കൊല്ലം – കുണ്ടറ റോഡിൽ ചെറുമൂട് കഴിഞ്ഞ് കുണ്ടറയ്‌ക്ക് പടിഞ്ഞാറുള്ള ഒരു സ്ഥലമാണ് നാന്തിരിയ്‌ക്കൽ. ഇപ്പോൾ ക്രിസ്ത്യൻ പള്ളിയും സ്‌കൂളും സ്ഥിതിചെയ്യുന്ന ഇവിടം മുൻപ് ഒരു ജൻമി കുടുംബത്തിന്റെ വകയായിരുന്നു. ‘നാന്തിരിക്കൽ വിള’ എന്നവർ വിളിച്ചുപോന്നു. അവരിൽ നിന്നും പ്രസ്‌തുത സ്ഥലം വിലയ്‌ക്കുവാങ്ങിയാണ് ഇന്നു കാണുന്ന സ്ഥാപനങ്ങൾ ഉണ്ടാക്കിയത്.
വെള്ളിമൺ എന്ന സ്ഥലത്ത് ഒരു കൊട്ടാരമുണ്ടായിരുന്നു. അവിടുത്തെ ഒരു റാണിയുടെ കഥയും കുതിരമുനമ്പും തദ്ദേശവാസികൾക്കെല്ലാം ചരിത്രകഥകളായി അറിവുള്ളതാണ്. കൊട്ടാരത്തിന്റെ അവശിഷ്ടമാണ് ഒരു ക്ഷേത്രമായി ഇന്നുള്ളത്. അവിടെ നിന്നും ഇളയിടത്തു രാജാക്കൻമാരുടെ സേനാനായകൻമാരും കളരിയാശാൻമാരുമായ ഇലഞ്ഞിവേലിൽ കുടുംബക്കാരുടെ വകയായ ഇളംപള്ളൂർ കാവിലേക്ക് ‘വരുത്തുപോക്ക്’ എന്നറിയപ്പെടുന്ന വെളിച്ചപാടും വിളക്കും വരുന്ന ഒരി പതിവുണ്ടായിരുന്നു. അങ്ങനെ ഒരുനാൾ വെള്ളിമണിൽ നിന്നും വെളിച്ചപ്പാട് തുള്ളിവന്ന് വഴിയിലൊരിടത്തു മോഹാലസ്യപ്പെട്ടു വീണു. വെളിച്ചപാടിന്റെ കൈയിലുണ്ടായിരുന്ന നാന്തകം (വെളിച്ചപ്പാടൻമാർ ഉപയോഗിക്കുന്ന ഒരുതരം വാൾ) താഴെ വീഴാതെ കുത്തി നിറുത്തിയപോലെ നിന്നു. ഇത് ഒരു അത്ഭുതവാർത്തയായി നാടാകെ അറിഞ്ഞു. വെളിച്ചപ്പാടിന്റെ കിടപ്പും നാന്തക ഇരിക്കുന്നതും കാണാൻ ധാരാളം ആളുകൾ വന്നു. നാന്തകമിരിക്കൽ കാണാൻ വന്ന ആളുകൾ പറഞ്ഞുപറഞ്ഞ് ക്രമേണ ആ സ്ഥലം നാന്തിരിക്കൽ എന്നറിയപ്പെട്ടു.
ദേവിയുടെ അത്ഭുതശക്തി കൊണ്ടാണ് നാന്തകം വീഴാതെ നിന്നത് എന്ന് നാട്ടുകാർ വിശ്വസിച്ചു. ഒരു കാഞ്ഞിരമരത്തിന്റെ ചുവട്ടിലാണ് ഇത് നടന്നത്. മരത്തിന്റെ ചുറ്റും വെട്ടും കിളയും പാടില്ലെന്ന വിശ്വാസത്തിൽ കല്ലുകൾ വാരിക്കൂട്ടി ഒരു കൂനയുണ്ടാക്കി. അവിടെ വിളക്കുവയ്‌പും ആരാധനയും നടത്തി ചെറിയ കാവ് പോലെയായിത്തീർന്നു. ക്രമേണ അവിടവും ചുറ്റുമുള്ള പ്രദേശവും ‘നാന്തിരിക്കൽ’ എന്ന പേരിലറിയപ്പെട്ടു.
ഇതാണ് നാന്തിരിക്കൽ എന്ന സ്ഥലത്തിന്റെ യഥാർത്ഥ ചരിത്രം.
വേലുത്തമ്പിദളവയുടെ സ്മാരക നിർമ്മാണത്തോടനുബന്ധിച്ചുണ്ടായ വിവാദങ്ങളിൽ സമർത്ഥരായ ഏതോ ചില കുബുദ്ധികൾ ‘നാം തിരിക്കുന്നു’ വെന്ന പുതിയ ഒരു വ്യാഖ്യാനം കണ്ടെത്തി. മണ്ണടിക്കുപോകാൻ വേലുത്തമ്പി പടിഞ്ഞാറോട്ടു നടന്നു നാന്തിരിക്കൽ വരെ വരേണ്ട ഒരു കാര്യവുമില്ലെന്ന് യുക്തിപൂർവ്വമായി ചിന്തിച്ചാൽ മനസിലാവും. തങ്ങളുടെ ലക്ഷ്യപ്രാപ്‌തിക്ക് ഇല്ലാത്ത വ്യാഖ്യാനം ഉണ്ടാക്കി നാന്തിരിക്കലിന്റെ ചരിത്രമറിയാത്തവർ ‘നാം തിരിക്കുന്നു’വെന്ന് ഒരുതരം ‘കുത്തിത്തിരി’പ്പാണ് നടത്തിയത്. അതിന് ഒരു ന്യായീകരണവും നിലനിൽപ്പുമില്ല.
നാന്തിരിക്കലും വേലുത്തമ്പിയുമായി ഒരു പുലബന്ധം പോലുമില്ല എന്നതാണ് സത്യം. വേലുത്തമ്പി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പേ നാന്തിരിക്കലുണ്ട്.
ഇങ്ങനെ ഒരു കൃത്രിമവ്യാഖ്യാനം പ്രചരിപ്പിച്ചതു കൊണ്ട് യഥാർത്ഥ ചരിത്രം വെളിവാക്കാൻ ഇടയായി. ഒരേ കള്ളം പലതവണ ആവർത്തിക്കുമ്പോൾ അത് സത്യസന്ധമായി തോന്നിയേക്കാം. അത്തരം തോന്നലുകളെ നിരാകരിക്കാനാണ് ഈ കുറിപ്പുകൊണ്ട് ലക്ഷ്യമിടുന്നത്.
Generated from archived content: essay3_mar6_07.html Author: cheriyill_sukumarannair