സൗമ്യം, ദീപ്തം, മധുരം

സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരകാലത്തും രാഷ്‌ട്രീയ നേതൃത്വത്തെ നേർവഴിയ്‌ക്ക്‌ നടത്താൻ നമ്മുടെ സാഹിത്യകാരൻമാർ ശ്രമിച്ചിരുന്നു. ആദർശത്തിലധിഷ്‌ഠിതമായ ഒരു ദർശനം അവർക്ക്‌ എഴുത്തിലും ജീവിതത്തിലും ഉണ്ടായിരുന്നു. ഇന്നത്‌ മാറിയിരിക്കുന്നു. ഇന്ന്‌ ലക്ഷ്യം അക്കാദമികളും സ്മാരകക്കമ്മറ്റികളുമാണ്‌. പലതും കണ്ടില്ലെന്നു നടിക്കുന്നു. ഇപ്പോൾ പ്രതികരിക്കുന്നില്ല എന്നു പറഞ്ഞ്‌ ഒഴിയുന്നു. ഭരണ നേതൃത്വത്തെ പ്രീതിപ്പെടുത്തുക എന്നതാണ്‌ പലരുടേയും പ്രവർത്തനം, ഐസ്‌ക്രീം കേസിൽ പ്രതികരിക്കുന്നവർ വിമാന വിവാദം കണ്ടില്ലെന്ന്‌ നടിക്കുന്നു. പ്രസംഗംകൊണ്ട്‌ അരങ്ങുതകർക്കുന്നവരും പടപ്പാട്ടെഴുതി ഇപ്പോൾ മഹാകവിയാകാൻ ശ്രമിക്കുന്നവരും ഇതിലുണ്ട്‌. രാജഭക്തിമൂത്തു ഒരു മത്സര ഓട്ടത്തിലാണ്‌ ഇവർ.

ഇതിൽപ്പെടാതെ നിൽക്കുന്ന ചിലരും ഇവരുടെ ഇടയിലുണ്ട്‌. ക്ലിക്കിലും ഗ്യാംഗിലും പെടാത്തതുകൊണ്ട്‌ ഇവരെ നമ്മുടെ മാധ്യമങ്ങൾ ശ്രദ്ധിക്കാറുമില്ല. ഇങ്ങനെ ഒരാൾ കൊല്ലത്ത്‌ ജീവിക്കുന്നു. തികഞ്ഞ പണ്ഡിതൻ, ചരിത്രകാരൻ, സാഹിത്യനിരൂപകൻ, വൈയാകരണികൻ, അധ്യാപകൻ എന്നീ നിലകളിൽ അംഗീകാരം നേടിയ ഡോ.എൻ.ആർ.ഗോപിനാഥപിളളയാണ്‌ അത്‌. പാണ്ഡിത്യത്തിന്റെ ഗർവ്വോ തണ്ടോ ഒരു പ്രദർശനവസ്‌തുവായി കൊണ്ട്‌നടക്കാത്തതക്കൊണ്ടു പലരും ഇദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല എന്നുവരാം. മരങ്ങൾ താഴുന്നു ഫലാഗമത്താൽ എന്നു പറഞ്ഞതുപോലെ വിജ്ഞാനം കൊണ്ടു നിറഞ്ഞ മനസ്സും വിനയംകൊണ്ടു കുനിഞ്ഞ ശിരസ്സുമായി അദ്ദേഹം കടന്നുപോകുന്നു.

അദ്ദേഹവുമായി പരിചയപ്പെട്ടപ്പോൾ എന്റെ മനസിൽ ഉദിച്ച വാക്കുകളാണ്‌ സൗമ്യം, ദീപ്തം, മധുരം എന്നിവ. നിങ്ങൾക്കും അദ്ദേഹവുമായി പരിചയപ്പെടുമ്പോൾ ഇതു തോന്നിയേക്കാം.

