മലയാളകവിതയിലെ ഉത്തരാധുനികതയുടെ അന്വേഷകനായിട്ടാണ് ഡോഃ പ്രസന്നരാജൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റേതായി ആറ് ഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു ജീവചരിത്രഗ്രന്ഥമൊഴിച്ചാൽ മറ്റ് അഞ്ചും വിമർശന ഗ്രന്ഥങ്ങളാണ്. വിമർശനഗ്രന്ഥങ്ങളിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ് “ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ‘ എന്ന കൃതി.
”കേരള കവിതയിലെ കലയും ചിരിയും“ എന്ന പുസ്‌തകത്തിലെ ”കാല്‌പനികതയുടെ യഥാർത്ഥ അപചയം“ ഒ.എൻ.വി കവിതകളെ വിമർശിക്കുന്ന ഒന്നാണ്. ആധുനിക കവിത ഉണ്ടാകാനുളള കാരണത്തെപ്പറ്റി അദ്ദേഹം പറയുന്നത് നോക്കുക. ”മാറ്റൊലിക്കവികളുടെ കവിതകൾക്കുശേഷം ഉയർന്നുവന്ന കാല്‌പനിക വിരുദ്ധമായ ധീരവും പൗരുഷവുമായ സ്വരമാണെന്നാണ്. മാറ്റൊലിക്കവികൾ എന്നുളളത് എം. കൃഷ്‌ണൻനായർ വിശേഷിപ്പിച്ച ഒ.എൻ.വിയും, പി.ഭാസ്‌ക്കരനും വയലാറും തന്നെ. ചങ്ങമ്പുഴയുടെ മാറ്റൊലിക്കവികളായിട്ടാണ് പ്രസന്നരാജനും അവരെ കാണുന്നത്. അദ്ദേഹത്തിന് റൊമാന്റിക് കാവ്യ സംസ്‌ക്കാരത്തോട് കടുത്ത എതിർപ്പുളളതായിട്ടാണ് തോന്നുന്നത്.
എം. ഗോവിന്ദനെപ്പറ്റി പറയുമ്പോൾ ചെത്തിമിനുക്കിയ കവിതയോട് പ്രതിപത്തിയില്ലാത്ത ആളാണെന്നാണ് പറയുന്നത്. അത് എം.ഗോവിന്ദന്റെ കവിതയുടെ മേന്മയായിട്ടാണ് പ്രസന്നരാജൻ കാണുന്നത്. എന്നാൽ “കവിതയും യാഥാർത്ഥ്യവും” എന്ന പ്രബന്ധത്തിൽ ഒരു മികച്ച കവി സത്യത്തെ തന്റെ ഭാവനയ്‌ക്കിണങ്ങുംവിധം ഉടച്ചുവാർക്കുകയും പുനഃസൃഷ്‌ടിക്കുകയും ചെയ്യണമെന്ന് പറയുന്നുണ്ട്. ഈ ഉടച്ചുവാർക്കലും പുനർസൃഷ്‌ടിയും ഒരു ചെത്തിമിനുക്കലല്ലേ?
ചങ്ങമ്പുഴ സൃഷ്‌ടിച്ച ഭാവുകത്വവുമായുളള മൽപ്പിടുത്തം അയ്യപ്പപ്പണിക്കരുടെ ആദ്യകാല കവിതകളിൽ ത്രസിച്ചു നിൽക്കുന്നു എന്നൊരുപരാതി അദ്ദേഹത്തിനുണ്ട്. അതൊരു വലിയ കുറവായിട്ടാണ് ഗ്രന്ഥകർത്താവ് കാണുന്നത്. എന്നാൽ ചങ്ങമ്പുഴക്കവിതകളിലെ സംഗീതാംശം നല്ല താളബോധത്തോടെ അവതരിപ്പിക്കുന്നതല്ലെ പണിക്കരുടെ കവിതയുടെ സവിശേഷത എന്നു പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. പണിക്കരേയും മറ്റും ഉത്തരാധുനികരിൽത്തന്നെ വേറിട്ടുനിറുത്തുന്നതും അതുതന്നെയാണെന്നു തോന്നുന്നു.
