ചിന്തിക്കേണ്ടിവരുന്നു എന്നതാണ്‌ പ്രസക്തമായിട്ടുള്ളത്‌. ഇത്‌ ഇഴപൊട്ടുന്ന ദൈനംദിന ജീവിതത്തിൽ പടർന്നു പിടിക്കുന്ന അന്യതയുടെയും അനാദരവിന്റെയും പ്രതികരണമാണ്‌. കുടുംബജീവിതത്തിൽ പുരുഷന്റെ റോൾ പലപ്പോഴും ഒരു വണ്ടിക്കാളയുടേതാണെന്ന്‌ നിരീക്ഷിക്കുമ്പോൾ ആശ്ചര്യം തോന്നേണ്ടതില്ല. അല്ലെങ്കിൽ ഒരു കാവൽനായുടേതാണെന്ന നിഗമനത്തേയും ചോദ്യം ചെയ്യേണ്ടതില്ല. ഭാര്യയും കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തെ സംരക്ഷിക്കുക, പരിപാലിക്കുക എന്ന കർത്തവ്യമാണ്‌ ഗൃഹനാഥനാകുന്ന പുരുഷനിൽ നിക്ഷിപ്തമാകുന്നത്‌. അങ്ങനെ ഒരു വണ്ടിക്കാളയുടെയും വിത്തുകാളയുടെയും റോൾ സംതൃപ്തിയോടെ അയാൾക്ക്‌ (അസംതൃപ്തിയോടുമാകാം) ഏറ്റെടുക്കേണ്ടിവരുന്നു. (വണ്ടിക്കാള, വിത്തുകാള തുടങ്ങിയ പദപ്രയോഗങ്ങൾ സ്ര്തീ സമത്വവാദികൾക്ക്‌ ആശ്വാസമാകട്ടെ) ബഹഭൂരിപക്ഷവും അത്‌ ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്‌.

ഭാര്യയിലും ഭർത്താവിലും കുടികൊള്ളുന്ന അച്ഛൻ, അമ്മ എന്നീ വ്യത്യസ്തങ്ങളായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം രണ്ട്‌ തരത്തിലാണ്‌ അനുഭവേദ്യമാകുന്നത്‌. മാതാവിനോട്‌ തോന്നുന്ന പ്രിയം അതേ അളവിൽ പിതാവിനോട്‌ തോന്നുക അപൂർവ്വമാണ്‌. നടവഴിയിൽ കാലടിച്ച്‌ വീഴുന്ന കുട്ടി ‘അച്ഛാ’ എന്ന്‌ അലമുറയിട്ട്‌ വിളിക്കുന്നില്ല. നിദ്രയിൽ ദുഃസ്വപ്നം കണ്ടുണരുന്ന കുട്ടിയും ‘അച്ഛാ’ എന്ന്‌ അലമുറയിട്ട്‌ വിളിക്കുന്നില്ല. ഏതു സന്ദർഭത്തിലും അമ്മേ എന്ന്‌ അറിയാതെ വിളിച്ചുപോകുന്ന ഉൾപ്രേരണ പിതൃബന്ധത്തെ മറികടക്കുന്ന മാതൃഹൃദയബന്ധത്തിന്റെ ശക്തി വ്യക്തമാക്കി തരുന്നു.

കുട്ടികൾ ആവശ്യങ്ങൾക്കും, അവയുടെ നിർവ്വഹണത്തിനും ആദ്യം മാതാവിനെ സമീപിക്കുന്നു. അത്‌ മാതാവിലൂടെ പിതാവിൽ എത്തിക്കൊള്ളുമെന്ന്‌ അവർക്കറിയാം. ഇവിടെ ആവശ്യമായത്‌ നിർവ്വഹിച്ചുകൊടുക്കുക എന്ന ഉത്തരവാദിത്വമാണ്‌ പിതാവിനുള്ളത്‌. പിതാവിന്‌ തീരുമാനമെടുക്കുവാനും നടപ്പിലാക്കുവാനും ആവശ്യമില്ലെന്ന്‌ തോന്നുന്നത്‌ നിഷേധിക്കുവാനും കഴിയും. മാതാവിൽ നിഷേധിക്കലിന്റെ ദുഃർമുഖം ഉണ്ടാവുകയില്ല. അത്‌ ഇഴയടുപ്പമുള്ള പൊക്കിൾക്കൊടി ബന്ധത്തിന്റെ മേന്മയാണ്‌. കീഴടക്കുന്ന, കീഴടക്കാവുന്ന ഒരു സ്നേഹദൗർബല്യം മാതാവിലുണ്ട്‌. പിതാവിൽ അതിന്റെ രൂപം കർക്കശത്തിന്റേതാകും. സ്നേഹത്തിന്റെ ദ്വന്ദ്വമുഖങ്ങൾ അനുഭവിച്ചറിയുന്ന കുട്ടി മാതാവിനോട്‌ അടുക്കുകയും പിതാവിൽ അകലം പാലിക്കുകയും ചെയ്യന്നു. പിതാവിന്‌ നടത്തിപ്പുകാരന്റെ ദൗത്യമാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. നടത്തിപ്പുകാരന്‌ കൃത്യനിർവ്വഹണത്തിനു ശേഷം ഏതു നിമിഷവും കളിക്കളത്തിന്‌ പുറത്ത്‌ പോകേണ്ടിവരും. ഭാര്യ ജീവിച്ചിരിക്കെ ഭർത്താവ്‌ മരിക്കാൻ കൊതിക്കണം എന്ന ആഗ്രഹം വെച്ചുപുലർത്തേണ്ടത്‌ ഈ സാഹചര്യത്തിലാണ്‌.