നമ്മുടെ ദേശനാമങ്ങളുടെ പിന്നിലുളള ചരിത്രം ശാസ്‌ത്രീയമായി വിശകലനം ചെയ്‌ത്‌ ആദ്യമായി ലേഖനങ്ങൾ എഴുതിയത്‌ ഇദ്ദേഹമാണ്‌. പലരും ഐതിഹ്യത്തിന്റെയും വിശ്വാസത്തിന്റെയും പിൻബലത്തിൽ യുക്തിക്ക്‌ നിരക്കാതെ സ്ഥലനാമപുരാണം നടത്തിയിട്ടുണ്ട്‌. ഇതിനു മാറ്റം കുറിച്ചത്‌ ഇദ്ദേഹമാണ്‌. സ്ഥലനാമപഠനം എങ്ങനെ നടത്തണമെന്ന്‌ നല്ലൊരു പ്രബന്ധം തന്നെ അദ്ദേഹം ‘പാഠവും പഠനവും’ എന്ന ഗ്രന്ഥത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ശ്രീ.എൻ.ആറിന്റെ ‘ പാഠവും പഠനവും’ എന്ന ഗ്രന്ഥം ചരിത്രവിദ്യാർത്ഥികൾക്കും ഭാഷാപഠിതാക്കൾക്കും ഏറ്റവും സഹായകമായ ഒന്നാണ്‌. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ലബ്ധപ്രതിഷ്‌ഠരായ പൂർവ്വപക്ഷങ്ങളാണ്‌ പാഠം. അവയ്‌ക്കു നേരെയുളള പ്രതികരണങ്ങളാണ്‌ പഠനം. പൂർവ്വപക്ഷങ്ങളെ പ്രതികരിക്കുന്ന കൃതി തന്നെയാണ്‌ അക്ഷരാർത്ഥത്തിൽ ‘പാഠവും പഠനവും’. തന്റെ ആചാര്യൻ കൂടിയായ ഇളംകുളത്തിന്റെ അഭിപ്രായങ്ങളെ ഗുരുഭക്തി മുൻനിർത്തി തന്നെ അദ്ദേഹം ചോദ്യം ചെയ്യുന്നു ‘എട്ടര യോഗം’ എന്ന പ്രബന്ധത്തിൽ. വളരെ വിവാദപ്രയോഗങ്ങളാണല്ലോ എട്ടരയോഗവും, ഏഴരപ്പൊന്നാനയും പതിനെട്ടരക്കവികളും. അതിലെ “അര” രാജശബ്ദത്തെ സൂചിപ്പിക്കുന്നതാണെന്നുളള അഭിപ്രായത്തെയാണ്‌ അദ്ദേഹം ഖണ്ഡിക്കുന്നത്‌. ഇതിലെല്ലാം സംഖ്യയിലെ പകുതി എന്നർത്ഥമാണെന്ന്‌ അദ്ദേഹം സമർത്ഥിക്കുന്നു. എന്നാൽ അരയാൽ അരമന എന്നിവയിലെ അര രാജാവിനെ കുറിക്കുന്നതാണെന്നും സമർത്ഥിക്കുന്നു. ഉളളൂരിനെയും കേരളസാഹിത്യചരിത്രത്തെയും പ്രകീർത്തിയ്‌ക്കുന്ന അദ്ദേഹം കേരളസാഹിത്യചരിത്രത്തിലൂടെയുണ്ടായിട്ടുളള വൈകല്യങ്ങളും എടുത്തുകാണിക്കുന്നുണ്ട്‌. പൂർവ്വസൂരികളുടെ അഭിപ്രായങ്ങളെ ഖണ്ഡിക്കുമ്പോഴും അവരോടു കാണിക്കുന്ന ആദരവ്‌ അളവറ്റതാണ്‌. ഭാഷാ പഠനത്തിലായാലും ചരിത്രഗവേഷണത്തിനായാലും ശാസ്‌ത്രീയവീക്ഷണത്തോടുകൂടിയ വിശകലനമാണ്‌ ശ്രീ. എൻ.ആർ.നടത്തുന്നത്‌.

