ദൈവത്തിന്റെ സ്വന്തം നാടെന്ന് ആലങ്കാരികമായി വിശേഷിപ്പിക്കുന്ന കേരളത്തെ രക്തസാക്ഷികളുടെ നാടെന്നും വിശേഷിപ്പിക്കുന്നതിൽ അപാകതയുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ നിർവ്വഹിക്കപ്പെടുന്ന രക്തസാക്ഷിത്വത്തിന്, സ്വയം സമർപ്പിതമാകുന്ന സമയം ത്യജിക്കാൻ സന്നദ്ധമാകുന്ന ആത്മബലിയുടെ മഹത്വമില്ലെന്നേയുള്ളൂ. ആ നിലയ്‌ക്ക് ഇരയാകുന്നവർ രക്തസാക്ഷികളാകുന്നില്ല. മറിച്ച് അവരെ മാപ്പുസാക്ഷികളെന്നോ മറ്റോ നിർവ്വചിക്കുന്നതാണ് ഉചിതം. ഒന്നു വച്ചാൽ രണ്ട് എന്ന് പറയുംപോലെ കേവലം പകപോക്കലുകളാണ് ഏറെയും, അങ്ങനെ വിധവകളുടെയും, അച്ഛൻ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങളുടെയും കണ്ണുനീരിൽ നിന്നുള്ള വിളവെടുപ്പ് ഉത്സവമാണ് പ്രസ്ഥാനങ്ങൾ ഏറ്റെടുക്കുന്നത്. നാട്ടുഷാപ്പുകളിലെ വാക്കേറ്റങ്ങൾ, ഗുലാംപെരിശ്ശിലെ തർക്കങ്ങൾ, മാത്രമല്ല പശുവേലിചാടിയതിന്റെ പേരിൽ വരെ കത്തിയും വാളും പ്രശ്‌നപരിഹാരത്തിന് പ്രത്യക്ഷപ്പെടുകയും അവരൊക്കെ ധീരരക്ത സാക്ഷികളും സിന്ദാബാദുമായി രൂപപ്പെടുകയും അത്തരത്തിൽ യഥാർത്ഥ രക്തസാക്ഷിത്വവും അതിന്റെ മഹത്വയും മങ്ങലേല്‌ക്കുകയും ചെയ്യുന്നതാണ് കാണ്ട്വരുന്നത്.
നാം കണ്ടുകൊണ്ടിരിക്കുന്ന സമകാലിക രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളുടെ പേരിൽ വാക്കേറ്റവും, കയ്യേറ്റവും നടത്തുന്നവരെ കഴുതകൾ എന്ന വാക്കല്ലാതെ ഉപയോഗിക്കാൻ മറ്റൊരു പദമില്ല. ജനകീയ നേതാക്കന്മാർക്കെതിരെ ആക്രമണമുണ്ടായാൽ സ്വന്തം ജീവൻ തൃണവൽക്കരിച്ച് അവർക്ക് സുരക്ഷിത വലയം തീർത്ത അണികളുടെ കാലമുണ്ടായിരുന്നു. എന്നാൽ ഇന്നൊരുനേതാവിന് നേരെ പ്രത്യാക്രമണമുണ്ടായാൽ അണികൾ ഓടിരക്ഷപ്പെട്ടുകൊണ്ട് നേതാവിനെ എതിരാളികൾക്ക് കൊടുക്കത്തക്കയോഗ്യതയെ ഒരു ജനപ്രതിനിധിക്കുള്ളു. ആദർശരാഷ്‌ട്രീയം അസ്‌തമിച്ചുവെന്നും ആമാശയരാഷ്‌ട്രീയമാണ് വികസിച്ചുവരുന്നതെന്നും തിരിച്ചറിയാത്ത ഒരു വിഭാഗം പോസ്‌റ്റർ ഒട്ടിച്ചും, തെരുവിൽ, ലാത്തി അടിയേറ്റ് എല്ലുപൊളിഞ്ഞും സിന്ദാബാദുവിളിച്ചും ജന്മം തുലയ്‌ക്കും അച്ഛൻ “വടി”യാകുമ്പൊഴേക്കും അധികാര സ്ഥാനത്തേയ്‌ക്ക് മകന്റെ പിടിവരുന്നത് ഇവർക്ക് തിരിച്ചറിയാൻ കഴിയില്ല. കാരണം അണികൾക്കും സുവ്യക്തമായ ഒരു രാഷ്‌ട്രീയബോധം ഇല്ല എന്നതാണ്. രാഷ്‌ട്രീയത്തിലേയ്‌ക്ക് അവർ വരുന്നതും ചില സ്വയം സുരക്ഷ മുന്നിൽകണ്ടുകൊണ്ടും, അനീതിയുടെ ഗുണഫലങ്ങൾ പ്രതീക്ഷിച്ചുകൊണ്ടുമാണ്. നാടുനന്നാക്കാൻ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് വാഹനജാഥ നടത്തി മാധ്യമ ശ്രദ്ധ സംഭരിച്ച് രാഷ്‌ട്രീയത്തിലിറങ്ങുന്ന തന്ത്രം വിനോദപരിപാടിയായി കേരളീയർ ആസ്വദിച്ചുകൊണ്ടിരിക്കുന്നു. ഈ നന്ത്രകുതന്ത്ര രാഷ്‌ട്രീയത്തിന്റെ ഇരകളായിത്തീരുന്നത് സാധുകുടുംബങ്ങളിലെ യുവാക്കളായിരിക്കും. ആറ്റുനോറ്റുണ്ടായവനും, മണ്ണാറശാലയിൽ ഉരുളികമഴ്‌ത്തി ഉണ്ടായവനും, വീടിന്റെ നെടുംതൂണായി നിന്നവനും ബലിമൃഗങ്ങളാകുമ്പോൾ ഒരു മാത്ര ചിന്തിക്കുക. എത്ര നേതാക്കന്മാർ, അവരുടെ പുത്രന്മാർ, മിത്രങ്ങൾ രാഷ്‌ട്രീയത്തിന്റെ പേരിൽ ബലിമൃഗങ്ങളായിട്ടുണ്ട്.?
രക്തസാക്ഷികൾ സിന്ദാബാദെന്ന് വിളിച്ചികൂവുമ്പോൾ ഓർക്കുക ഇവരെന്നും ലോകനന്മയ്‌ക്കോ, സാമൂഹ്യമാറ്റങ്ങൾക്കോ വേണ്ടിമരിച്ചവരല്ല. അപ്പോൾ യഥാർത്ഥരക്തസാക്ഷികൾ ആണെന്ന് അറിയേണ്ടതുണ്ട്. ആ രക്തസാക്ഷിത്വത്തിന്റെ ഔന്ന്യത്യത്തിൽ നാം നമ്രശിരസ്‌ക്കരാകേണ്ടതുമുണ്ട്. 27-ാം മത്തെ വയസ്സിൽ തൂക്കിലേറ്റപ്പെട്ട ഭഗത്‌സിംഗ് ദേശസ്‌നേഹികളെ ആവേശഭരിതനാക്കുന്ന രക്തസാക്ഷിയാണ്. 100 വർഷങ്ങൾക്കു മുമ്പ് ബംഗാളിലെ മുസാഫർപൂരിൽ സ്വാതന്ത്രത്തിന് വേണ്ടി പൊരുതിയിരുന്ന ഇന്ത്യാക്കാരെ ക്രൂരമായി പീഡിപ്പിക്കാൻ ഉത്തരവിട്ട കളക്‌ടർ കിംഗ് ഫോർഡിനെ വധിക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും 18-ാം വയസ്സിൽ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ വിദ്യാർത്ഥിയായ ഖുദിറാംബോസ്, സ്വയം വെടിവെച്ച് മരിച്ച പ്രഫുല്ല ചാക്കി, സഹനമാർഗ്ഗത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളിലേയ്‌ക്ക് ഒരു ജനതയെ കൈപിടിച്ചുയർത്തിയ മഹാത്മാഗാന്ധി, ലോകബാങ്കിന് മുന്നിൽ വച്ച് കർഷകസമൂഹത്തിനായി സ്വന്തം നെഞ്ചിൽ കത്തികുത്തിയിറക്കി ജീവൻബലിയർപ്പിച്ച കർഷകൻ…. രക്തസാക്ഷികളുടെ പട്ടിക ഇങ്ങനെ നീളുന്നതാണ്. കർമ്മത്തെയും. കാലത്തെയും ഊർജ്ജ്വസ്വരമാക്കുന്ന ഈ രക്തസാക്ഷികളുടെ ദീപ്‌തികളിലേയ്‌ക്ക് കുടിപ്പകയുടെ രക്തസാക്ഷിത്വത്തിന് പ്രവേശനമില്ല. ജീവൻ അമ്യൂല്യമാണ്. ഉദ്ദേശശുദ്ധിയില്ലാത്ത ഒന്നിന് വേണ്ടി മരിക്കുക എന്നത് സ്വയം ചെയ്യുന്ന ഒരു മഹാപാപമാണ്.
Generated from archived content: edit1_oct22_08.html
Click this button or press Ctrl+G to toggle between Malayalam and English