ശരീരത്തെ സ്‌നേഹിക്കരുത്‌. ജാഗ്രത!

ശരീരത്തോടുളള ഓരോ വ്യക്തിയുടെയും സ്‌നേഹം വ്യത്യസ്തമാണ്‌. വൈവിദ്ധ്യമാർന്ന സമീപനങ്ങളിലൂടെ ശരീരത്തെ അഗാധമായി ഭൂരിപക്ഷംപേരും സ്‌നേഹിക്കുന്നുണ്ട്‌. അത്‌ വസ്‌ത്രം കൊണ്ടാകാം, അലങ്കാരം കൊണ്ടാകാം, ഔഷധം കൊണ്ടാകാം. ശരീരം അങ്ങനെ പ്രദർശനപരതയുടെയും വിപണിയുടെയും മാർഗ്ഗമാകുന്നു. ഇതിൽ ഔഷധ പ്രയോഗമാണ്‌ രൂക്ഷമായ പ്രതിസന്ധികൾ സൃഷ്‌ടിക്കുന്നത്‌. ജീവിതത്തോടുളള അമിത ആഭിമുഖ്യം മൂലമാണ്‌ ഉടലിനെ ഇത്രമാത്രം ഒരാൾ സ്‌നേഹിച്ചു പോകുന്നത്‌. ശരീരത്തെ ഒരുമാത്ര പോലും വിസ്‌മരിക്കാൻ കഴിയാത്തതുകൊണ്ട്‌ ആതുരാലയങ്ങൾ പെരുകുകയും അവ മനുഷ്യന്റെ ജന്മഗൃഹങ്ങൾക്ക്‌ സമാന്തരമായി തീരുകയും ചെയ്യുന്നു.

ജനിച്ചാൽ ഒരിക്കൽ മരിക്കേണ്ടി വരുമെന്നത്‌ ജൈവപ്രക്രിയയുടെ ഭാഗമാണ്‌. അപ്പോൾ നശ്വരമായ ഉടലിനെക്കുറിച്ചോർത്ത്‌ നാമിത്ര ഉളളുരുക്കുന്നതെന്തിനാണ്‌? അൻപതോ അറുപതോ വർഷത്തെ ഭൂനിവാസം ഇനി ലഭ്യമായാൽ അതൊരു അത്ഭുതമായിരിക്കും. പലപ്പോഴും ഭിക്ഷഗ്വരന്മാർക്ക്‌ ഉടൽ വിട്ടുകൊടുത്തുകൊണ്ടാണ്‌ ഒരാൾ തന്റെ ശരീരത്തെ പ്രവർത്തനരഹിതമാക്കുന്നത്‌. രോഗവൈറസുകളെ ചെറുത്തു തോല്‌പിക്കാൻ ശരീരത്തിലും പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണ്‌. പനി ബാധിച്ചാൽ പോലും ശരീരം അതിന്റെ പ്രതിപ്രവർത്തനങ്ങൾക്ക്‌ തയ്യാറാകും മുൻപ്‌ രോഗി ആശുപത്രിയിലേക്ക്‌ കുതിക്കുകയും, വിഷ മരുന്നുകളിലൂടെ തൽക്ഷണം രോഗശാന്തി നേടുകയും, ശരീരത്തിന്റെ ശാശ്വതമായ പ്രതിരോധ സംവിധാനത്തെ അങ്ങനെ തകർത്തുകളയുകയും ചെയ്യുന്നു. ആന്റിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗത്താൽ ഉടലിന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും നഷ്‌ടപ്പെടുന്ന ഒരാൾ വളരെ വേഗം രോഗിയാവുകയും ഭിഷഗ്വരന്മാരുടെയും, ആതുരാലയങ്ങളുടെയും കുടികിടപ്പുകാരനാവുകയും ചെയ്യുന്നു. പരമ്പരാഗത നാട്ടുവൈദ്യങ്ങളുടെ, ഒറ്റമൂലികളുടെ പ്രയോഗം രോഗശാന്തിയും, പ്രതിരോധശേഷിയും നിലനിർത്തുന്നതാണ്‌. ഇങ്ങനെ ചിന്തിക്കുമ്പോഴും കഠിനരോഗത്തിന്‌ ആ വഴിക്കുളള ചികിത്സയും സ്വീകരിക്കേണ്ടതുതന്നെ.

