കുണ്ടറയിലെ വേലുത്തമ്പിസ്‌മാരക നിർമ്മാണം സംബന്ധിച്ചു തർക്കം നിന്നകാലം. ദളവപ്രഖ്യാപനം നടത്തിയത് ഇളമ്പളളൂർ ക്ഷേത്രസന്നിധിയിലാണെന്നത് ചരിത്രസത്യം. എന്നാൽ സ്‌മാരകം നാന്തിരിക്കലിലേയ്‌ക്കു പോകാൻ പല കാരണങ്ങളുണ്ട്. അതിലൊന്ന് ചിലർ കണ്ടുപിടിച്ച ചരിത്രമാണ്. ഈ സ്ഥലത്തുനിന്നുകൊണ്ട് ദളവ നാം തിരിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞുപോലും! നാം തിരിക്കുന്നത് രൂപാന്തരം പ്രാപിച്ച് നാന്തിരിക്കലായി എന്നാണ് ആ കഥ.
ഈ വിചിത്രമായ ചരിത്രവിജ്ഞാനത്തെ പരിഹസിച്ചു കൊണ്ടും ആ പേര് ലഭിക്കാനുണ്ടായ വസ്‌തുതകളെ വിശദീകരിച്ചുകൊണ്ടും ചേരിയിൽ സുകുമാരൻ നായർ ഗ്രാമം മാസികയിൽ എഴുതിയിരുന്നു.
ഈ സമയത്തുതന്നെ മലയാളമനോരമയിൽ അദ്ദേഹത്തെപ്പറ്റി ഒരു ലേഖനവും വന്നിരുന്നു. അത് കാർഷികമേഖലയിലെ പ്രവർത്തനങ്ങളുടെ സവിശേഷത ചൂണ്ടിക്കാണിക്കുന്നതായിരുന്നു. പ്രകൃതിസ്‌നേഹിയായ ഒരു പരിസ്ഥിതി പ്രവർത്തകനും നല്ല കൃഷിക്കാരനുമാണ് അദ്ദേഹമെന്ന് അതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.
അദ്ദേഹം പഴയകാല കൃഷിരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. സങ്കരകൃഷി. അതും ജൈവവളം മാത്രം ഉപയോഗിച്ചുകൊണ്ടുളളത്. പയറും ഉഴുന്നും മുതിരയും കിഴങ്ങുവർഗ്ഗങ്ങളും തെങ്ങും കമുകും എല്ലാം ഇടകലർന്നുളള കൃഷി. ഒരു ഭാഗത്ത് ഒരുവനം തന്നെ സൃഷ്‌ടിച്ചിരിക്കുന്നു. വിവിധതരം വൃക്ഷങ്ങളും അടിക്കാടുകളും ചേർന്ന ഒന്ന്. അതിൽ വിവിധതരം പക്ഷികളും ധാരാളം ചിത്രശലഭങ്ങളും പാറിക്കളിക്കുന്നത് കാണാം.
വീടെന്ന് പറയുമ്പോൾ നമുക്കെല്ലാം ഒരു സങ്കല്പമുണ്ട്. ആ സങ്കല്പങ്ങളെയെല്ലാം തകിടം മറിക്കുന്നതാണ് അദ്ദേഹത്തിന്റെ വീട്. വാസ്‌തുവിദ്യയിൽ വിശ്വാസമില്ലെന്നുതോന്നും അതുകണ്ടാൽ. ഒറ്റമുറി മാത്രമുളള മൂന്നാലു വീടുകൾ. ഇങ്ങനെ ഗൃഹനിർമ്മാണം നടത്തിയതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് എനിക്കങ്ങനെ തോന്നി അതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്‌തു എന്നായിരുന്നു ഉത്തരം. അടുക്കള ഇതിലൊന്നിലാണ്. തന്റെ സമ്പാദ്യത്തിന്റെ ഏറിയപങ്കും ചെലവഴിച്ചു വാങ്ങിയ പുസ്‌തകങ്ങൾ ഇതുപോലെയൊന്നിൽ ഞെങ്ങിഞ്ഞെരുങ്ങിക്കഴിയുന്നു. പ്രത്യേക സ്വഭാവവും വ്യത്യസ്ഥജീവിതവുമാണ് അദ്ദേഹത്തിന്റേതെന്ന് അനുഭവപ്പെട്ടു.
