തേങ്ങിയാർത്തലയ്‌ക്കുന്നൊരു കണ്ണീർക്കടൽ
കർക്കിടക വാനിൻചോട്ടിൽ….
ചൂഴ്‌ന്നിറങ്ങുന്നിതേ
അലസം നഗ്നയാം
ഭൂമിയമ്മ തൻ നാഭിയിലേയ്‌ക്ക്
മാനുഷജന്മമൊരു
വിഷാദഗീതമായ് രാഗമായ്…
കരളിൻ കടലിൽ
തിരത്തളളലേറുമ്പോൾ
കവിത പിറക്കുന്നു.
ജീവിതകേളീചിത്രങ്ങൾ വരക്കുന്നു
തുടർക്കഥയെന്ന പോൽ
മണ്ണിൻമാറിലൊഴുകിത്തുടിക്കും
കളിമൺ ശില്‌പ്പങ്ങളെന്നപോൽ
കാൻവാസിലെവിടെയും
മങ്ങിയ നിറങ്ങൾ കോലങ്ങൾ
നഷ്‌ടങ്ങൾ ശിഷ്‌ടങ്ങൾ
കണ്ണീർക്കടലുകൾ
മാനസച്ചെപ്പിലൊളിപ്പിക്കും
കരിമേഘക്കാടുകൾ…
പുനർജ്ജനിതേടുമീ-
നഷ്‌ടവസന്തങ്ങൾ
ശിഷ്‌ടകർമ്മങ്ങൾക്കായ്
യാത്രയാകുന്നിതേ
മരതക തീരങ്ങളിലേയ്‌ക്ക്
ചേക്കേറിയൊരു ചില്ലമേൽ
വീണ്ടും തളിർത്തിടാൻ പൂത്തിടാൻ
ഒടുവിൽ ശാന്തി തൻ
മന്ത്രാക്ഷരങ്ങളുരുവിട്ട്
നിനവിനെയുറക്കിടാൻ
യാത്രയാക്കീടാൻ കദനങ്ങളേയൊരു
കരകാണാക്കടലിന്നപ്പുറമെവിടെയോ…
Generated from archived content: poem19_apr.html Author: dr_rajan_kallelibhagam