പ്രണയത്തെയും പ്രണയവിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുക

ഇങ്ങനെ ഒരു വിചാരമുണ്ടാകുവാൻ കാരണം പ്രണയം ഇന്നൊരു മഹാസംഭവമല്ല എന്നതാണ്‌. ഒരു പെൺകുട്ടി ആൺകുട്ടിയേയോ മറിച്ചോ പ്രണയിക്കുന്നുവെന്ന്‌ വെളിപ്പെട്ടാൽ വീടും നാടും കലുഷിതമായിരുന്നകാലത്തിൽനിന്ന്‌, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്‌ ആരോടെങ്കിലും പ്രണയമെന്നറിഞ്ഞാൽ മൗനാനുവാദം കൊടുക്കുന്ന അവസ്ഥയിലേയ്‌ക്ക്‌ കാര്യങ്ങൾ ഇന്ന്‌ പുരോഗമിച്ചിട്ടുണ്ട്‌. ഇടത്തരം കുടുംബങ്ങളിൽ പാലിക്കപ്പെടുന്ന ഈ മൗനാനുവാദം ജീവിതസങ്കീർണ്ണതയുടെ ഭാഗമായും പരിഗണിക്കാം. സമ്പന്നതയിൽ എതിർപ്പുകൾ സ്വാഭാവികം.

ഇന്നത്തെ യുവതീയുവാക്കൾ പ്രണയവഴികളിലൂടെ നടന്നിട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുളളു. നമ്മുടെ സ്വീകരണമുറിയിൽ അലങ്കരിക്കുന്ന ടെലിവിഷൻ സെറ്റുകളിലെ വിവിധചാനലുകളിലൂടെ മോഹിപ്പിക്കുന്ന സുന്ദരികൾ പ്രത്യക്ഷപ്പെട്ട്‌ നിമിഷം തോറും വിളിച്ചുചോദിക്കുന്നു “നീ ആരെയും പ്രേമിക്കുന്നില്ലേടാ.” നമ്മൾ ഇതുപോലെ പലതും ലജ്ജയില്ലാതെ കണ്ടും കേട്ടുമിരിക്കുന്നു. പ്രേമം ഭൂതകാലത്ത്‌ രഹസ്യമായി ഉപയോഗിച്ച്‌ ഉരുവിട്ട പല വാക്കുകളും അലങ്കാരങ്ങളായി നമ്മുടെ മുറികളും മുറ്റങ്ങളും എന്നേ സജീവമാക്കിത്തുടങ്ങി. പ്രേമം, പ്രായമാകൽ, ഗർഭം, അലസിപ്പിക്കൽ തുടങ്ങി മറവിൽ നിന്ന വാക്കുകളുടെ മുറതകർത്തുളള കടന്നുകയറ്റം അമ്പരപ്പിക്കുന്നതാണ്‌. അതുകൊണ്ടാകണം, കാണാമറയത്ത്‌ സ്ഥാനം പിടിച്ചിരുന്ന അടിവസ്‌ത്രങ്ങൾക്ക്‌ വീടുകളുടെ സിറ്റൗട്ടിലേയ്‌ക്ക്‌ പ്രവേശനാനുമതി ലഭിച്ചത്‌. ഇത്‌ ചെറുതല്ലാത്ത മാനസിക വ്യതിയാനത്തിന്റെ ഭാഗമാണ്‌. ഇത്രത്തോളം മാറിയ പരിതഃസ്ഥിതിയിൽ പ്രണയം എന്തിനൊരു പ്രശ്‌നമാക്കണം? പ്രണയത്തിന്‌ തടസ്സം നിൽക്കുന്നവരെയും പ്രണയത്തെ എതിർക്കുന്നവരെയും ഒറ്റപ്പെടുത്തേണ്ടതുണ്ട്‌. അവർ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഏറ്റവും നല്ല മന്ദബുദ്ധികളാണ്‌. ഈ മന്ദബുദ്ധികളുടെ എതിർപ്പുമൂലം എത്ര കമിതാക്കളാണ്‌ വിലപ്പെട്ട ജീവനൊടുക്കുന്നത്‌.