ആശാന്റെ ലീലയെപ്പറ്റിയുളള പഠനത്തിൽ-’ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ‘-സ്‌ത്രീ പുരുഷപ്രേമത്തെപ്പറ്റി കവിക്കുണ്ടായിരുന്ന ദർശനം ഏറ്റവും നന്നായി പ്രതിഫലിപ്പിച്ച കാവ്യം ലീലയാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. അന്ന് നിലനിന്നിരുന്ന സാഹിത്യമാനദണ്‌ഡങ്ങളെയും വിശ്വാസങ്ങളേയും സൃഷ്‌ടിയിലൂടെ അവഹേളിച്ച വിഗ്രഹഭഞ്ഞ്‌ജകനും ധിക്കാരിയുമാണ് ആശാനെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ആലോചനയുടെ ശല്യം ലഭിക്കാത്ത ഭാഗ്യവാന്മാർ കവിതയെ വിനോദത്തിനുളള ഒരുപാധിയായി വ്യഭിചരിച്ചപ്പോൾ ആശാൻ ആത്മാവിന്റെ സ്വരം സൃഷ്‌ടിയിലൂടെ വെളിപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം വാദിക്കുന്നു. ആശാൻ കവിതകളുടെ പതിവുശൈലിയിലുളള വിമർശകർക്ക് നല്ലൊരു കൊട്ടുതന്നെയാണത്. ലീലയുടെ ശില്‌പിയെപ്പറ്റി പറയുമ്പോൾ കാളിദാസന്റെ കാവ്യകലയുമായി ബന്ധിപ്പിക്കുക നമ്മുടെ വിമർശകരുടെ ഒരു പതിവാണ്. എന്നാൽ കാളിദാസന്റെ സ്‌നേഹസങ്കല്പത്തിൽ നിന്നും അടിസ്ഥാനപരമായി വിഭിന്നമാണ് ലീലാകാവ്യത്തിലെ സ്‌നേഹദർശനമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മാംസനിബദ്ധമല്ലരാഗം എന്ന വാക്യത്തിന്റെ തണലിൽ നിന്നുകൊണ്ട് രതിയെ ലീലാകാവ്യത്തിൽനിന്നും പുറത്താക്കാനുളള ശ്രമം കാവ്യത്തിന്റെ ജീവനെ നശിപ്പിക്കുന്നതിനു തുല്യമാണെന്നും രാഗം മാംസത്തോട് മാത്രം ബന്ധപ്പെട്ടതല്ല എന്നാണ് കവി പറയുന്നതെന്നും, രാഗത്തിനു മറ്റു പലതിനോടും ബന്ധമുണ്ടെന്നുമാണ് പ്രസന്നരാജൻ പറയുന്നത്. ഇതു ലീലാകാവ്യത്തെപ്പറ്റിയുളള ഇതുവരെയുളള വിലയിരുത്തലിൽ നിന്നും വിഭിന്നമാണ്.
ലീലാകാവ്യ നിരൂപണം വായിച്ചപ്പോൾ അരനൂറ്റാണ്ടിനു മുൻപ് കുട്ടികൃഷ്‌ണമാരാർ ലീലയെ കൊലപാതകിയായി ചിത്രീകരിച്ചുകൊണ്ടെഴുതിയ ലേഖനമാണ് ഓർമയിൽ വന്നത്. “അവളുടെ ശയനീയ ശായിയാമവനൊരുഷസ്സിലുണർന്നിടാതായി” എന്ന വാചകത്തെ പിടിച്ചായിരുന്നു ഒരു വിമർശനം. പ്രേരണക്കുറ്റത്തിന് ആശാനേയും പ്രതിക്കൂട്ടിൽ നിർത്താൻ മാരാർ മറന്നിരുന്നില്ല. പ്രസന്നരാജൻ മാരാരോട് പൂർണ്ണമായി യോജിക്കുന്നില്ല. ലീലയുടെ ഭർത്താവിന്റെ മരണം സാധാരണ മരണമാണെന്ന് അഭിപ്രായമില്ല. കാവ്യത്തിലെ ഭാവവികാസത്തിന് പ്രതിബന്ധമായിനില്‌ക്കുന്ന പ്രതിനായകനാണ് ലീലയുടെ ഭർത്താവ്. ആ പ്രതിബന്ധം ഒഴിവാക്കി പ്രയാണം ആരംഭിക്കാൻ ഭർത്താവിന്റെ മരണം അനിവാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം ഘാതകികളെ സ്‌നേഹത്തിന്റെ മാലാഖമാരായി കാണാമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതാണ്. കാമുകനുവേണ്ടി മാതാപിതാക്കളെ ഉപേക്ഷിക്കുകയും സമൂഹത്തെ പുച്ഛിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്ക് അനശ്വരത്വം നൽകിയ കവിയാണ് ലീലാകാവ്യം എഴുതിയതെന്ന സത്യം ഓർമ്മയിൽ സൂക്ഷിക്കേണ്ടതാണെന്നാണ്.
പ്രസന്നരാജൻ കാവ്യ വിമർശകൻ മാത്രമല്ല നല്ലൊരു ജീവചരിത്രകാരൻ കൂടിയാണെന്ന് തെളിയിക്കുന്നതാണ് കെ. ബാലകൃഷ്‌ണനെക്കുറിച്ചെഴുതിയ പുസ്‌തകം. മലയാളത്തിലെ ജീനിയസിൽ ഒരാളായ കെ. ബാലകൃഷ്‌ണൻ കൈവയ്‌ക്കാത്ത മേഖലകൾ ഒന്നും തന്നെയില്ല. ആ വൈവിദ്ധ്യം നിറഞ്ഞ ജീവിതത്തെ സത്യസന്ധമായി വിലയിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. വിദ്യാർത്ഥി, കാമുകൻ, രാഷ്‌ട്രീയ നേതാവ്, പത്രാധിപർ, വാഗ്മി, സാഹിത്യ കലാനിരൂപകൻ എം.എൽ.എ, എം.പി, എന്നീ നിലകളിലുളള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഒരു സമഗ്ര ചിത്രം തന്നെ ഇതിലുണ്ട്.
