വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം സീറ്റുകൾ തൂത്തുവാരും. പ്രമുഖർ വീഴും!

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷസഖ്യം ചരിത്രവിജയം കുറിക്കുമെന്ന്‌ ഉറപ്പായി കഴിഞ്ഞു. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊൺഗ്രസിന്‌ കേരള ജനത നൽകിയ അതേ തിരിച്ചടിയുടെ കടുത്ത ആവർത്തനമായിരിക്കും അത്‌. പെണ്ണ്‌ പിടിയൻമാരെ ന്യായീകരിക്കുകയും, ന്യൂനപക്ഷ പ്രീണനത്തിന്‌ കെട്ടവനെ തൊട്ട്‌ നാറുന്ന ശിഖണ്‌ഡികളുടെ മന്ത്രിസഭയും ഓരോ ദിവസം കഴിയുന്തോറും അതിന്റെ അന്ത്യവിധി അടയാളപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിൽ വക്താവായി ശോഭിക്കുന്ന വി.എം.സുധീരനെപ്പോലെയുളള ഏതാനും നേതാക്കൻമാരൊഴികെ കാടിമുക്കിയ ഖദറിനുളളിലെ രാഷ്‌ട്രീയ കാപട്യങ്ങൾ നാട്ടുഭാഷയിൽ പറഞ്ഞാൽ നെടുമ്പാടടിച്ച്‌ വീഴുന്നത്‌ നമുക്ക്‌ കാണേണ്ടിവരും. നിയമവും കോടതിയും പോലീസും എഴുന്നേറ്റു നിൽക്കാൻ കഴിയാത്തവനുവേണ്ടി നീക്കിവയ്‌ക്കപ്പെടുമ്പോൾ, ജനരോഷവും, വിവേചന ശക്തിയും വോട്ടുകളായി രേഖപ്പെടുത്താനെ പാവം ജനത്തിന്‌ കഴിയുകയുളളൂ. കേരള ജനത വരുന്ന തെരഞ്ഞെടുപ്പിൽ അത്‌ ഭംഗിയായി നിർവ്വഹിക്കുകയും ചെയ്യും.

സ്‌ത്രീപീഡന പരമ്പരകളുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ കുറെനാളുകളായി നടക്കുന്ന പ്രതിഷേധങ്ങളെ പുച്ഛത്തോടെ നോക്കിക്കാണുന്ന ഒരു സർക്കാർ കേരളത്തിന്‌ അപമാനകരമാണ്‌. അധികാരത്തിൽ അളളിപ്പിടിച്ചിരുന്ന്‌ തെറ്റുകൾ ആവർത്തിച്ച്‌ ന്യായീകരിച്ച്‌ ശരിയാക്കുന്ന പ്രക്രിയ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉന്നത സ്ഥാനങ്ങളുടെ അന്തസ്സ്‌ നിലനിർത്തുവാനാകണം ആരോപണവിധേയർ സ്ഥാനമൊഴിയേണ്ടത്‌. സ്വയം ഒഴിയാത്തവരെ ഒഴിച്ചുവിടുവാനുളള ആർജ്ജവവും ഭരണകൂടങ്ങൾക്കുണ്ടാകണം. പെണ്ണുപിടിയും മന്ത്രിസ്ഥാനത്തിനുളള യോഗ്യതയായി തലമുറകൾ കണ്ടറിയുന്നത്‌ അപകടമാണ്‌, ഉന്നതന്മാർ പീഡന പരമ്പരകളിലെ കണ്ണികളാകുമ്പോൾ 33% സംവരണം സ്‌ത്രീകൾക്ക്‌ പ്രഖ്യാപിച്ചാലുളള അവസ്ഥയെന്താണ്‌? സ്‌ത്രീസംവരണം കൂടുതൽ പെണ്ണുപിടിയന്മാരെ സൃഷ്‌ടിക്കും. സംവരണത്തിന്റെ തണലില്ലാതെ സ്‌ത്രീകൾ സമൂഹത്തിൽ ഉയർന്നുവരട്ടെ.

ഇപ്പോൾ ഇടതുപക്ഷത്തോടു തോന്നുന്ന ആഭിമുഖ്യം അവരുടെ രാഷ്‌ട്രീയ ആദർശത്തിന്റെ അംഗീകാരമായി പരിഗണിക്കേണ്ടതില്ല. തമ്മിൽ ഭേദമെന്ന നിസ്സഹായതയിലേക്ക്‌ ഒരു വിപ്ലവ പ്രസ്ഥാനം ചുരുങ്ങിപ്പോകുന്ന കാഴ്‌ചയും ദയനീയമാണ്‌. എങ്കിലും ഇടതുപക്ഷത്തിൽ ഇന്നും ഒരു ജനസമൂഹം പ്രതീക്ഷ അർപ്പിക്കുന്നുണ്ട്‌. അത്‌ സഖാവ്‌ വി.എസ്‌.നെപ്പോലെ കുറച്ചുപേർ അവശേഷിക്കുന്നതുകൊണ്ടാണ്‌. പരിസ്ഥിതിക്ക്‌ നാശംവരുത്തുന്ന കരിമണൽ ഖനനം, എക്‌സ്‌പ്രസ്‌ ഹൈവേ തുടങ്ങിയ ഭീകരവികസനങ്ങൾ ഇടതുപക്ഷ ഭരണകാലത്ത്‌ പരിസ്ഥിതിക്ക്‌ ദോഷമാവില്ലെന്ന കണ്ടെത്തലിൽ കേരളം നടുങ്ങാതിരിക്കട്ടെ. സ്ഥിരമായ ഒരു ഇടതുപക്ഷ സർക്കാർ രൂപപ്പെടുത്താനാവുന്ന സന്ദർഭമാണ്‌ വരുന്ന തെരഞ്ഞെടുപ്പ്‌. കിളിരൂരും, വിതുരയും, ഐസ്‌ക്രീം പാർലറും, കരിമണലും, എക്‌സ്‌പ്രസ്‌ ഹൈവേയും വിജയത്തിന്റെ വഴികളാണ്‌ സുഗമമാക്കുന്നത്‌. സാംസ്‌ക്കാരിക കേരളം ‘ആ ദിവസ’ത്തിന്‌ വിരലെണ്ണിത്തുടങ്ങി.

എഡിറ്റർ

Generated from archived content: edit_dec.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English