വേഷവും വികാരവും – ഒരു നിരീക്ഷണം

മലയാളിയുടെ വേഷസ്വീകരണത്തെപ്പറ്റി ഗൗരവമായ ഒരു വിചാരത്തിനുള്ള സമയം അതിക്രമിച്ചിട്ടുണ്ട്‌. വേഷം വികാരത്തെ അടിവയ്‌ക്കാൻ കഴിയുന്നതാകണം. മറിച്ച്‌ വേഷം വികാരത്തെ ഉദ്ദീപിപ്പിക്കുന്ന ഘടകമായാലോ? ഉടയാടകളില്ലാതെ മനുഷ്യൻ സഞ്ചരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന്‌ എതിർലിംഗത്തോട്‌ തോന്നിയിരുന്നതിനേക്കാൾ പതിന്മടങ്ങ്‌ ലൈംഗിക ചോദന വർദ്ധിച്ചിട്ടുണ്ട്‌ സ്ര്തീയും പുരുഷനും വേഷം ധരിക്കുന്ന ഇക്കാലത്ത്‌. പ്രാകൃതമനുഷ്യൻ വസ്ര്തത്തെക്കുറിച്ച്‌ ബോധവാനായിരുന്നില്ല. എന്നാൽ മനുഷ്യജീവിതത്തിന്റെ പരിണാ സന്ദർഭങ്ങളിൽ എവിടെയോ വച്ച്‌ ലജ്ജ, തിരിച്ചറിവ്‌ തുടങ്ങിയ വികാരങ്ങൾ പ്രാകൃത മനുഷ്യൻ തിരിച്ചറിയുകയും അവൻ അങ്ങനെ നഗ്നത മറയ്‌ക്കാൻ പരിശ്രമിക്കുകയും ചെയ്തു. മരത്തോലും മൃഗത്തോലും കൂടാതെ അരയിൽ പച്ചിലകൾ കോർത്ത്‌ കെട്ടിയും സ്ര്തീയും പുരുഷനും നഗ്നത മറച്ചു വച്ചു. സ്ര്തീയുടെ നീണ്ട മൂടി ഇന്ന്‌ ഒരലങ്കാരവസ്തു മാത്രമാണെങ്കിൽ പ്രാകൃത സമൂഹത്തിൽ അത്‌ സ്ര്തീയുടെ ശരീരഭാഗങ്ങൾ മറയ്‌ക്കുവാനുള്ള മറയായിരിക്കണം. ഗോപ്യമായി സൂക്ഷിക്കേണ്ട ശരീരഭാഗങ്ങൾ പ്രാകൃതമനുഷ്യൻ മറച്ചതിന്റെ അത്രപോലും ആധുനിക കാലത്തിലെ വസ്ര്തധാരണം കൊണ്ട്‌ മറയ്‌ക്കുവാനാകുന്നില്ല. അല്ലെങ്കിൽ മറയ്‌ക്കപ്പെടുന്നില്ല എന്നിടത്താണ്‌ വസ്ര്തം ഇന്ന്‌ നിർവ്വഹിക്കുന്ന കട എന്തെന്ന്‌ ചിന്തിക്കേണ്ടത്‌.

നാം കുറേ പിന്നിലേയ്‌ക്ക്‌ തിരിഞ്ഞുനോക്കിയാൽ കാണാവുന്ന ഒരു കാഴ്‌ചയുണ്ട്‌. മലയാളിക്ക്‌ ഒരു വസ്ര്തധാരണ, വസ്ര്തസ്വീകരണച്ചിട്ടയുണ്ടായിരുന്നു. അത്‌ ഒരാൺകുട്ടിക്കും പെൺകുട്ടിക്കും ബാല്യം, കൗമാരം, യൗവനം എന്നീ ഘട്ടങ്ങൾക്ക്‌ അനുയോജ്യമായിരുന്നു എന്ന്‌ കാണാം. എന്തിന്‌ വാർദ്ധക്യത്തിലും ഒരു വസ്ര്തസങ്കല്പം നിലനിന്നിരുന്നു.