ജീവിതം യൗവ്വന തീക്ഷണവും പ്രേമസുരഭിലവുമായിരിക്കുന്ന കാലയളവിലാണ് ബാലകൃഷ്‌ണൻ ജയിലിലാകുന്നത്. അപ്പോഴുളള വികാരവിക്ഷോഭങ്ങളും സ്‌നേഹപ്രകടനങ്ങളും തുടിക്കുന്ന താളുകളിലൂടെ കൈമാറിയ ബാലൻ ചന്ദ്രികമാരുടെ പ്രകടനങ്ങൾ വളരെ രസകരമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. കൗമുദി മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്നും വേറിട്ടതും അതിന്റെ സവിശേഷതകളും വിശദമായി വിവരിച്ചിട്ടുണ്ട്. കൗമുദിയിലെ കുറിപ്പുകളും പത്രാധിപരോട് ചോദിക്കുക എന്ന പംക്തിയും കെ. ബാലകൃഷ്‌ണന്റെ വ്യക്തിത്വം തുളുമ്പുന്ന ഒന്നായിരുന്നു.
കെ. ബാലകൃഷ്‌ണന്റെ ജീവചരിത്രത്തിൽ വരേണ്ടതായ ചിലത് സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. നെഹ്‌റുവുമൊത്ത് തേക്കടി സന്ദർശനം നടത്തിയ കെ. ബാലകൃഷ്‌ണനെപ്പറ്റി മുഖ്യമന്ത്രിയായ സി. കേശവനോട് നെഹ്‌റു പറഞ്ഞത് ശ്രദ്ധാർഹമായ വിശേഷണമായിരുന്നു. ഇയാൾ സഞ്ചരിക്കുന്ന വിജ്ഞാനകോശമെന്നായിരുന്നു അത്. വിശ്വപൗരനായ നെഹ്‌റുവിൽ നിന്നും കിട്ടിയ ഒരു കോംപ്‌ളിമെന്റ്. സി. കേശവന്റെ ആത്മകഥയ്‌ക്കും-ജീവിതസമരം-അവതാരിക എഴുതിയത് ബാലകൃഷ്‌ണനാണ്. തനിക്ക് കിട്ടിയ പിതൃസ്വത്താണിതെന്ന് ബാലകൃഷ്‌ണൻ പറഞ്ഞിരുന്നു. ഇത് രണ്ടും പുസ്‌തകത്തിൽ വരേണ്ടതായിരുന്നു. അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്ന ഒന്നാണ് നെഹ്‌റു ഉളള പാർലമെന്റിൽ തനിക്ക് ഒരംഗമായിരിക്കണമെന്ന്. അത് നടക്കാതെപോയ ആഗ്രഹമായിരുന്നു. ഇന്ദിരയുടെ കാലത്താണ് അദ്ദേഹം എം.പി ആകുന്നത്.
ബാലകൃഷ്‌ണന്റെ വ്യക്തിത്വം തുടിക്കുന്ന ലേഖനങ്ങളായിരുന്നു കൗമുദിയിലെ കുറിപ്പുകൾ. അതിൽ ചിലത് അനുബന്ധമാക്കാമായിരുന്നു. ഇപ്പോഴും ഓർക്കുന്ന ചിലതുണ്ട്. വില വർദ്ധനവിന് എതിരായ മുഖപ്രസംഗമാണ് അപ്പക്കാരി വല്യമ്മയുടെ കഥ. തന്റെ അയൽപ്പക്കത്ത് അപ്പം ചുട്ട് വില്‌ക്കുന്ന വല്യമ്മയുടെ ബുദ്ധിമുട്ടിലൂടെ വിലവർദ്ധനവിന്റെ രൂക്ഷത പ്രകടിപ്പിക്കുന്ന ഒന്നായിരുന്നു അത്. ജോൺ എഫ്. കെന്നഡിയുടേയും, ജോൺ ഇരുപത്തിമൂന്നാമൻ പോപ്പിന്റെയും നിര്യാണങ്ങളിൽ അനുശോചിച്ചുകൊണ്ട് എഴുതിയ മുഖപ്രസംഗങ്ങളും അനുബന്ധമായി അടുത്ത പതിപ്പിൽ ചേർത്താൽ കൊളളാം.
മലയാള സാഹിത്യത്തിൽ എം.എ, ആശാൻ, ചങ്ങമ്പുഴ, ഇടപ്പളളി എന്നിവരെക്കുറിച്ചുളള പഠനത്തിന് ഡോക്‌ടറേറ്റ്. ഇപ്പോൾ യൂണിവേഴ്‌സിറ്റി കോളേജിൽ പ്രൊഫസറായിരുന്നു. റിട്ടയർ ചെയ്‌തു. കേരളാസാഹിത്യ അക്കാഡമി അവാർഡ് നേടി. മറ്റു കൃതികൾ, തേനും വയമ്പും, ഉത്തരാധുനിക ചിന്തകൾ, തിരിച്ചറിവുകൾ എന്നിവ.
Generated from archived content: essay1_may17_08.html Author: d_antony
Click this button or press Ctrl+G to toggle between Malayalam and English