കൈയിൽ സ്‌റ്റെതസ്‌കോപ്പുമായി മോർച്ചറിയിൽ ശവങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ചുമലിൽ ഒരു തണുത്ത കരസ്‌പർശം. ഡോക്‌ടർ അരവിന്ദ് ആയിരിക്കുമെന്ന് ഉറപ്പിച്ചിട്ട് തിരിഞ്ഞുനോക്കി.
“തങ്കപ്പനോ?”
പെട്ടെന്നാണോർത്തത് തങ്കപ്പൻ അല്‌പസമയം മുമ്പ് അന്ത്യശ്വാസം വലിച്ചുകഴിഞ്ഞു. അയാളുടെ കാൽവിരലുകളിലൂടെ ഒരു തരിപ്പ് മൂർദ്ധാവിൽവരെ ഓടി.
“ങ്‌ഹേ” അയാൾ ഞെട്ടിത്തിരിഞ്ഞു.
“പേടിക്കണ്ട” ശവം പറഞ്ഞു. പക്ഷേ അതിന്റെ വായ ചലിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ശബ്‌ദം ശവത്തിൽനിന്ന് തന്നെയാണ് വരുന്നത്.
പേടിച്ചരണ്ട് നില്‌ക്കുന്ന അയാളെ ശവം സൂക്ഷിച്ചുനോക്കി. ആദ്യം തോന്നിയ പേടി പിന്നീട് അപ്രത്യക്ഷമായി. ശവത്തിന്റെ അടഞ്ഞ കണ്ണുകളിൽ തുറന്ന ആർദ്രത. മുഖത്താകെ മനസ്സലിയിക്കുന്ന ശാന്തത.
അയാൾ ഒരു കൊച്ചുകുട്ടിയെപ്പോലെ ശവത്തെ കൗതുകത്തോടെ നോക്കി നിന്നു. ശവം അയാളെയും.
അയാളെ കടന്ന് നടന്ന് നീങ്ങിയ ശവത്തിന് പിന്നാലെ അയാൾ നടന്നു. ആളൊഴിഞ്ഞ മൂലയിൽ ശവവും അയാളും പലതും പറഞ്ഞു. അയാളുടെ കണ്ണുകളിലെ വെളിച്ചം നഷ്‌ടപ്പെടുകയായിരുന്നു. ശവം കണ്ണു തുറന്നു. മിണ്ടാനും അനങ്ങാനും കഴിയാത്ത അയാളെ കോരിയെടുത്ത് ശവം മോർച്ചറിയിൽ കിടത്തി പുതപ്പിച്ചു. അയാളുടെ സ്‌റ്റെതസ്‌കോപ്പ് സ്വന്തം കഴുത്തിലിട്ടു. ശവം പരിശോധനയ്‌ക്കായി ഒ.പി.യിലേയ്‌ക്ക് മൂളിപ്പാട്ടോടെ നടന്നുനീങ്ങി.
Generated from archived content: story6_june_05.html Author: dineesh_naduvalloor