ഈ കുറിപ്പ് മുഖ്യമായും സ്ര്തീവായനക്കാരെയാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും പുരുഷവായനയെ നിരാകരിക്കുന്നുമില്ല. ദാമ്പത്യജീവിതത്തിൽ സെക്സിനോ സൗന്ദര്യത്തിനോ പ്രാധാന്യം എന്ന് ചോദിച്ചാൽ ആശങ്കയില്ലാതെ ഈ ലേഖകൻ രേഖപ്പെടുത്തുന്നത് സൗന്ദര്യം എന്നായിരിക്കും. സെക്സ് നൈമിഷികമായ മുന്നേറ്റത്തിന്റെ അനുഭൂതിയാണ്. അത് സ്ഥിരാഹ്ലാദം പകർന്നു തരുന്ന ഒരനുഭവമല്ല. സെക്സിനെ പിന്തള്ളി നിത്യമായ ആനന്ദാനുഭൂതികൾ വാരിവിതറുന്ന ഒരു സവിശേഷ സംഗതിയാണ് സൗന്ദര്യം. ഭാര്യാ, ഭർത്താക്കന്മാരുടെ സൗന്ദര്യം. സൗന്ദര്യം അപര്യാപ്തമെങ്കിൽ അവരുടെ സൗന്ദര്യബോധം ഭാര്യാഭർതൃബന്ധത്തെ ദൃഢവും സന്തോഷഭരിതവുമാക്കിത്തീർക്കുന്നുണ്ട്. സൗന്ദര്യമില്ലാത്ത സ്ര്തീകൾക്ക് അവശ്യം ഉണ്ടാകേണ്ടത് സൗന്ദര്യബോധമാണ്.
‘പുരുഷൻ തന്റെ ഇണ സൗന്ദര്യമുള്ളവളായിരിക്കണമെന്ന് വിചാരിക്കുന്നു. എന്നാൽ സൗന്ദര്യാരാധകരായ പുരുഷന്മാരുടെ ജീവിതത്തിലേക്ക് പലപ്പോഴും അനാകർഷകളായ സ്ര്തീകളാണ് കടന്നുവരാറുള്ളത്. അതൊക്കെ വിധികല്പിതമെന്ന് ആശ്വസിക്കാം. സ്ര്തീകളെ സംബന്ധിച്ചിടത്തോളം അവർ പുരുഷസൗന്ദര്യത്തെ അത്ര മുറുകെ പിടിക്കുന്നില്ല. സാമ്പത്തിക ഭദ്രതയും അതിലൂടെ ലഭ്യമാകുന്ന സുഭിഷതയും സ്വസ്ഥതയുമുള്ള ഒരിടമാണ് അവർ കൊതിക്കുന്നത്. അറുപതുകാരനോട് ജീവിക്കാൻ മുപ്പതുകാരി അതുകൊണ്ടാണ് സന്നദ്ധയാകുന്നത്. സമ്പത്തിന്റെ ഗുണമേന്മയാണത്. സമ്പത്തിലും തൊഴിലിലുമുള്ള താല്പര്യത്തേക്കാൾ പുരുഷൻ ഇണ സുന്ദരിയായിരിക്കമെന്നു തന്നെ നിശ്ചയിക്കുന്നു. അതുമൂലം മറ്റൊന്നും ആവശ്യപ്പെടാതെ തന്നെ സൗന്ദര്യമുള്ള സ്ര്തീകളെ പുരുഷന്മാർ സ്വന്തമാക്കാൻ ഒരുമ്പെടുന്നുണ്ട്. അതിന്റെ അർത്ഥം എല്ലാ പുരുഷന്മാരും ചില സൗന്ദര്യസങ്കല്പങ്ങൾ വച്ചുപുലർത്തുന്നു എന്നാണ്. അതിന് വിപരീതമായി സ്വയമോ, പ്രേരണയാലോ സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പോൾ അവർ മാനസികമായി അസംതൃപ്തരും അസ്വസ്ഥരുമായി തീരും. അൻപത് ശതാനത്തോളം കുടുംബ പ്രശ്നങ്ങൾ ഇണയുടെ സൗന്ദര്യമില്ലായ്മയിൽ നിന്ന് ആവിർഭവിക്കുന്നതാണ്. ഒരാൾ ജീവിതത്തിൽ അയാൾ കിനാവുകണ്ട സ്ര്തീ സാന്നിധ്യം അനുഭവിക്കാൻ അയോഗ്യനാകുകയും, കൂടെയുള്ളവൾക്ക് സൗന്ദര്യമോ സൗന്ദര്യബോധമോ ഇല്ലെങ്കിൽ സൗന്ദര്യം എന്ന സങ്കീർണ്ണത മറ്റ് ദൈനംദിന പ്രശ്നങ്ങളാക്കി വളർത്തിയെടുത്ത് ജീവിതം അയാൾ തന്നെ ദുഃസഹമാക്കി തീർക്കും. അതിന്റെ ലക്ഷ്യം ഒരകൽച്ചയോ, അവളിൽ നിന്നുള്ള ശാശ്വതമായ മോചനമോ, ആയിരിക്കും. ഇവിടെയാണ് സ്ര്തീയുടെ സൗന്ദര്യബോധത്തിന്റെ പ്രാധാന്യം.
