ബാങ്കുകൾക്കുവേണ്ടി ജീവിക്കരുത്‌.

നീ ആർക്കുവേണ്ടി ജീവിക്കുന്നുവെന്ന ചോദ്യത്തിന്‌ അച്‌ഛന്‌, അമ്മയ്‌ക്ക്‌, മക്കൾക്ക്‌ അല്ലെങ്കിൽ നാടിനെന്ന മറുപടി കാലഹരണപ്പെടുകയും, ബാങ്കുകൾക്കും ബ്ലെയ്‌ഡ്‌ കമ്പനികൾക്കും വേണ്ടി ജീവിച്ചൊടുങ്ങേണ്ടി വരുന്ന ദുഃസ്ഥിതിയിലേക്ക്‌ മനുഷ്യജീവിതം എത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടാവാം സഹജീവികൾക്കും സമൂഹത്തിനും വേണ്ടി ജീവിക്കാൻ സന്നദ്ധമാകുന്നവരുടെ എണ്ണം ഭയാനകമാംവിധം കുറഞ്ഞുപോകുന്നത്‌. ആർഭാടത്തിനും നിരർത്ഥകമായ അന്തസ്സിനും അലങ്കാരത്തിനും പിറകെ വിചാരശേഷി നഷ്‌ടപ്പെട്ട സമൂഹം മാരത്തോൺ ഓട്ടത്തിന്‌ എപ്പോഴും സജ്ജരാകുന്നതുകൊണ്ടാണ്‌ ബാങ്കുകളും സ്വകാര്യ പണമിടപാട്‌ കമ്പനികളും പലിശ കുറച്ച്‌ വായ്‌പകൾ വാഗ്‌ദാനം ചെയ്‌ത്‌ ആളുകളെ കടക്കെണിയിൽ വീഴ്‌ത്തുന്നത്‌. നിക്ഷേപകരെക്കാൾ ബാങ്കുകൾക്കാവശ്യം നിലനില്‌പിന്‌ ആധാരമാകുന്ന ഉപഭോക്താക്കളെയാണ്‌. വീട്‌, വിവാഹം, ബിസിനസ്സ്‌ തുടങ്ങിയ ജീവിതസാഹചര്യങ്ങളാണ്‌ ബാങ്കുകൾ ഒരാളുടെ അഭയകേന്ദ്രമാക്കി മാറ്റുന്നത്‌. ഉദാരവായ്‌പകളുടെ പ്രലോഭനത്തിൽ മോഹാലസ്യപ്പെട്ട്‌ കുടിലിൽ സ്വസ്ഥമായി കിടക്കുന്നവൻ കൊട്ടാരം സ്വപ്‌നം കാണുകയും, കൊട്ടാരംകെട്ടി, ഉറക്കം നഷ്‌ടപ്പെട്ട്‌ വീണ്ടും കുടിലിലേയ്‌ക്കോ, പെരുവഴിയിലേയ്‌ക്കോ പോകുന്നതാണ്‌ കണ്ടുവരുന്നത്‌. ഇന്ന്‌ വീടെന്ന സങ്കല്പം പോലും വ്യക്തികളുടെ ജീവിതനിലവാരവുമായി പൊരുത്തപ്പെട്ടുപോകുന്നതല്ല. വീടെന്നാൽ കോൺക്രീറ്റെന്ന വിചാരം മറ്റൊരാൾക്കൊപ്പം നിലനില്‌ക്കാനുളള തത്രപ്പാടിന്റെ ഭാഗമാണ്‌. ചെറിയ വീടുകളാണ്‌ അപകട രഹിതവും ഉത്തമവുമെന്ന കാര്യം നാമിനിയും ഉൾക്കൊണ്ടിട്ടില്ല. ഭൂമിയ്‌ക്ക്‌ ദോഷമാകാത്ത നിർമ്മാണ പ്രവർത്തനങ്ങളും അസ്‌തമിച്ചു. അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങൾ ഭൂമിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. അത്‌ മനുഷ്യരാശിയെ വിവിധ രൂപത്തിൽ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കുകയും ചെയ്യും.

കടത്തിൻ മേലാണ്‌ അഭ്യാസ പ്രകടനങ്ങൾ ഏറെയും ചുറ്റും സജീവമാകുന്നത്‌. വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വസ്ഥമായ ദിനരാത്രങ്ങളാണ്‌ ജീവിതത്തിലുണ്ടാകേണ്ടത്‌. അതിന്‌ ലളിതമായ ജീവിതമാർഗ്ഗങ്ങൾ സ്വീകരിക്കുവാനുളള വിശാലമനസ്സ്‌ ഉണ്ടാകണമെന്ന്‌ മാത്രം. ബാങ്ക്‌ വായ്‌പകളുടെ മേൽ സ്വപ്‌നങ്ങൾ പൂവണിയിക്കുവാനുളള ഇടത്തരക്കാരന്റെ ശ്രമം ഉപേക്ഷിക്കേണ്ടതുണ്ട്‌. വ്യക്തികളെക്കൊണ്ട്‌ ബാങ്കുകളല്ല, ബാങ്കുകൾകൊണ്ട്‌ വ്യക്തികൾക്ക്‌ ജീവിക്കാൻ കഴിയണം. അതിന്‌ സാമ്പത്തിക ഭദ്രത ലക്ഷ്യംവച്ച ജീവിതമാണ്‌ രൂപപ്പെടുത്തേണ്ടത്‌. അത്‌ സമൂഹത്തിനും മനുഷ്യനും വേണ്ടി ജീവിക്കാൻ പ്രാപ്‌തമാക്കുന്ന സാഹചര്യം വ്യക്തികളിൽ സൃഷ്‌ടിക്കും. മുൻവിധികൾ സ്വയം ആർജ്ജിക്കുവാൻ കഴിയാത്തിടത്തോളം ബാങ്കുകൾക്കുവേണ്ടി കയറിന്റെ ബലവും, ഫ്യൂരിഡാന്റെ വീര്യവും പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. ചുരുക്കത്തിൽ ഏതു വിധത്തിലുളള പരാശ്രയവും വ്യക്തിയുടെ മരണമണിയാണ്‌ മുഴക്കുന്നത്‌.

പത്രാധിപർ

Generated from archived content: edit_jan2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English