സുകുമാരൻനായരിലെ ചരിത്രകാരനെ കാണാനാണ് ഞാനാഗ്രഹിച്ചത്. പ്രാചീന ചരിത്രകാര്യങ്ങളിൽ നല്ല അറിവുണ്ടെന്ന് പലരിൽ നിന്നും ഞാനറിഞ്ഞിരുന്നു. നമ്മൾ ചരിത്രത്തിന്റെ പേരിൽ വച്ചുപുലർത്തുന്ന പല അറിവുകളും തിരുത്തേണ്ടതാണെന്നുളള അഭിപ്രായം അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.
സ്ഥലനാമങ്ങളുടെ കാര്യത്തിൽപോലും തെറ്റായ നിഗമനങ്ങളാണുളളത്. ചിന്നക്കട ചീനക്കടയായും ചിന്നക്കൊട്ടാരം ചീനക്കൊട്ടാരമായും കടപ്പാക്കട കടപ്പായ് വില്‌ക്കുന്ന കടയായും മറ്റും വ്യാഖ്യാനിക്കുമ്പോൾ ചിരിക്കാനാണ് തോന്നിയിട്ടുളളത്. ചെറിയകട ചിന്നക്കട. മുൻപ് കൊല്ലത്തെ വലിയ കടയായിരുന്നു ചാമക്കട. ഇന്നും പലരും അതിനെ വലിയകട എന്നാണ് പറയാറുളളത്. അതുകൊണ്ടാണ് ചെറിയ കമ്പോളത്തിന് ചിന്നക്കട എന്ന പേരുവന്നത്. ചാമക്കട ഇന്നും പലരും അതിനെ വലിയകട എന്നാണു പറയാറുളളത്. ചിന്നക്കൊട്ടാരത്തിൽ തിരുവിതാംകൂർ രാജാവിന്റെ ശംഖുമുദ്ര പതിപ്പിച്ചിരിക്കുന്നത് ഇന്നും കാണാവുന്നതാണ്. കടപ്പായിൽ എന്ന വീട്ടുകാരുടെ കടയായിരുന്നു കടപ്പാക്കട. കടപ്പായിൽക്കട എന്നു വിളിച്ചു ലോപിച്ചതാണ് കടപ്പാക്കട. അദ്ദേഹം ഇതു പറഞ്ഞപ്പോൾ ഇതുപോലെയുളള ഒരു വസ്‌തുത ഞാനും പറയുകയുണ്ടായി.
ഞാൻ ജനിച്ച വളർന്നത് പ്രാക്കുളത്തിന്റെ തെക്കേ അറ്റത്താണ്. മുനമ്പുപോലെയുളള ആ ഭാഗത്തിനെ ചാമ്പ്രാണിക്കോടിയെന്ന് വിളിച്ചുവന്നു. ചിലർ സാമ്പ്രാണിക്കോടി എന്നും വിളിക്കും. എന്റെ പിതാമഹൻ ഏതാണ്ട് ഒന്നര നൂറ്റാണ്ടിനുമുൻപ് അവിടെ വന്നു താമസിച്ചതാണ്. അന്ന് ആ മുനമ്പിന്റെ പേര് കുമരകത്തുകോടി എന്നായിരുന്നു. കാടും പടലും പിടിച്ച് കിടന്നിരുന്ന അവിടെ ഏതോ ഒരു കുമാരൻ താമസിച്ചിരിക്കണം. എന്റെ മുത്തശ്ശി മരിക്കുന്നതുവരെ കുമരകത്തുകോടി എന്നേ പറഞ്ഞിട്ടുളളൂ. അവിടെ ആ കുന്നിൽ നാലഞ്ചു വൻ കാറ്റാടി മരങ്ങൾ ഉണ്ടായിരുന്നു. ഏതാണ്ട് 60 വരെ അവ അവിടെ ഉണ്ടായിരുന്നു. അതിന്റെ ശരിയായ പേര് അവിടുളളവർക്കും അറിയില്ലായിരുന്നു. അതിന്റെ ഇല നേർത്തതും ഉരുണ്ടതും ഏതാണ്ട് ചന്ദനത്തിരിയുടെ അത്ര നീളമുളളതുമാണ്. അങ്ങനെയാണ് ഈ മരത്തിന് ചാമ്പ്രാണിമരം എന്ന പേര് നൽകിയത്. ബോട്ട് സർവ്വീസ് തുടങ്ങിയപ്പോൾ ഇവിടുത്തെ ജട്ടിക്ക് ചാമ്പ്രാണിക്കോടി ബോട്ട്‌ജട്ടിയെന്ന് ബോട്ടുകാരാണ് വിളിക്കാൻ തുടങ്ങിയത്. അങ്ങനെയാണ് ഈ പേര് ആ സ്ഥലത്തിനു ലഭിച്ചത്. ഇപ്പോൾ നാടിന്റെ ചരിത്രമെഴുതിയ ആൾ ചാമ്പ്രാണിയുമായി കപ്പൽ ഇവിടെ വന്നിരുന്നു എന്നാണ് പറയുന്നത്. കഷ്‌ടം എന്നല്ലാതെ എന്തുപറയാനാണ്?