‘തരീസ്സാപളളിശാസനവും കൊല്ലം നഗരവും’ എന്ന പ്രബന്ധം വായിച്ചിട്ട്‌ ഞാനൊരു സംശയം അദ്ദേഹത്തോട്‌ ചോദിച്ചു. സെന്റ്‌ തോമസ്സിന്റെ കേരള പ്രവേശത്തെപ്പറ്റിയായിരുന്നു. വർഷങ്ങൾക്ക്‌ മുൻപ്‌ ഡാനിയൽ കണിയാങ്കട “കുരക്കേണികൊല്ലവും ക്രിസ്‌ത്യാനികളും” എന്ന പേരിൽ കേരളഭൂഷണം പത്രത്തിൽ എഴുതിയ ലേഖനത്തിൽ സെന്റ്‌ തോമസ്‌ കേരളത്തിൽ വന്നു എന്നതും നമ്പൂതിരിമാരെ ക്രിസ്‌തുമതത്തിൽ ചേർത്തു എന്നതും കെട്ടുകഥകളാണെന്നും അതിനു ചരിത്രവുമായി യാതൊരു ബന്ധവുമില്ലെന്നും എഴുതിയിരുന്നു. ഇതിനെ തടർന്ന്‌ ഈ വാദഗതികൾ ശരിയാണെന്ന്‌ ശ്രീ.ടി.കെ.ജോസഫും പറയുകയുണ്ടായി. ഈ വസ്‌തുതകൾ ചൂണ്ടിക്കാണിച്ചപ്പോൾ അവരുടെ വാദഗതികൾ ശരിയായിട്ടുളളതാണെന്നും സെന്റു തോമസിന്റെ കേരളപ്രവേശത്തെ സംബന്ധിച്ച്‌ വ്യക്തമായ രേഖകൾ ഒന്നും തന്നെയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സെന്റു തോമസ്‌ ഇന്ത്യയിൽ വന്നതിനെ സംബന്ധിച്ച്‌ ചരിത്രകാരൻമാർക്കു സംശയമില്ല എന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യനിരൂപണ രംഗത്ത്‌ ഡോ.എൻ.ആറിന്റെ പങ്ക്‌ വളരെ വലുതാണ്‌. “തകഴിവഴി” എന്ന പേരിൽ ഡോ. പി.വേണുഗോപാലൻ സമ്പാദനവും പഠനവും നടത്തിയിട്ടുളള ഗ്രന്ഥത്തിലെ “”തകഴിയുടെ നാട്ടുവഴി“ എന്ന എൻ.ആറിന്റെ ലേഖനം ഇതിനു നല്ലൊരു ഉദാഹരണമാണ്‌.

ഭാഷയ്‌ക്ക്‌ എൻ.ആർ. നൽകുന്ന നിർവ്വചനം നോക്കുക ”എഴുത്തുകാരൻ തന്റേതെന്നും വായനക്കാരൻ അവന്റേതെന്നും ഉറച്ചു വിശ്വസിക്കുന്ന ഉൺമയാണു ഭാഷ “തകഴിയുടെ ഭാഷ, അദ്ദേഹത്തിന്റെ ശൈലിയിലെ വ്യക്തിത്വം ഇവയൊക്കെ പ്രതിപാദിച്ചിട്ട്‌ കയറിന്റെ അപൂർവ്വതയിലേക്കു കടക്കുന്ന വിശകലനമാണ്‌ നടത്തിയിട്ടുളളത്‌. ഇത്‌ വളരെ ശ്രദ്ധാർഹമാണ്‌. തോട്ടിയുടെ മകനും രണ്ടിടങ്ങഴിയും ചെമ്മീനും എഴുതിയ തകഴിയിൽ നിന്നും കയറിന്റെ രചയിതാവായ തകഴിയ്‌ക്ക്‌ ബഹുകാതം അകലമുണ്ടെന്നാണ്‌ അദ്ദേഹം പറയുന്നത്‌. കയറിന്റെ രചനയെപ്പറ്റിയുളള അദ്ദേഹത്തിന്റെ അഭിപ്രായം ശ്രദ്ധിക്കുക ”തോട്ടിയുടെ മകനും രണ്ടിടങ്ങഴിയും ജൻമം കൊടുത്തപ്പോൾ തകഴിയ്‌ക്ക്‌ സുദൃഡമായ പ്രതിജ്ഞാബദ്ധതയുണ്ടായിരുന്നു. മണ്ണും മനുഷ്യനും തമ്മിലുളള വെട്ടിയാലും മുറിയാത്ത ആ ബന്ധം ചിത്രീകരിക്കുക അതിന്റെ ലക്ഷ്യമായിരുന്നു. അമ്പലപ്പുഴ കടപ്പുറത്തിന്റെ കഥകൂടിയായ ചെമ്മീനിൽ എത്തിയപ്പോൾ സാമൂഹ്യപ്രതിജ്ഞാബദ്ധത ശ്ലഥബദ്ധമായി കഴിഞ്ഞിരുന്നു. ഗദ്യത്തിൽ എഴുതിയ ഒരു കാല്പനിക ദുരന്തപ്രേമകാവ്യമാണ്‌ ചെമ്മീൻ. ശോകസാന്ദ്രമാണ്‌ ആ കാവ്യം. കാല്പനികതയും ദു;ഖാത്മകഥയും ആണ്‌ അതിന്റെ ഉളളടക്കം. ആദ്യകാലകൃതികളിൽ കാണുന്ന സാമൂഹ്യപ്രശ്നങ്ങൾ ഇഴപിരിച്ചുളള പ്രതിപാദനം സോദ്ദേശ്യമായിരുന്നു. ബോധപൂർവ്വമായിരുന്നു. അറുന്നൂറിലധികം കഥകളും നാൽപതു നോവലുകളും തകഴി എഴുതിയിട്ടുണ്ട്‌ എന്നു പറഞ്ഞാൽ ഇന്നത്തെ തലമുറയ്‌ക്ക്‌ ഒരുപക്ഷേ അവിശ്വസനീയമായി തോന്നും. ആ രചനകളിൽ പലതിന്റെയും നാരുകൾ കൂട്ടിചേർത്തു പിരിച്ചെടുത്തതാണ്‌ കയർ“.

