ബാനര്‍ പിടിക്കാന്‍ പെണ്ണു തന്നെ വേണം

ജാഥകള്‍ക്കും പ്രകടനങ്ങള്‍ക്കും പേരു കേട്ട നാടാണല്ലോ നമ്മുടെ കൊച്ചു കേരളം. നിത്യേന എത്രയെത്ര ജാഥകളും പ്രകടനങ്ങളുമാണ് കേരളത്തിലങ്ങോളമിങ്ങോളം നടത്തപ്പെടുന്നത്. ഇത്തരം ജാഥകളിലും പ്രകടനങ്ങളിലുമൊക്കെ പൊതുവേ ബാനര്‍ പിടിച്ച് മുന്‍പില്‍ നടക്കുന്നത് തനി മലയാളി വേഷം ധരിച്ച സ്ത്രീകളായിരിക്കും . തൊട്ടു ചേര്‍ന്ന് സംഘാടകരായ നേതാ‍ക്കള്‍ വലിയ ഗമയില്‍ നീങ്ങുന്നതും കാണാം. സ്ത്രീയെ വെറും കാഴ്ച വസ്തുവാക്കി ജാഥയുടെയും പ്രകടനത്തിന്റേയും മുന്നിരക്ക് കൊഴുപ്പുകൂട്ടുക എന്നതല്ലാതെ സ്ത്രീയെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടു വരികയെന്നതല്ല ഇവരെ മുന്നില്‍ നിറുത്തുന്നതിന്റെ ലക്ഷ്യം . പലപ്പോഴും നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയാണവര്‍ അതു ചെയ്യുന്നത്. നിലവിലുള്ള പുരുഷാധിപത്യ സാമൂഹ്യവ്യവസ്ഥയിലെ സ്ത്രീ ചൂഷണത്തിന്റെ മറ്റൊരു ഉദാഹരണമാണിതും. ഇതില്‍ പുരോഗമനക്കാരും, പിന്തിരിപ്പന്മാരും , വിശ്വാസികളും, അവിശ്വാസികളും എല്ലാം ഉള്‍പ്പെടും.

ആര്‍ഭാടവസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും പ്രദര്‍ശിപ്പിച്ച് വെറും കാഴ്ച വസ്തുക്കളാകുന്നതിലാണ് ബഹുഭൂരിപക്ഷം മലയാളിസ്ത്രീകള്‍ക്കും ഇപ്പോള്‍ താത്പര്യമെന്ന് മറ്റൊരു വശം. അവരെ ആ നിലയിലേക്ക് മെരുക്കിയെടുക്കുന്നതില്‍ പുരുഷസമൂഹം വിജയിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയും കൂടിയപ്പോള്‍ പുരുഷന് കൂടുതല്‍ വിധേയരായി ജീവിക്കുവാനാണ് മലയാളി സ്ത്രീകളുടെ നിയോഗം. സമൂഹത്തിലെ രണ്ടാം നിരയില്‍ നില്‍ക്കാനല്ലാതെ നേതൃത്വ നിരയിലെത്താന്‍ അവര്‍ക്കു കഴിയുന്നില്ല. സംവരണത്തിലൂടെ ചില അധികാര സ്ഥാനങ്ങളിലൊക്കെ എത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്നും പുരുഷന്റെ ഇഷ്ടാനുസരണം വിധേയരായായി കഴിയുന്ന രണ്ടാം തരം പൗരന്മാര്‍ മാത്രമാണ് നമ്മുടെ സ്ത്രീകള്‍. സ്വന്തം പേരിലല്ല , അച്ഛന്റേയോ ഭര്‍ത്താവിന്റേയോ പേരിലറിയപ്പെടാനാണല്ലോ ഭൂരിപക്ഷം സ്ത്രീകളും ഇഷ്ടപ്പെടുന്നതും.

സ്വീകരണയോഗങ്ങളില്‍ താലപ്പൊലി ഒഴിവാക്കണമെന്നുള്ള ചില സംഘടനകളുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണ്. മണിക്കൂറുകളോളം താലപ്പൊലിയേന്തി കാത്തുനിന്നു കുഴഞ്ഞു വീഴുന്ന കുഞ്ഞുങ്ങളേയും സ്ത്രീകളേയും അത്തരം പീഢനങ്ങളില്‍ നിന്നൊഴിവാക്കിയത് നല്ല തീരുമാനമാണ്. കാലോചിതമായ മാറ്റങ്ങള്‍ക്ക് നേതൃത്വസ്ഥാനത്തുള്ളവര്‍ തയ്യാറാകുന്നത് സ്വാഗതാര്‍ഹം തന്നെ. എല്ലാ മേഖലകളിലും അതുണ്ടാകട്ടേ എന്നാശിച്ചു പോകുന്നു.

Generated from archived content: essay1_jan21_12.html Author: cheppad_somanadhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here