ഒരു വൈകുന്നേരത്താണ് സംഭവം നടക്കുന്നത്. അതും നാട്ടിൻപുറത്തെ ഷാപ്പിനു മുന്നിൽവച്ച്. അവർ മൂന്നുപേരും കയർത്തു സംസാരിച്ചുകൊണ്ടായിരുന്നു ഷാപ്പിൽ നിന്നുമിറങ്ങിയത്. ഷാപ്പിന്റെ വിശാലമായ മുറ്റം ഗ്രാമപാതയോട് ചേർന്നു കിടന്നു. മുറ്റത്തെത്തിയ അവർ കൂടുതൽ ഒച്ചവെയ്‌ക്കുകയും പുലഭ്യം പറയുകയും കൂട്ടത്തിൽ ആരോ ഒരാൾ മറ്റൊരാളുടെ മുഖത്തടിക്കുകയും ചെയ്തു. അയാൾ ഒന്ന് കറങ്ങി മുന്നിൽ കണ്ടവന് ഒന്നു പൊട്ടിച്ചു. അയാൾ തല്ലിയവനായിരുന്നില്ല. അങ്ങനെയാണ് കൂട്ടയടി നടന്നത്.
വഴിയാത്രക്കാർ തല്ല് നോക്കി നടന്നുപോയി. ഷാപ്പിലുണ്ടായിരുന്നവർ കൗതുകത്തോടെ അതെല്ലാം കണ്ടുനിന്നു. അവർ മൂന്നുപേരും പരസ്പരം അടിയ്‌ക്കുകയും, തൊഴിക്കുകയും വീഴുകയും ചെയ്തു. ഇടയ്‌ക്ക് ആരാ നിലവിളിച്ചു. “എന്നെ രക്ഷിക്കണേ”യെന്ന ഒച്ച കേട്ടു. അടുത്ത നിമിഷം ഒന്നാമൻ മുഖമടിച്ചു വീണു. പിന്നെ രണ്ടാമനും തൊട്ടുപുറകെ മൂന്നാമനും വീണു.
ഇതിനിടെ ഷാപ്പുടമ പോലീസ്‌സ്‌റ്റേഷനിലേയ്‌ക്ക് ഫോൺ ചെയ്തിരുന്നു. ഷാപ്പിനു മുന്നിൽ പോലീസ് വാഹനം വന്നുനിന്നു. എഴുന്നേറ്റോടുവാനോ, നിൽക്കുവാനോ കഴിയാത്തവിധം അവർ തളർന്നിരുന്നു. പോലീസുകാർ മൂന്നുപേരെയും നോക്കി. കമിഴ്‌ന്നു കിടന്ന ഒരുത്തനെ കാലുകൊണ്ട് ചവിട്ടി മലർത്തിയിട്ടു. അയാളുടെ മുണ്ട് സ്ഥാനം തെറ്റികിടന്നു. അയാൾ ഒരു മുസ്ലീം ആണെന്ന് മനസിലാക്കാൻ പെട്ടെന്ന് കഴിഞ്ഞു. കാരണം അയാളുടെ കോണകം പച്ചയായിരുന്നു.
രണ്ടാമൻ നെറ്റിപൊട്ടി ഉടുവസ്‌ത്രം കീറപ്പെട്ടാണ് കിടന്നത്. അയാൾ ഒരു എസ്.എൻ.ഡി.പി.ക്കാരനാണെന്ന് മനസിലാക്കുവാൻ തെല്ലും പ്രയാസമുണ്ടായില്ല. കാരണം കീറപ്പെട്ട അയാളുടെ ഉടുവസത്രത്തിനിടയിലൂടെ കണ്ട കോണകം മഞ്ഞയായിരുന്നു.
മൂന്നാമൻ എഴുന്നേറ്റു നിൽക്കാനാകാത്ത വിധം ഊർദ്ധശ്വാസം വലിച്ചുകിടക്കുകയായിരുന്നു. അയാളുടെ ഉടുവസ്‌ത്രം പാടെ അഴിഞ്ഞാണ് കിടന്നത്. പാവം അയാൾ ഒരു നായരായിരുന്നു. കാരണം അയാൾക്ക് കോണകം ഉണ്ടായിരുന്നില്ല!!!
Generated from archived content: story1_apr10_07.html Author: chenthappooru