തുടക്കം കുട്ടിപ്പാവാടയിലും കുട്ടിയുടുപ്പിലും. മുതിർന്നാൽ മുഴുപ്പാവാടയും ഷർട്ടും ഋതുമതിയാകുംവരെന്ന പിന്നെ ഹാഫ്‌ സാരിയും ബ്ലൗസും പിന്നാലെ ഫുൾസാരിയും എന്ന നിലയ്‌ക്ക്‌ ഘട്ടംഘട്ടമായി വേഷവിചാരം നിലനിന്നിരുന്നു. മുതിർന്നവരാകുവാനുള്ള ആവേശവും ഉൾപ്പുളകവും പകരുന്നതായിരുന്നു വസ്ര്തസമീപനസമ്പ്രദായം. ആൺകുട്ടികളുടെ കാര്യവും പെൺകുട്ടികൾക്ക്‌ സമാനമായിരുന്നു. നിക്കർ, ഷർട്ട്‌, മുണ്ട്‌, റ്റീഷർട്ട്‌ പിന്നെ പാന്റ്‌സ്‌ അത്‌ അങ്ങനെ പോകുന്നു. അരപ്പാവാടയിൽ നിന്ന്‌ മുഴുപ്പാവാടയിലേക്കും നിക്കറിൽ നിന്ന്‌ മുണ്ടിലേയ്‌ക്കും മാറുമ്പോൾ വസ്ര്തമാറ്റം പകരുന്ന മാനസികാനന്ദം പുതിയ തലമുറയ്‌ക്ക്‌ അനുഭവിക്കാൻ സാധ്യതയില്ല. പെൺകുട്ടികൾ ഇപ്പോൾ നടന്നു തുടങ്ങുമ്പോഴേ സാൽവാറും കമ്മീസിലേക്കും, ആൺകുട്ടികൾ പാന്റ്‌സും റ്റീഷർട്ടും ധരിച്ചു തുടങ്ങുന്നു. മുതിരുമ്പോൾ ഇതേ വസ്ര്തത്തിന്റെ വലിപ്പം മാത്രമാണ്‌ വർദ്ധിച്ചുവരുന്നത്‌. അങ്ങനെ നാം നിലനിർത്തിയിരുന്ന വേഷച്ചിട്ട ഇല്ലാതെയായി. സ്‌കൂളുകളിലും മറ്റും പൊതുവേഷം അവലംബിക്കുന്നത്‌ അവരുടെ ആവശ്യകത കണക്കിലെടുത്ത്‌ മാത്രം.

വേഷം ഉടലിനെ അലങ്കരിക്കാനുള്ളത്‌ മാത്രമായി നാം കരുതുന്നു. വേഷത്തിലൂടെഒരാളുടെ പ്രായത്തെയും പക്വതയേയും നിർണ്ണയിക്കാമായിരുന്ന അവസ്ഥയും മാറിപ്പോയിട്ടുണ്ട്‌. പ്രത്യേകിച്ചും സ്ര്തീകളിൽ. വിവാഹിതകളേയും അവിവാഹിതകളേയും മകളേയും തിരിച്ചറിയാൻ കഴിയാത്ത വിധമായിട്ടുണ്ട്‌. ഒരേ വേഷത്തിന്റെ അപകടകരമായ നിലയാണിത്‌. അതിനാൽ പൊതുവഴിയിൽ അമ്മയ്‌ക്കും മകൾക്കും ഒരുപോലെ കമന്റടിയുടെ പ്രഹരം ഏൽക്കേണ്ടിവരുന്നു.

വേഷത്തിന്റെ കാര്യത്തിൽ പുരുഷനേക്കാൾ സ്ര്തീകളാണ്‌ കുലീനതയും സഭ്യതയും പാലിക്കേണ്ടത്‌. സ്ര്തീ ശരീരം ആകർഷിക്കപ്പെടുന്നതാണ്‌. വസ്ര്തധാരണത്തിൽ സഭ്യത നഷ്ടമാകുമ്പോൾ സ്ര്തീയ്‌ക്ക്‌ സ്വന്തം വസ്ര്തം കെണിയായി മാറും. വസ്ര്തം ഉറങ്ങിക്കിടക്കുന്ന ആക്രമണോത്സുകതയെ ഉദ്ദീപിപ്പിക്കുന്നതുകൊണ്ടാണ്‌ അത്‌ സംഭവിക്കുന്നത്‌. മാന്യമായ വേഷം കണ്ണിലെ ഉടക്കുകയുള്ളൂ. വേഷം കാഴ്‌ചയ്‌ക്കും ആകർഷണത്തിനുമാകുമ്പോൾ അത്‌ കണ്ണിലും മനസ്സിലുമുടക്കി മലിനചിന്തകൾക്ക്‌ ചിറക്‌ പിടിപ്പിക്കും. പൊതുനിരത്തും മറ്റും ഇങ്ങനെയാണ്‌ സ്ര്തീകൾക്ക്‌ പീഡന വേദികളായി തീരുന്നത്‌.