സ്ര്തീകളുടെ കുടുംബജീവിതത്തിൽ രണ്ട് വേഷങ്ങൾ അടിസ്ഥാനപരമായി അഭിനയിച്ച് പൊലിപ്പിക്കേണ്ടതുണ്ട്. അതിലൊന്ന് അടുക്കളവേഷവും മറ്റൊന്ന് കിടപ്പറവേഷവുമാണ്. അടുക്കളയിലെ സ്ര്തീയെ കിടപ്പറയിൽ കാണുന്നത് പുരുഷനെ ഭ്രാന്തചിത്തനും, വിഷാദരോഗിയുമാക്കി തീർക്കും. അനാകർഷയായ യുവതിയും രാത്രിയിൽ ജൈവപരമായി സൗന്ദര്യവതിയാകുന്നു. സെക്സിന്റെ സൗന്ദര്യമാണത്. ആ സൗന്ദര്യത്തെ ഉത്‌കൃഷ്ടവും സന്തോഷഭരിതവുമാക്കി തീർക്കുന്നത് സൗന്ദര്യബോധത്തെയും സെക്സിനേയും കുറിച്ചുള്ള നല്ല ധാരണയാണ്. ജീവിതത്തെ സ്വസ്ഥവും പ്രതീക്ഷാഭരിതവുമാക്കി തീർക്കുന്നതിൽ കിടപ്പറകൾ മുഖ്യപങ്ക് വഹിക്കുന്നു. ’അവൾക്കുവേണ്ടി ഞാനെന്തും ചെയ്യുമെന്ന്‘ ഒരാളെക്കൊണ്ട് പറയിക്കുന്നത് സൗന്ദര്യമോ, അവളുടെ സൗന്ദര്യബോധമോ, കിടപ്പറയിലെ സംഋർദ്ധികളോ പരസ്പരപൂരകമായി വരുന്നത് കൊണ്ടാകണം. സൗന്ദര്യം അനുഗ്രഹിക്കാത്ത ഇന്നും യുവതി കിടപ്പറയിൽ ഭംഗിയായി എത്തണമെന്ന സാമാന്യബോധം ഇല്ലാത്തവർ ഏറെയുണ്ട്. അത് പുരുഷന്മാരിൽ മടുപ്പ് വളർത്തിയെടുക്കുകയും സെക്സ് അനുഭൂതിരഹിതമാക്കുകയും ചെയ്യുന്നു. സ്ര്തീകളോട് എന്നും ഒരുങ്ങി വരണമെന്ന് എല്ലാ പുരുഷന്മാർക്കും എപ്പോഴും ആജ്ഞാപിക്കാനാവില്ല. വൈരുദ്ധ്യം എന്ന് പറയുന്നത് സ്വന്തം ഭർത്താവിന്റെ സമീപം അവലക്ഷണമായി ചെല്ലുകയും വീട് വിട്ടിറങ്ങുമ്പോൾ ഭംഗിയായി ഒരുങ്ങുകയും ചെയ്യുന്നു എന്നതാണ്. ഒരുക്കം എന്നത് തന്നെ വേണ്ട ആൾക്ക് വേണ്ടി അല്ല, അത് കരക്കാർക്ക് വേണ്ടിനീക്കിവയ്‌ക്കുന്നു.
പുരുഷമനസിന്റെ സൗന്ദര്യവിചാരപോരാട്ടം പലവഴികളിൽ അശാന്തിയുടെ പനമരങ്ങൾ നട്ടുവളർത്തുന്നു. അങ്ങനെ ബന്ധങ്ങളുടെ കെട്ട്‌പൊട്ടി കുടുംബകോടതികളിൽ ഭാര്യാഭർത്താക്കന്മാർ അന്യരാകുന്നു. ഇവിടെയൊക്കെ സംഘർഷകാരണം സൗന്ദര്യമെന്ന് ആരും തുറന്ന്‌പറയാറില്ല. ആർക്കുവേണ്ടി, എന്തിന് വേണ്ടിയാണ് സൗന്ദര്യം, സൗന്ദര്യബോധമെന്ന, തിരിച്ചറിവ് സ്ര്തീസാന്നിദ്ധ്യം ആനന്ദകരവും ജീവിതം ഉല്ലാസഭരിതവുമാക്കും. സ്ര്തീകളാണ് ഇക്കാര്യത്തിൽ ജാഗരൂകരാകേണ്ടത്.
Generated from archived content: edit1_dec26_07.html