സാഹിത്യരംഗത്തും പലതരം പാപങ്ങളുടെ ആധിപത്യമുണ്ട്. ആശംസാപാപം, അവതാരികാപാപം, പഠനപാപം അത് അങ്ങനെ നീണ്ടുപോകുന്നു. എഴുതുന്നതിനും, എഴുതിയത് പുസ്‌തകമാക്കുന്നതിനും മുൻപ് ഒരാൾ നൂറ് തവണയെങ്കിലും ഇത് ആവശ്യമോ എന്ന് സ്വയം ചോദിച്ചിരുന്നുവെങ്കിൽ മലയാളത്തിൽ ഇത്രയധികം എഴുത്തുകാരും പുസ്‌തകങ്ങളും ഉണ്ടാകുമായിരുന്നില്ല. (പുസ്‌തകം പ്രസിദ്ധീകരിക്കേണ്ടത് ആര്? അടുത്തലക്കം അതിനെപ്പറ്റി ചിന്തിക്കാം) കന്നിക്കൃതിക്കും, ചാപിളളയ്‌ക്കും അവതാരിക ഉണ്ടാവുക എന്നത് ഗ്രന്ഥകർത്താവിന്റെ അടങ്ങാത്ത മോഹമാണ്. പ്രസ്‌തുത മോഹസാഫല്യത്തിന് ടിയാൻ കൃതിയും ചുമന്ന് വിഗ്രഹങ്ങളെ തേടിനടക്കും. ചിലർ വാങ്ങി തട്ടിന്മേൽ വച്ചിരിക്കും. ചിലർ കാലപരിധി നിശ്ചയിക്കും. മറ്റ് ചിലർ ഒരു കാലവിളംബവുമില്ലാതെ സംഗതി സാധിച്ചു കൊടുക്കും. പലപ്പോഴും അവതാരിക എഴുതാനുളള നറുക്ക് വീഴുന്നത് പത്രാധിപ സാഹിത്യകാരൻമാർക്കായിരിക്കും. കാരണം ഈ പിൻബലത്തിലും പരിചയത്തിലും തന്റെ ഒരു രചനയെങ്കിലും അദ്ദേഹത്തിന്റെ വാറോലയിൽ പ്രത്യക്ഷപ്പെടുമല്ലോ എന്ന മനോഭാവത്തിന്റെ തന്ത്രപരമായ സമീപനമാണത്. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കൊക്കെ അവതാരികകാരനാകുവാനുളള സാദ്ധ്യത ഏറെയാണ്. ഇവരെ കീഴടക്കാൻ എഴുത്തുകാർക്ക് ലഭിക്കുന്ന നല്ലൊരു ആയുധമാണ് അവതാരിക. മറ്റൊരർത്ഥത്തിൽ എഴുത്തുകാരുടെ ഗതികേടുമാണിത്.
