എന്റെ ഗ്രാമം

നഗരവൽക്കരണത്തിന്റെ കടന്നുകയറ്റം ചെറിയതോതിൽ കീഴ്‌പ്പെടുത്തിയിട്ടും ഗ്രാമവിശുദ്ധി കൈവിടാതെ കാത്തുസൂക്ഷിക്കുന്ന തീരപ്രദേശമാണ്‌ വാടാനപ്പളളി. വിവിധ മേഖലകളിൽ പ്രശസ്‌തമായ ഒട്ടേറെ പേർ ഇവിടെ ജനിച്ച്‌ മൺമറഞ്ഞവരായിട്ടുണ്ട്‌.

കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക്‌ വളക്കൂറുളള മണ്ണാണിത്‌. കാസിം വാടാനപ്പളളി, ലതികാലെനിൻ, പി.എൻ. ഗോപീകൃഷ്‌ണൻ, റഹിമാൻ വാടാനപ്പളളി, സത്യൻ വഴിനടക്കൽ, അവാദ്‌ വാടാനപ്പളളി, ബാലകൃഷ്‌ണൻ വെന്നിക്കൽ, വിശ്വം മണലൂർ, ധർമ്മരാജൻ തൃത്തല്ലൂർ, മോഹൻ പാലക്കാട്‌ തുടങ്ങിയ എഴുത്തുകാരും, നാടക സംവിധായകനും ‘ജനനയന’ ഡയറക്‌ടറുമായ അഡ്വഃ വി.ഡി.പ്രേംപ്രസാദും സിനിമാ-നാടക-സീരിയൽ രംഗത്തെ അനിഷേധ്യസാന്നിദ്ധ്യമായ ഇ.രാജേന്ദ്രനും ഈ ഗ്രാമത്തിന്റെ മുതൽക്കൂട്ടാണ്‌. പുതിയ തലമുറിയിൽപ്പെട്ട ജിനൻ ചാളിപ്പാട്ട്‌, കെ.കെ.പ്രമോദ്‌, പ്രിയ നടുവിൽക്കര തുടങ്ങിയവർ പ്രതീക്ഷയുണർത്തുന്ന എഴുത്തുകാരിൽ ചിലരാണ്‌.

സാംസ്‌കാരിക സംഘടനകൾ ധാരാളമുളള ഒരു പ്രദേശം. ‘ജനനയന’ക്ക്‌ പുറമെ ശ്രീശൈലം കുടുംബസദസ്സ്‌, നന്മ വാടാനപ്പളളി, സമന്വയം തൃത്തല്ലൂർ, ഗാന്ധിഗ്രാമം തുടങ്ങിയവ അവയിൽപ്പെടുന്നു.

ഈ ഗ്രാമം രൂപപ്പെടുത്തുന്നവരിൽ മുൻനിന്ന്‌ പ്രവർത്തിച്ചവരിൽ പ്രമുഖർ ഗ്രാമത്തിലെ ആദ്യ വനിതാ പ്രവർത്തക കൂടിയായ ശ്രീമതി ശാരദ ബാലകൃഷ്‌ണനും ഇരുപത്തഞ്ചുവർഷം വാടാനപ്പളളി ഗ്രാമപഞ്ചായത്‌ പ്രസിഡന്റായി സ്‌തുത്യർഹമായ സേവനം കാഴ്‌ചവെച്ച്‌ ഈയിലെ നിര്യാതനായ ഐ.വി. രാമനാഥനുമാണ്‌. സഹപ്രവർത്തകരായി വേറെയും നിരവധിപേർ.

‘ഉപഹാരം’ എന്നൊരു പ്രസിദ്ധീകരണം ഇവിടെ നിന്നിറങ്ങുന്നുണ്ട്‌. പത്രാധിപർ സി.എൻ. സതീശ്‌ചന്ദ്രബോസ്‌.

ശ്രീനാരായണദർശനങ്ങൾ ആഴത്തിൽ വേരോടിയ പ്രദേശമായതുകൊണ്ട്‌ സങ്കുചിതമായ ജാതിമത ചിന്താഗതികൾക്കപ്പുറത്തുനിന്ന്‌ മനുഷ്യനന്മയെ നോക്കിക്കാണാൻ കഴിയുന്നവർ ധാരാളം. ആരാധനാലയങ്ങൾ ഏറെ- ക്ഷേത്രങ്ങൾ, മുസ്ലീം-ക്രിസ്‌ത്യൻ പളളികൾ മുതലായവ.

കേരള ലൈബ്രറി കൗൺസിലിൽപ്പെട്ട നാലഞ്ചു വായനശാലകൾക്കു പുറമെ പഞ്ചായത്തുവക രണ്ടു ഗ്രന്ഥശാലകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്‌. ഒരുപക്ഷേ, പഞ്ചായത്തിന്റെ കീഴിൽ രണ്ടു പഞ്ചായത്ത്‌ ലൈബ്രറികളുളള ഏകഗ്രാമം എന്ന ബഹുമതിയും വാടാനപ്പളളിക്കായിരിക്കും.

വിവിധ കലാ-കായിക സംഘടനകൾ വേറെയും. ഒമ്പതോളം പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കന്റി സ്ഥാപനങ്ങളും, പോലീസ്‌സ്‌റ്റേഷൻ, പ്രൈമറി ഹെൽത്ത്‌ സെന്റർ, മൃഗാശുപത്രി, ആയുർവേദ ആശുപത്രി എന്നിവയും നിലവിലുണ്ട്‌.

ലേഖകൻ ജനിച്ചു വളർന്നതും മുപ്പതുവർഷം അദ്ധ്യാപകനായി ജോലി ചെയ്‌തതും ഈ ഗ്രാമത്തിൽത്തന്നെ.

Generated from archived content: essay2_oct1_05.html Author: dheerapalan_chalipattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here