ഭാര്യ ജീവിച്ചിരിക്കെ മരിച്ചുപോകുന്ന ഭർത്താവ്‌ ഭാഗ്യമുള്ളവനാണെന്നാണ്‌ പറയേണ്ടത്‌. വ്യക്തി വേസ്‌റ്റാകുന്ന ഗൃഹപരിസരത്തിൽ നിന്നും അയാൾ അത്ഭുതകരമായി രക്ഷപ്പെടുന്നു. ഭാര്യയുടെ സ്നേഹവും പരിചരണവും ശ്രദ്ധയും അതുവരെ അയാൾക്ക്‌ ലഭിച്ചെന്നും വരും. കടമകൾ നിർവ്വഹിച്ച ശേഷമുള്ള മടക്കമെങ്കിൽ അയാളുടെ വേർപാട്‌ വലിയ ആഘാതമാകുന്നില്ല. അയാൾ രണ്ടിനേയും പറഞ്ഞുവിട്ടാണ്‌ പോയത്‌. മരണപ്പെട്ട ആളിനെപ്പറ്റി ഇങ്ങനെ പറയുന്നത്‌ നാം കേൾക്കാറുണ്ട്‌. മക്കൾ ഉപേക്ഷിച്ചാലും ഭാര്യക്ക്‌ പല കാരണങ്ങളാൽ ഭർത്താവിനെ ഉപേക്ഷിക്കാനാകാതെ വരുന്നു. (ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുറവല്ല) എന്നാൽ ഭാര്യ മരിച്ച്‌ ജീവിച്ചിരിക്കുന്ന ഭർത്താവിന്റെ ജീവിതം യാതനാഭരിതമായിരിക്കും. അവഗണനയും, ഏകാന്തതയും ആത്മസംഘർഷവും വിധവന്മാരുടെ രാപ്പകലുകളിൽ കൊടുങ്കാറ്റുകൾ സൃഷ്ടിക്കും. ഭർത്താവ്‌ മരിച്ച ഭാര്യയ്‌ക്ക്‌ കുട്ടികളുടെ തണലിൽ ഒരുവിധം കാലം കടത്തിവിടാനായേക്കും. ഒരു പിതാവിന്‌ അത്‌ സാദ്ധ്യമായെന്ന്‌ വരില്ല. ഇത്‌ പിതൃപുത്രബന്ധത്തിന്റെ ഉള്ളില്ലായ്മകൾ പൊളിച്ചു കാട്ടുന്നു. മദ്യപനും, സാമ്പത്തിക സുരക്ഷ ഇല്ലാത്തവനുമെങ്കിൽ വീട്ടിലേക്കുള്ള വഴി അടഞ്ഞുവെന്നും വരാം. അങ്ങനെയാണ്‌ ഭാര്യ മരിച്ചതിനുശേഷം വീടുകളിൽ നിന്നും പിതാക്കന്മാരെ കാണാതെ പോകുന്നത്‌. ഇവിടെ ഭർത്താക്കന്മാർ മുൻവിധി ഉള്ളവരാകേണ്ടതുണ്ട്‌. ഭാര്യ മരിച്ചശേഷം പൂർണ്ണമായും മക്കളെ ആശ്രയിച്ച്‌ ജീവിക്കേണ്ട സാഹചര്യം ഒഴിവാക്കണം. കടന്നുപോകുന്ന ഓരോ നിമിഷവും ഭാര്യ ജീവിച്ചിരിക്കെ മരിച്ചുപോകാൻ (കർത്തവ്യങ്ങൾ നിർവ്വഹിച്ചുവെങ്കിൽ) പ്രാർത്ഥിക്കാവുന്നതാണ്‌. അല്ലെങ്കിൽ ആശ്രമങ്ങളിലോ വൃദ്ധസദനങ്ങളിലോ അഭയം തേടുക. ബലപ്രയോഗ സാഹചര്യങ്ങളെ അങ്ങനെ ഒഴിവാക്കുകയുമാകാം.

Generated from archived content: edit_jun27_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here