സ്‌ത്രീകൾ അടുക്കളയിലേയ്‌ക്ക തിരിച്ചുപോകണം

അടുക്കളയുടെ ഇരുണ്ട ഗഹ്വരങ്ങളിൽനിന്നും സ്‌ത്രീസമൂഹത്തെ അരങ്ങിലേയ്‌ക്ക്‌ നയിച്ച വി.ടി. ഭട്ടതിരിപ്പാട്‌, എം.ആർ.ബി, പ്രേംജി തുടങ്ങിയ പരിഷ്‌കരണവാദികളെ ആദരപൂർവ്വം അനുസ്‌മരിച്ചുകൊണ്ട്‌, പുതിയ കാലഘട്ടത്തിൽ സ്‌ത്രീകൾ അരങ്ങിൽനിന്നും അടുക്കളയിലേയ്‌ക്ക്‌ അതിവേഗം തിരിച്ചുപോകണമെന്ന്‌ ചിന്തിക്കുമ്പോൾ ഈ കുറിപ്പുകാരൻ എത്ര പ്രാകൃതനും, പുരോഗമന വിരുദ്ധനെന്നും വിചാരിച്ചുപോകുന്നതിൽ അത്ഭുതമില്ല. നാം ജീവിക്കുന്ന സാമൂഹിക-രാഷ്‌ട്രീയ പരിസരങ്ങളെ സൂക്ഷ്‌മമായി നോക്കിക്കാണാൻ ശ്രമിക്കുമ്പോൾ മേൽ കുറിച്ച വിരുദ്ധമെന്ന്‌ തോന്നാവുന്ന വിചാരത്തെ അനുകൂലിക്കാതിരിക്കാനാവില്ല. പുരോഗമനം എന്നത്‌ കുടുംബസമേതമിരുന്ന്‌ നീലപ്പടം കാണാവുന്ന മാനസിക അവസ്ഥയിലേക്ക്‌ വളരുക എന്ന അപകടകരമായ മുന്നേറ്റമാണെന്ന്‌ വിചാരിക്കുന്നില്ല. അതുകൊണ്ട്‌ ചില തുറന്നെഴുത്തുകൾ ആവശ്യമായി വരുന്നു.

സ്‌ത്രീകളെ പൊതുധാരയിലേക്ക്‌ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ നിഗൂഢത ഭാവിയിൽ സ്‌ത്രീകളെ എങ്ങനെ ഉപയോഗിക്കാം എന്ന വിവിധോദ്ദേശ്യ പദ്ധതികളുടെ ഭാഗമാണ്‌. പരമ്പരാഗത തൊഴിൽ മേഖലകൾ ആസൂത്രിതമായി തകർത്തുകൊണ്ടാണ്‌ ഈ ഗൂഢ സംഘം ലക്ഷ്യങ്ങളിലേയ്‌ക്ക്‌ കണ്ണുവയ്‌ക്കുന്നത്‌. സ്‌ത്രീശക്തി, സ്വയം പര്യാപ്‌തസംഘങ്ങളെയൊക്കെ ഭയപ്പാടോടെയാകണം സമീപിക്കേണ്ടത്‌. സ്‌ത്രീസമൂഹത്തെ ഉയർത്തിക്കൊണ്ടുവരാനെന്ന വ്യാജേന ചെറുകിട തൊഴിൽ സംരംഭങ്ങൾക്ക്‌ ആകർഷകമായി വായ്‌പ അനുവദിക്കുകയാണ്‌ ആദ്യപടി. സ്‌ത്രീസംഘങ്ങൾ ഉണ്ടാക്കുന്ന അതേ ഉല്പന്നങ്ങൾ വളരെ വിലക്കുറവിൽ മാർക്കറ്റിൽ സുലഭമായി ലഭിക്കുമ്പോഴും, വിപണിയുടെ വഴികൾ ചുറ്റുവട്ടങ്ങളായി ചുരുങ്ങുമ്പോഴും സംരംഭം പൊളിച്ചുപോകുന്നു. സംഘാംഗങ്ങൾ കടക്കെണിയിലേയ്‌ക്ക്‌ മുഖമടിച്ച്‌ വീഴുകയും ചെയ്യുന്നു. ഇങ്ങനെ നിസ്സഹായരായി തീരുന്നവരുടെ ഇടയിലേയ്‌ക്ക്‌ പിന്നീട്‌ വരുന്നത്‌ എയ്‌ഡ്‌സ്‌ ബോധവൽക്കരണ ക്ലാസുകളായിരിക്കും. വായ്‌പ അടയ്‌ക്കുവാൻ നിർവ്വാഹമില്ലാത്തവരുടെ മധ്യത്തിലേയ്‌ക്ക്‌ എന്തുകൊണ്ടാണ്‌ എയ്‌ഡ്‌സ്‌ ബോധവൽക്കരണ ക്യാമ്പുകൾ കടന്നുവരുന്നത്‌? അതിന്റെ ദുഷ്‌ടബുദ്ധി സ്‌ത്രീകളെ സെക്‌സ്‌മാർക്കറ്റിന്റെ ഭാഗമാക്കിതീർക്കുക എന്നതാണ്‌. രാഷ്‌ട്രീയ, സാമൂഹിക, മാധ്യമ തൊഴിൽ മേഖലകളിലൊക്കെ ഇത്തരത്തിലുളള തന്ത്രങ്ങൾ രൂപപ്പെടുന്നുണ്ട്‌. പുരുഷ കേന്ദ്രീകൃതമായിരുന്ന പല മേഖലകളിലേക്കും സ്‌ത്രീകൾ കടന്നുവരുന്നു എന്നല്ലാതെ ആ കടന്നുവരവുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒരു മാറ്റവും അവർക്ക്‌ സൃഷ്‌ടിക്കാനാവില്ല. സ്‌ത്രീകളെ മുന്നിൽ നിർത്തിയാകും പുതിയ തന്ത്രങ്ങൾ ഇനി രൂപപ്പെടുന്നത്‌.