ഇതു വായിച്ചപ്പോൾ യുവാവായ തകഴിയെപ്പറ്റി കേസരി പറഞ്ഞ ഒരഭിപ്രായമാണ്‌ ഓർമ്മ വന്നത്‌. തകഴിയ്‌ക്ക്‌ പ്രേമകഥകൾ എഴുതാൻ പറ്റില്ല. അഥവാ അദ്ദേഹം അത്‌ എഴുതുന്നു എങ്കിൽ അത്‌ മുപ്പത്തിയഞ്ച്‌ വയസിനുശേഷമായിരിക്കും എന്ന്‌ അദ്ദേഹം പറയുകയുണ്ടായി. ചെമ്മീന്റെ രചന മുപ്പത്തിയഞ്ചുവയസിനു ശേഷമായിരുന്നു. ഇതുകൂടി ചേർത്തുവേണം എൻ.ആറിന്റെ അഭിപ്രായത്തെ വിലയിരുത്തേണ്ടത്‌. വളരെ സുദൃഡവും വിശദവുമായ ഒരു വിലയിരുത്തലാണ്‌ തകഴിയുടെ രചനയുടേയും പ്രത്യേകിച്ച്‌ കയറിന്റെയും കാര്യത്തിൽ അദ്ദേഹം നടത്തിയിരിക്കുന്നത്‌.

ചെങ്ങന്നൂരിലെ പുലിയൂരിലെ പ്രശസ്‌തമായ തറവാട്ടിൽ ജനിച്ച ഇദ്ദേഹം മലയാളത്തിൽ എം.എ.യും ഭാഷാശാസ്‌ത്രത്തിൽ പി.എച്ച്‌.ഡി.യും നേടിയിട്ടുണ്ട്‌. കൊല്ലം എസ്‌.എൻ.കോളേജിലും കേരളയൂണിവേഴ്‌സിറ്റിയിലും അധ്യാപകനായിരുന്നു. വകുപ്പ്‌ അധ്യക്ഷനായിട്ടാണ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും വിരമിച്ചത്‌. ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിച്ച ഉളളൂരിന്റെ തെരഞ്ഞെടുത്ത കവിതകളുടെ എഡിറ്റർ ആയിരുന്നു. പ്രൊഫസർ സി.എൽ.ആന്റണി സ്‌മാരക പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എൻഡോവ്‌മെന്റ്‌ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാഷാ നിരീക്ഷണം, രാമചരിതവും പ്രാചീനമലയാളവും, അന്വേഷണം, അനുബന്ധം, സമീക്ഷ, അധ്യാഹാരം, പാഠഭേദം, പാഠവും പഠനവും എന്നിവ കൃതികൾ. കൊല്ലത്തെ ചെമ്മാൻമുക്കിൽ നീതിനഗറിലെ ”മഠത്തിലേത്തു“ വീട്ടിലാണ്‌ താമസം. പ്രൊഫ.ഷേക്സ്‌പിയർ വേലായുധൻനായരുടെ പുത്രി ലതാ.വി.നായരാണ്‌ ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്‌.

Generated from archived content: essay1_jan1_07.html Author: d_antony

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here