ശരീരത്തിന്റെ ചെറിയ അശാന്തികളിൽപോലും ആധി പിടിച്ച്‌ കുടുംബ ഡോക്‌ടറുടെ അടുത്തേക്ക്‌ പായുന്നവരുടെ എണ്ണം ഏറിവരുന്നു. നേടാവുന്നതൊക്കെ നേടിയിട്ടും ഒടുങ്ങാത്ത കാമനകളാണ്‌ ഒരാളെ ഈ വിധം ഓടിക്കുന്നത്‌. രോഗം ശരീരത്തിന്റേതല്ല, മനസ്സിന്റേതായും വരുന്നുണ്ട്‌. ശരീരത്തെ ഒരളവുവരെ വിസ്‌മരിക്കലും, മനസ്സ്‌ ശരീരത്തെ ഭ്രമണം ചെയ്യുവാൻ അനുവദിക്കാത്തവിധം ചലനാത്മകമായ വൃത്തികളിൽ ഏർപ്പെടുകയും ചെയ്യാൻ കഴിഞ്ഞാൽ രോഗാവസ്ഥയിൽ നിന്ന്‌ മോചനവും ആയുർദൈർഘ്യവുമുണ്ടായേക്കാം. ഇവിടെ ആത്മവിശ്വാസവും അതിജീവനത്തിന്റെ ദിവ്യ ഔഷധമാണ്‌. ദീർഘായുസ്സുളളവനെന്ന പ്രവചനങ്ങൾ രൂഢമൂലമായ വിശ്വാസമായി സൂക്ഷിക്കുന്നവനും ശരീരത്തിന്റെ കന്നം തിരിവുകളെ ഗൗനിക്കുക അപൂർവ്വമാണ്‌. ഇത്തരം വിശ്വാസങ്ങൾ ദുർബ്ബലത നീക്കം ചെയ്യുന്നു എന്നതാണ്‌ പ്രധാനം. മറ്റൊരു രസകരമായ കാര്യം കാര്യമായ ഏതെങ്കിലും രോഗം ഉണ്ടായിരിക്കുക ഉത്തമമാണെന്നതാണ്‌. ചെറിയ മത്സ്യങ്ങൾ വലിയ മത്സ്യങ്ങൾക്ക്‌ ആഹാരമെന്നപോലെ കാര്യമായ രോഗത്തിന്റെ സജീവതയിൽ മറ്റ്‌ രോഗങ്ങളുടെ ആക്രമണം ഇല്ലാതായേക്കാം, കുറഞ്ഞേക്കാം. രോഗമുളളതും ഇല്ലാത്തതുമായ അവസ്ഥ, വേർതിരിച്ചറിയാൻ കഴിയാത്ത മാനസികാവസ്ഥയിൽ എത്തിച്ചേരാൻ കഴിയാഞ്ഞാലും ശരീരത്തെ വിസ്‌മരിക്കാൻ സാധിച്ചേക്കും. പ്രകൃതി പ്രതിഭാസങ്ങളായ മഴയും മഞ്ഞും വെയിലും ശരീരത്ത്‌ പ്രതിരോധങ്ങൾ തീർക്കുന്നുണ്ട്‌. ഉടലിന്‌ നൽകുന്ന അമിത ശ്രദ്ധയും പരിചരണവും ഏത്‌ അവസ്ഥയുമായും പൊരുത്തപ്പെടേണ്ട അതിന്റെ സ്വാഭാവികതകളെ നഷ്‌ടമാക്കുന്നു. സ്‌തൂലശരീരത്തോടുളള വാത്സല്യം ഗുരുതരമായ ശാരീരിക മാനസിക പ്രശ്‌നങ്ങൾക്ക്‌ വഴി തെളിച്ചേക്കും.

“ദേഹ സ്‌നേഹമെന്നുണ്ടായ്‌

ദേശ സ്‌നേഹമന്നുപോയ്‌”

ഇത്‌ ശരീര സ്‌നേഹത്തിന്റെ മറ്റൊരു സാമൂഹിക ദുരന്തമാണ്‌.

പത്രാധിപർ

Generated from archived content: edit_feb10_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here