പ്രണയത്തെ പ്രായത്തിന്റെ തിരത്തളളലിനപ്പുറം പുതിയ കാഴ്‌ചപ്പാടോടുകൂടി സമീപിച്ചു കൊണ്ട്‌ പ്രണയത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌ വേണ്ടത്‌. പഠനകാലത്തുതന്നെ തനിക്ക്‌ അനുയോജ്യനായ ഇണയെ കണ്ടെത്തുന്ന പെൺകുട്ടി, മാതാപിതാക്കൾക്ക്‌ താൻ ഭാരമാകുന്ന അവസ്ഥയെ ലഘൂകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു പൊളിച്ചെഴുത്തിന്‌ ഇത്തരമൊരു സ്‌ത്രീമുന്നേറ്റം അനിവാര്യമാണ്‌. ഇവിടെ പെൺകുട്ടിയുടെ തെരഞ്ഞെടുപ്പ്‌ ഏറ്റവും നല്ലതും ശ്രദ്ധയോടുകൂടിയതുമാകണമെന്ന്‌ മാത്രം. ഒരാൾക്ക്‌ സ്വന്തം കാലിൽ നിൽക്കാനുളള ശേഷിയുണ്ടെങ്കിൽ പ്രണയവിവാഹമാകാം. മാനസികമായ ഇഷ്‌ടവും മുൻധാരണയും ജീവിതപ്രേരണയും ആഹ്ലാദവും പകരാൻ പര്യാപ്‌തമാണ്‌. പരപ്രേരണയാലും മാനസിക സമ്മർദ്ദങ്ങളാലും രൂപീകൃതമാകുന്ന കുടുംബബന്ധങ്ങൾ നിമിഷംതോറും അസംതൃപ്‌തികളാൽ ജീവിതത്തെ നിരാശാഭരിതവും അശാന്തവും എന്തിന്‌ ശിഥിലവുമാക്കിതീർക്കും. ഇങ്ങനെ ഒരു മനുഷ്യജീവിതം എന്തിനാണ്‌. ഇവിടെ പ്രണയവിവാഹതകർച്ച ചോദ്യമായി ഉയർന്നുവരാം. മേൽപ്പറഞ്ഞ സ്വന്തം കാലിന്റെ അപര്യാപ്‌തത കൊണ്ടാണത്‌ സംഭവിക്കുന്നത്‌. പ്രണയവിവാഹതകർച്ചകളെ ഉയർത്തിപ്പിടിക്കുമ്പോൾ പൊരുത്തം നോക്കി നടത്തപ്പെടുന്ന ആളകമ്പടി വിവാഹങ്ങൾ ആഴ്‌ചകൾക്കുളളിൽ തകർന്നുപോകുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കരുത്‌. മാനസികമോ ശാരീരികമോ ആയ ചില കീഴ്‌പ്പെടലുകളാണ്‌ സ്‌ത്രീപുരുഷ മനസ്സുകളെ യോജിച്ചുനിർത്തുന്നത്‌. യോജിച്ചുപോകലും പിരിഞ്ഞുപോകലും ഭാഗ്യനിർഭാഗ്യങ്ങളായി കരുതിയാൽ മതി. പ്രണയവിവാഹങ്ങളിലൂടെ വ്യവസ്ഥാപിത വിവാഹ സമ്പ്രദായങ്ങളെ നിരാകരിക്കാനാകും എന്നതാണ്‌ ഏറ്റവും വലിയ നേട്ടം. കൂടാതെ ജാതിയും മതവും എന്ന ദുർഭൂതങ്ങളെ ആട്ടിപ്പായിക്കാനും പ്രണയം വഴിയൊരുക്കുന്നു. അതിനാൽ പ്രണയത്തെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും മുൻകൈയെടുക്കണം.

എഡിറ്റർ

Generated from archived content: edit_apr.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here