എട്ടര യോഗത്തിലെ കരുവാപോറ്റി ഇവിടെ അടുത്തുളള കരുവയിലെ പോറ്റിയാണെന്ന വാദത്തേയും അദ്ദേഹം അംഗീകരിക്കുന്നില്ല. കരുവ എന്നതു പോറ്റിയുടെ മഠത്തിന്റെ പേരാകാനാണ് സാധ്യത.
സാധാരണ നാം ജനിച്ചു വളർന്ന സമുദായത്തിന്റെ പെരുമയിലും പാരമ്പര്യത്തിലും ഊറ്റം കൊളളാറുണ്ട്. ചിലർ ഇല്ലാത്തത് ഉണ്ടാക്കിയും വീമ്പിളക്കാറുണ്ട്. അത്തരത്തിലുളള ഒന്നാണ് സുറിയാനി ക്രിസ്‌ത്യാനികളുടെ കഥ. സെന്റ് തോമസ് കേരളത്തിൽ വന്നിട്ടില്ല എന്ന ചരിത്രസത്യം നിലനിൽക്കെ അവർ സെന്റ് തോമസിനാൽ ക്രിസ്‌ത്യാനികളായവരുടെ പിൻതലമുറക്കാരാണെന്ന് ഊറ്റംകൊളളാറുണ്ട്.
സുകുമാരൻനായർ ജനിച്ചു വളർന്ന സമുദായത്തിന്റെ ഗതകാലപ്രൗഡിയിൽ അഭിമാനം കൊളളുന്നതോടൊപ്പം ബ്രാഹ്‌മണസംബന്ധം മൂലം സമുദായത്തിനുണ്ടായ ജീർണ്ണതയെ കാണാതിരിക്കുന്നതുമില്ല. അതു നല്ലൊരു ചരിത്രകാരന്റെ വീക്ഷണമാണ്. വേലുത്തമ്പിദളവയുടെ ഭരണത്തേയും നീതിബോധത്തെയും പ്രശംസിക്കുമ്പോൾ തന്നെ ദളവ ഓലയിൽ കൃഷ്‌ണപിളളയോട് കാണിച്ച കൊടുംക്രൂരതയോട് ഒട്ടുംതന്നെ യോജിക്കുന്നതുമില്ല. അന്ന് നാടുവാണിരുന്ന ബാലരാമവർമ്മമഹാരാജാവിന്റെ വിദ്വേഷത്തിനുവിധേയനായ ദളവയെ വധിക്കാൻ രാജാവ് ഉത്തരവിട്ടതും അതിൽ നിന്നു ദളവയെ ബ്രിട്ടീഷ് റസിഡന്റു മോചിപ്പിച്ച സംഭവവും അദ്ദേഹം പറഞ്ഞു. ഒരു ചരിത്രകാരന്റെ വീക്ഷണം പക്ഷപാതപരമായിരിക്കരുതെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
പെരിനാട്ടുലഹളയെപ്പറ്റിയുളള കാരണങ്ങൾ ഇന്ന് അറിയപ്പെടുന്ന തരത്തിലുളളതായിരുന്നില്ല. ദളിതർ യഥാർത്ഥവസ്‌തുതകൾ മനസ്സിലാക്കാതെ നടത്തിയ ഒരു പ്രക്ഷോഭണമായിരുന്നു അതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലണ്ടൻ മിഷൻ എന്ന ക്രിസ്‌ത്യൻ സംഘം ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹായത്താൽ രാജ്യത്തുടനീളം ദളിതരുടെ ഇടയിൽ മതപരിവർത്തനം നടത്തുന്ന കാലമായിരുന്നു അത്. പെരിനാടുപ്രദേശത്തും