മുൻകാലങ്ങളെക്കാൾ കുറ്റവാസനകൾ അനിയന്ത്രിതമാകുന്ന സാമൂഹിക സാഹചര്യമാണ്‌ നിലവിലുളളത്‌. കുറ്റവാളികൾ രാഷ്‌ട്രീയമായി സുരക്ഷിതരാക്കുന്ന പശ്ചാത്തലത്തിൽ മുഖ്യധാരയിലേക്ക്‌ വരുന്ന സ്‌ത്രീ സമൂഹം ചൂഷണത്തിനും ലൈംഗിക പീഢനത്തിനും, ക്രൂരമായ കൊലപാതകത്തിനും ഇരയായിക്കൊണ്ടിരിക്കും. സ്‌ത്രീകൾ ഉൾപ്പെട്ട്‌ പ്രവർത്തിച്ച കമ്മീഷനുകൾക്കൊക്കെ സൂര്യനെല്ലി, വിതുര, കിളിരൂർ തുടങ്ങിയ സംഭവങ്ങളിലൊക്കെ എന്താണ്‌ നിർവഹിക്കാൻ സാധിച്ചത്‌? സ്‌ത്രീവിഷയങ്ങളിലെ ഫയലുകൾ സ്‌ത്രീകൾ തന്നെ മുക്കാനും നീക്കാനും പരിശ്രമിച്ചതും നാം കണ്ടു. അപൂർവ്വം സംഘടനകൾ നീതിബോധത്തോടെ പ്രവർത്തിക്കുന്നു എന്നത്‌ വിസ്‌മരിക്കുന്നില്ല). സ്‌ത്രീ സമൂഹമേ, നിങ്ങൾക്ക്‌ നഷ്‌ടപ്പെടാൻ ഏറെയുണ്ട്‌. നിങ്ങളുടെ രക്ഷകന്മാരായി പ്രത്യക്ഷപ്പെടുന്ന സൂത്രധാരന്മാർക്ക്‌ നഷ്‌ടപ്പെടാൻ ഒന്നുംതന്നെയില്ല. സുരക്ഷിതം എന്ന്‌ വിശ്വസിക്കപ്പെടുന്ന വീടുകളിൽപോലും അരയിൽ കറിക്കത്തിയുമായി കരുതി നില്‌ക്കേണ്ട ജീവിതാന്തരീക്ഷമാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌. ഭരണകൂടങ്ങളും ക്രിമിനൽ വല്‌കരണത്തിന്റെ ഭാഗമായി തീരുമ്പോൾ അരങ്ങാണോ അടുക്കളയാണോ സ്‌ത്രീകൾക്ക്‌ കൂടുതൽ അഭികാമ്യമെന്ന്‌ സാവകാശം ആലോചിക്കാം.

– പത്രാധിപർ

Generated from archived content: edit_dec17_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English