വസ്ര്തവ്യാപാരരംഗത്ത്‌ പുതിയ ഫാഷനുകൾ വിപണിയിൽ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നു. ഫാഷൻ വസ്ര്തങ്ങൾ അവയവപൊലിമകൾ എടുത്തുകാട്ടുകയും ചെയ്യുന്നു. അവയവങ്ങളുടെ പ്രദർശനപരതയിലൂടെ സ്ര്തീ ആത്മരതി അനുഭവിക്കുന്നുണ്ടാകാം. പുതിയ ഫാഷനുകൾ വരുന്നതുകൊണ്ടാണ്‌ ആധുനിക സ്ര്തീസമൂഹം വസ്ര്തം ധരിക്കുന്നതെന്നും തോന്നുന്നുണ്ട്‌. വസ്ര്തങ്ങൾ പറിച്ചെറിയുന്ന മാനസ്സികനിലയിലേക്ക്‌ അവർ എത്തുകയോ, അവരെ എത്തിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. സ്ര്തീശരീരം കാഴ്‌ചവസ്തുവല്ലെന്ന യാഥാർത്ഥ്യം സ്ര്തീസമൂഹമാണ്‌ ആദ്യം മനസിലാക്കേണ്ടത്‌. സാൽവാറും കമ്മീസും ധരിച്ച്‌ ക്ലാസ്‌ മുറിയിലെത്തുന്ന അധ്യാപികയോട്‌ വിദ്യാർത്ഥിക്ക്‌ വിശുദ്ധമായ ഒരാദരവ്‌ തോന്നണമെന്നില്ല. വേഷം ചില തൊഴിലുകൾക്ക്‌ കല്പിച്ചിട്ടുള്ള മാന്യതയുടെ അടയാളമാണ്‌. അത്‌ പ്രായത്തെയും പക്വതയേയും അതുവഴി ബഹുമാനത്തേയും ഉയർത്തിക്കൊണ്ടുവരുന്നു. അതുകൊണ്ടാണ്‌ അദ്ധ്യാപികമാർ സാരിയുടുത്ത്‌ ക്ലാസിൽ വരണമെന്ന്‌ പറയുന്നത്‌. വിചാരശേഷി നഷ്ടപ്പെട്ട ഒരു വിഭാഗമാണ്‌ ഇതിനൊക്കെ എതിർക്കുന്നത്‌.

ഇങ്ങനെ വസ്ര്തം ധരിക്കരുത്‌ എന്ന്‌ പറയാൻ കഴിയാത്തവിധം മാതാപിതാക്കൾ നിസ്സഹായരായി തീരുകയോ അല്ലെങ്കിൽ അവരും അകന്ന്‌ നിന്ന്‌ അവരെ ആസ്വദിക്കുന്നവരായി തീരുകയോ ചെയ്യുന്നു. സ്വന്തം മകൾ ധരിച്ചിരിക്കുന്ന അടിയുടിപ്പിന്റെ നിറംപോലും ആധുനിക വസ്ര്തധാരണത്തിലൂടെ മാതാപിതാക്കൾക്കും വഴിയാത്രക്കാർക്കും ദൃശ്യസാധ്യത സമ്മാനിക്കുന്നു. വേഷത്തെ ജാതി മതചിഹ്‌നങ്ങളായി പ്രദർശിപ്പിക്കുന്നതും ജുഗുപ്സാവഹവും വിചാര ജീർണ്ണതയുമാണ്‌. ഇപ്പോൾ പെൺകുട്ടികളുടെ മുഖത്താരും നോക്കാറില്ലെന്നായിട്ടുണ്ട്‌. ആധുനികവേഷം ഇങ്ങനെ അപകടകാരിയായി മാറുന്നു എങ്കിലും പുതിയ മോഡലുകൾ വന്നുകൊണ്ടിരിക്കട്ടെ. അത്‌ മേൽവസ്ര്തം പാടെ ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിന്‌ തടയിട്ടേയ്‌ക്കും.

വേഷം യോഗ്യതയുടെയും തൊഴിലിന്റെയും ശരീരഘടനയുടെയും ഒക്കെ അടിസ്ഥാനത്തിലും പരിഗണിക്കേണ്ടതുണ്ട്‌. അത്‌ ലംഘിക്കപ്പെടുമ്പോൾ സ്ര്തീയാകട്ടെ, പുരുഷനാകട്ടെ കോമാളിയുടെ ദൗത്യമാണ്‌ നിർവ്വഹിക്കുന്നത്‌.

ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുംവിധം ബർമുഡയും ഇറുകിയ ബനിയനുകളും ഉടുവസ്ര്തമായി പരിഗണിക്കും മുൻപ്‌ വേഷത്തെക്കുറിച്ച്‌ ഒരു വീണ്ടുവിചാരം മാതാപിതാക്കളിലും സമൂഹത്തിലും ഉണ്ടാകേണ്ടതുണ്ട്‌. പരിസരമാലിന്യം മണ്ണിന്‌ ഏല്പിക്കുന്ന ആഘാതം പോലെ ശക്തമാണ്‌ ഈ വസ്ര്തമാലിന്യവുമെന്ന്‌ തിരിച്ചറിയാൻ ഇനി വൈകിക്കൂട.

Generated from archived content: edit1_oct16_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English