ഇത് വ്യാപിക്കാൻ തുടങ്ങിയപ്പോൾ അതിനെ തടയാനുളള ചില ശ്രമങ്ങൾ സവർണ്ണരുടെ ഭാഗത്തുനിന്നുമുണ്ടായി. അത് ദളിതർക്കെതിരായിട്ടുളളതാണെന്ന് ലണ്ടൻമിഷൻമാർ പ്രചരിപ്പിച്ചു. ആ പ്രചരണത്തിൽ ദളിതർ വീണുപോകുകയാണുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. യഥാർത്ഥത്തിൽ സവർണ്ണർ നടത്തിയ ശ്രമം ദളിതർ ഹിന്ദുമതം വിടാതിരിക്കുന്നതിന് വേണ്ടിയായിരുന്നു. കല്ലുമാലയുടെയും കുറുമുണ്ടിന്റെയും കഥകൾ ലണ്ടൻമിഷൻകാർ പ്രചരിപ്പിച്ച കളളക്കഥകളായിരുന്നു. അത് ലഹളയ്‌ക്ക് ആക്കം കൂട്ടാൻ സഹായിക്കയാണ് ചെയ്തത്. ചരിത്രകാരൻ ഇത് ഒരു വിശകലനത്തിനു വിധേയമാക്കേണ്ടതാണ്. ഈ പൊളിച്ചെഴുത്ത് എത്രപേർ സ്വീകരിക്കുമെന്ന് കണ്ടറിയണം. ചരിത്രം, വേദാന്തം, ആയുർവേദം, കൃഷി എന്നീ വിഷയങ്ങളിൽ നല്ല പരിജ്ഞാനം നേടിയിട്ടുളള സുകുമാരൻനായർ ആയുർവേദത്തെ ദേശീയ ചികിത്സാസമ്പ്രദായമായി പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ പട്ടണങ്ങളിലും നേപ്പാൾ, ജാഫ്‌ന എന്നിവിടങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. സന്യാസത്തിൽ താല്‌പര്യമെടുത്ത് കൽക്കട്ട ശ്രീരാമകൃഷ്‌ണാശ്രമത്തിൽ കുറെക്കാലം താമസിച്ച് പഠിച്ചിരുന്നു. ഒടുവിൽ സന്യാസജീവിതം ഉപേക്ഷിച്ചു. ആർ.എസ്.എസ് പ്രവർത്തകനായി. ഇപ്പോൾ അതും ഉപേക്ഷിച്ച് വായിച്ചും ചിന്തിച്ചും എഴുതിയും കഴിയുന്നു.
കോയിക്കൽ യു.പി.സ്‌കൂളിലും ക്രേവൻ, ക്രിസ്‌തുരാജ് എന്നീ സ്‌കൂളുകളിലും വിദ്യാഭ്യാസം. കൽക്കട്ട ജീവിതത്തിനിടയിൽ സംസ്‌കൃതത്തിൽ “ആചാര്യ” പരീക്ഷ പാസായി. ഇപ്പോൾ ഇന്ത്യൻ ആയുർവേദമിഷൻ, കേരളഹെറിറ്റേജ് റിസ്സർച്ച് സെന്റർ, വിവേകാനന്ദകേന്ദ്രം എന്നിവയുടെ ഡയറക്‌ടറാണ്.
കിളികൊല്ലൂർ ചേരിയിൽഗോപാലപിളള വൈദ്യൻ പിതാവ്, പെരിനാട് കുഴിയംമുളമൂട്ടിൽ ഭാർഗ്ഗവിഅമ്മ മാതാവ്.
Generated from archived content: essay1_mar24_08.html Author: d_antony