കേരള സാഹിത്യ അക്കാഡമി ശ്രീ പത്മനാഭസ്വാമി ബാലസാഹിത്യ പുരസ്‌കാരം വേണ്ടെന്നുവച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. 1958ൽ സി.എ കിട്ടുണ്ണിയുടെ ‘മുടന്തനായ നായ’ എന്ന ബാലസാഹിത്യകൃതി മുതൽ, ഒടുവിൽ കേശവൻ വെള്ളിക്കുളങ്ങര വരെ 47 തവണ ഈ പുരസ്‌കാരം സമ്മാനിക്കപ്പെട്ടു. കാരൂർ പി. നരേന്ദ്രനാഥ്, കുഞ്ഞുണ്ണിമാഷ്, ലളിതാംബിക അന്തർജ്ജനം തുടങ്ങിയ പ്രഗൽഭരായ എഴുത്തുകാർക്കും ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഇപ്പോഴാണ് ശ്രീപത്മനാഭസ്വാമി പുരസ്‌കാരത്തിൽ വർഗീയതയും ദൈവത്തേയും കാണുവാനുള്ള കണ്ണുണ്ടായത്. ഇതുവരെ അത് മറ്റെവിടെയോ കേറിയിരുന്നു. മതേതരത്വത്തിന്റെ വരട്ടുവാദം ആരോപിച്ച് അക്കാഡമി അവാർഡ് വേണ്ടെന്നുവച്ച നടപടി തികച്ചും അപഹാസ്യവും അപലപനീയവുമാണ്. ദൈവത്തിന്റെ പേരിൽ ഖജനാവിലെത്തുന്ന കാശുവാങ്ങി ‘ഞണ്ണാൻ’ കൊള്ളാം, അവാർഡ് കൊള്ളില്ലെന്ന് പറയുന്നതിലെ കാപട്യം ആർക്കാണ് തിരിച്ചറിയാനാകാത്തത്? (പുരസ്‌കാരം വേണ്ടെന്നുവച്ച നിമിഷം മുതൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ മതേതരത്വം വന്നു കഴിഞ്ഞു. ഇനി നമുക്കൊന്നും പേടിക്കാനില്ല) 47 – വർഷം കാണാത്ത വർഗീയത ഇപ്പോൾ ആരോപിക്കുന്നതിന് പിന്നിൽ സങ്കുചിത മനോഭാവം മാത്രമാണ്. തിരുവിതാംകൂർ രാജകുടുംബം നാടിന് നൽകിയിട്ടുള്ള സംഭാവനകൾ തിരിച്ചുകൊടുക്കുവാനോ, വേണ്ടെന്ന് വയ്‌ക്കുവാനോ തുടങ്ങിയാൽ കേരളത്തിൽ പിന്നെ എന്താണുള്ളത്? മതേതരത്വമെന്നത് നാം ഹൃദയശൂന്യമായി ഉപയോഗിക്കുന്ന സുന്ദരമായ പദം മാത്രമാണ്. ഇത്തരം പുരസ്‌കാരങ്ങളെ അംഗീകരിക്കുവാനുള്ള വിശാല ഹൃദയത്തിലൂടെയാണ് മതേതരത്വ മനോഭാവം വളർന്നുവരുന്നത്.
വാക്കുകൾ ദൈവത്തിന്റെ വരദാനമെന്നും അത് കുഞ്ഞുങ്ങൾക്ക് വേണ്ടിയാകുമ്പോൾ ഏറ്റവും പവിത്രമെന്നുമുള്ള വിശ്വാസത്തിന്മേലാകണം രാജകുടുംബം ബാലസാഹിത്യത്തിനു തന്നെ പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്. അത് വേണ്ടെന്ന തീരുമാനം രാജകുടുംബത്തെയും, ഇതുവരെ പുരസ്‌കാരം സ്വീകരിച്ചവരെയും അപമാനിക്കുന്നതിന് തുല്യമാണ്. വർഗീയത ആരോപിക്കപ്പെട്ട ഈ പുരസ്‌കാരം സ്വീകരിച്ചിട്ടുള്ളവരിൽ ജീവിച്ചിരിക്കുന്നവർ എത്രയും വേഗം അത് തിരിച്ചുകൊടുക്കണം. തമ്പുരാൻ, തമ്പുരാട്ടി, ദൈവം എന്നൊക്കെ കേൾക്കുമ്പോൾ ഒരുതരം അലർജി തോന്നുന്നത് ഇനിയും നമ്മിൽ അവശേഷിക്കുന്ന ഹൃദയമാലിന്യത്തെ വ്യക്തമാക്കുന്നു. എഴുത്തുകാരും, സാംസ്‌കാരിക പ്രവർത്തകരും മാധ്യമങ്ങളും ഇക്കാര്യത്തിൽ ശക്തിയായി പ്രതിഷേധിക്കേണ്ടതുണ്ട്.
അക്കാഡമി വേണ്ടെന്നു വച്ച ശ്രീ പത്മനാഭസ്വാമി ബാലസാഹിത്യ പുരസ്‌കാരം പുനഃസ്ഥാപിക്കും വരെ ഞങ്ങൾ ഏറ്റെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കൊട്ടാരവുമായി ബന്ധപ്പെട്ട് വൈകാതെ അതിനുള്ള കമ്മിറ്റി രൂപീകരിക്കും. ഈ വിഷയം ചർച്ചചെയ്ത് ശരിയായ പത്രപ്രവർത്തന മാതൃക അവലംബിച്ച കേരളകൗമുദിക്കും കലാകൗമുദിക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളട്ടെ.
Generated from archived content: edit_aug24_07.html
Click this button or press Ctrl+G to toggle between Malayalam and English