അവതാരിക എഴുതുവാൻ ലഭിക്കുന്ന മിക്ക കൃതികളും വിമർശകർ സ്വീകരിക്കാറുണ്ട്. വായനാസ്പർശമില്ലാത്ത നിരൂപണ ഗ്രന്ഥങ്ങളുടെ പരിതാപകരമായ അവസ്ഥയിൽ അവതാരിക മറവിൽ സ്വന്തം പേര് കടത്തിവിടാൻ കഴിയുന്നത് ചെറിയ കാര്യമല്ല. ലോകസാഹിത്യവും, പ്രാദേശികസാഹിത്യവുമൊക്കെ അഞ്ചേമുക്കാൽ പേജ്‌വരെ ഇറക്കിവച്ച് അവസാന ‘പാര’യിൽ ഗ്രന്ഥത്തെയും ഗ്രന്ഥകാരനെയും വാഴ്‌ത്തി(വീഴ്‌ത്തി) അവസാനിക്കുന്ന അവതാരികകൾ സൂക്ഷ്‌മവായനയിൽ സുലഭമായി കാണാം. എന്തിനാണീ അവതാരിക എന്ന ഹൃദയശൂന്യത? മുൻപേ പോയവർ ചില ഗ്രന്ഥങ്ങൾക്ക് എഴുതിയ അവതാരികകൾ നമുക്ക് മുന്നിലുണ്ട്. അവർ അവതാരിക എഴുതുക എന്ന കർമ്മം മാത്രം അനുഷ്‌ഠിച്ചവരായിരുന്നില്ല. അർഹതപ്പെട്ടവരെ കൈപിടിച്ചുയർത്താനും ശ്രമിച്ചിരുന്നു. ബഷീറും, ചങ്ങമ്പുഴയും, ആശാനുമൊക്കെ അതിന്റെ സൗഭാഗ്യം അറിഞ്ഞവരാണ്. ഇന്ന് ഒരാളുടെ പേര് ഉറക്കെപ്പറയുന്നതിനു പിന്നിൽ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. ഇതൊന്നും സർഗ്ഗധനനായ ഒരു എഴുത്തുകാരനെ ബാധിക്കുന്ന പ്രശ്‌നമല്ല, ഒരാണ്ടിൽ അഞ്ചും പത്തും ഗ്രന്ഥങ്ങൾക്ക് അവതാരിക എഴുതുന്ന നിരൂപകൻ ആണ്ടറുതിയിൽ പത്രദ്വാരാ (ആനുകാലികദ്വാര) അക്കൊല്ലത്തെ മികച്ച ഗ്രന്ഥങ്ങൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കാറുണ്ട്. കഷ്‌ടം എന്നല്ലാതെ എന്തുപറയാൻ? താൻ പലപ്പോഴായി മികച്ചതെന്ന് എഴുതിവിട്ടതിൽ ഒരു കൃതിപോലും ഈ ലിസ്‌റ്റിൽ ഉണ്ടാവുകയില്ല. ഒരിടത്തും ഒരാളുടെ പേരുപോലും ഉച്ചരിക്കാറുമില്ല. അപ്പോഴാണ് അവതാരികയും, പഠനവുമൊക്കെ അർത്ഥമില്ലാത്തതും വെറും ജാക്കിവയ്‌ക്കലുമെന്ന് ബോധ്യപ്പെടുന്നത്.
എഴുത്തുകാരാ, കടലാസിനും, അച്ചടിക്കും, മറ്റും ചെലവേറുന്ന ഇക്കാലത്ത് എന്തിനാണ് ഈ സാഹിത്യപാപം സ്വന്തം കൃതിയിൽ അച്ചടിച്ചു വയ്‌ക്കുന്നത്. നിങ്ങളെപ്പറ്റി ആരും നിങ്ങളുടെതല്ലാത്ത കടലാസിൽ എഴുതിക്കൊളളട്ടെ. നല്ലകാര്യം (അപ്പോഴാണ് ഒരാൾ മറ്റൊരാളുടെ വഴിവിളക്കായി, ആദരവിനും, സ്‌നേഹത്തിനും കാരണഭൂതനാകുന്നത്) -ന്റെ അവതാരിക ഉളളതുകൊണ്ട് ഒരു പുസ്‌തകവും ആരും ചോദിച്ചുവാങ്ങിയ ചരിത്രമില്ല. ആത്മവിശ്വാസക്കുറവു തന്നെയാണ് ഒരാളുടെ മനസ്സിനെ അവതാരികയിലേക്ക് വലിച്ചിഴയ്‌ക്കുന്നത്. സ്വന്തം വാക്കുകളിൽ ആദ്യം വിശ്വാസമുളളവനാകുക. ഉത്‌കണ്‌ഠയും, വേദനയും എഴുതാനുളളതിനെ കുറിച്ചാകട്ടെ. അവതാരകരില്ലാതെ സ്വയം അവതരിച്ച് പ്രകാശം പരത്തുന്നതിന്റെ മഹത്ത്വം കുറിക്കാൻ വാക്കുകൾ പോലും പരിമിതമായി അവശേഷിക്കും.
എഡിറ്റർ
Generated from archived content: edit_aug.html