തോടിന്നിരുകരയിൽ നീളേ
കയ്യുകൾ വീശി
തെങ്ങോലകളോരോരാഗം
മൂളി വരുന്നു.
കടൽ നീന്തിയടുത്തീടുന്ന
നൗകകൾ നിറയെ
കടലമ്മ വളർത്തിയെടുത്ത
ചിപ്പികളുണ്ടേ
ഇമവെട്ടാതിവിടെ കാക്കും
കരിമിഴിയാളിൽ
മധുരത്തേൻ കിനിയും പാട്ടിൻ
ശീലുകളുണ്ടേ
അവയാണെൻകരളിൻ തന്തി
മീട്ടിവരുന്നു.
പലനാളായ് പലരാഗങ്ങൾ
ശ്രുതി മീട്ടുന്നു.
ഇവിടെന്റെ കിനാക്കൾ തീയിൽ
ഉരുകിത്തീരാൻ
ഇനിയില്ല നേരം നിങ്ങൾ-
ക്കൊരു ചിരി നൽകാൻ
ചിരകാലം പട്ടടകാണാൻ
കാക്കുന്നവരേ
നിങ്ങൾക്കായെന്നുടെ കോലം
കത്തിച്ചേക്കാം-
വെറിപൂണ്ടുനടക്കും നിങ്ങൾ
അല്‌പം ഭസ്‌മം
ആത്മാവിൽക്കൂടിപ്പൂശി
മോക്ഷം നേടൂ.
Generated from archived content: poem6_mar24_08.html Author: dr_jks_veettur
Click this button or press Ctrl+G to toggle between Malayalam and English