ഞാനോർക്കുന്നു. ഫെബ്രുവരി 21നും 22നും രാത്രിയുടെ ഏതോ നിശ്ശബ്‌ദയാമങ്ങളിൽ മരണഭീകരതയുടെ കിനാവുകൾ കണ്ട് ഞാനുണർന്നു. സ്വപ്‌നങ്ങൾ മുന്നറിയിപ്പുകളെന്ന് എവിടെയാണ് വായിച്ചത്? 23-ലെ വൈകുന്നേരം വിഷാദഭരിതമാകുമ്പോൾ സ്വപ്‌നങ്ങൾ നൽകിയ സൂചന എന്തായിരുന്നുവെന്ന് ഒരു നടുക്കത്തോടെ ഞാനൂഹിച്ചെടുക്കുന്നു.
23-ന് പതിവുപോലെ ഞാൻ നഗരത്തിലെത്തി. ബുക്ക് സ്‌റ്റാളിൽ അൽപ്പനേരം കുശലം പറഞ്ഞിരുന്നു. പിന്നെ ഹോട്ടലിലേയ്‌ക്ക്. ഹോട്ടലിൽ ഇരിക്കുമ്പോൾ ഒരു ഫോൺ.
‘വിക്രമൻസാർ റൂമിൽ മരിച്ചുകിടക്കുന്നതായി അറിയുന്നു. അവിടംവരെ പോയി വാർത്ത ശരിയോ എന്നറിയണം’. ഞാൻ ബുക്ക് സ്‌റ്റാളിൽ തിരികെ എത്തി. ബാഗ് അവിടെ വച്ച് ഓട്ടോയിൽ ലോഡ്‌ജിലേയ്‌ക്ക് പോയി. അവിടെ എത്തുമ്പോൾ ആറ് മണി കഴിഞ്ഞിരിക്കണം. ലോഡ്‌ജിൽ വെളിച്ചം ഉണ്ടായിരുന്നില്ല. എങ്കിലും ഇരുണ്ട ഇടനാഴിയിലൂടെ മുറിയിലേയ്‌ക്ക് നടക്കുമ്പോൾ വല്ലാത്ത ഭയം എന്നെ ബാധിച്ചിരുന്നു. ഞാൻ തിരിച്ചിറങ്ങി. ഓട്ടോക്കാരനെ പറഞ്ഞുവിട്ടു. പിന്നെ വെളിച്ചം വരുന്നതുവരെ കാത്തുനിന്നു. വെളിച്ചം വന്നപ്പോൾ വീണ്ടും മുറിയിലേയ്‌ക്ക്. വാർത്ത ശരിയാകരുതേ എന്നാണ് പ്രാർത്ഥിച്ചത്. കൂട്ടിന് ഒരാളെ വിളിച്ചെങ്കിലും അയാൾ വന്നില്ല. പ്രകാശം നിറഞ്ഞ മുറിയുടെ വാതിൽ തുറന്നുകിടന്നു. ഇടനാഴിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഭയപ്പെടുത്തുന്ന നിശ്ശബ്‌ദത. ഒരു നിമിഷം മുറിയുടെ വാതിൽക്കൽ ഞാൻ സ്‌തബ്‌ധനായി നിന്നു. കട്ടിലിൽ, ഭിത്തിയിൽ ചാരി, കൈകൾ നെഞ്ചോട് ചേർത്ത്, തല കുനിച്ച്, കാലുകൾ കട്ടിലിന് പുറത്തേയ്‌ക്ക് നീട്ടി തറയിൽ മുട്ടിച്ച് വിക്രമൻ മുഖത്തല എന്ന ദുരന്തവിധിയുടെ സഹയാത്രികൻ ചേതനയറ്റിരിക്കുന്നു. തലേനാൾ കണ്ട പ്രിയ സുഹൃത്ത്.
മുന്നിൽ മേശമേൽ പുസ്‌തകങ്ങൾ. ഒഴിഞ്ഞ മദ്യക്കുപ്പി. ഗ്ലാസ്സുകൾ… മുട്ടത്തോടുകൾ… താഴെ കട്ടിലിൽ തലയ്‌ക്കൽ മറ്റൊരു മദ്യക്കുപ്പി.
ഞാൻ ഓർമ്മിച്ചു. മരണം അതിന്റെ നീരാളിക്കൈകൾ വിടർത്തുമ്പോൾ ഈ നിരാശാഭരിതൻ എന്താണ് ചിന്തിച്ചിരിക്കുക? ആരെയൊക്കെയാണ് വിചാരിച്ചിരിക്കുക? ഇന്നലെവരെ അനുഭവിച്ച നരകജീവിതത്തിൽ നിന്നുളള മുക്തി ഓർത്ത് പുഞ്ചിരിച്ചുവോ? അതോ സന്തോഷങ്ങൾ കടലെടുത്തുപോയ നിമിഷങ്ങളെണ്ണി കണ്ണീർ പൊഴിച്ചുവോ?
ഞാൻ ഹൃദയഭാരത്തോടെ നഗരത്തിലെത്തി. കേട്ട വാർത്ത സത്യമെന്നറിയിച്ചു. സുഹൃത്തുക്കളുമായി വീണ്ടും ലോഡ്‌ജിലെത്തി. ആളുകൾ കൂടിക്കൂടി വന്നു. നിയമ നടപടികൾ വളരെവേഗം പൂർത്തിയായി. ആംബുലൻസ് വന്നു. എന്തോ എനിക്ക് ഒപ്പം പോകണമെന്ന് തോന്നി. ശവവണ്ടികളെയും മൃതദേഹങ്ങളെയും ഭയമായിരുന്ന എനിക്ക് അപ്പോൾ ഭയം തോന്നിയില്ല. സ്‌ട്രക്‌ചറിൽ കിടക്കുന്ന ദൈന്യത തളം കെട്ടികിടക്കുന്ന മുഖത്തേയ്‌ക്ക് നീളുന്ന കണ്ണുകൾ….മൂക്കിനരികിലൂടെ ഉണങ്ങിയ ചോരച്ചാൽ…വാഹനങ്ങൾ ആശുപത്രിയിലേയ്‌ക്ക് നീങ്ങി. മോർച്ചറിയുടെ കൊടുംശൈത്യത്തിൽ മൃതദേഹം വച്ച് മടങ്ങിയ ആ രാത്രി ഒരുപാട് സൗഹൃദസ്‌മരണകളാൽ ഞാനുറങ്ങിയില്ല.
24-ന് ഭൗതികശരീരം അഗ്‌നിനാളങ്ങൾ ഏറ്റുവാങ്ങി. വിക്രമൻ മുഖത്തല ഒരു വലിയ പാഠമായി മുന്നിൽ നിൽക്കുന്നു. ഹൃദയശൂന്യമായ ജീവിതത്തിൽ നിസ്സഹായനായി തീരുന്ന ഒരു മനുഷ്യന്റെ വിധി. കരുതലുകളും മുൻവിധികളുമില്ലാതെ ജീവിക്കുന്നവന്റെ ദുരന്തം. സങ്കൽപ്പങ്ങൾക്കൊപ്പം ജീവിതയാഥാർത്ഥ്യങ്ങളെ ഉൾക്കൊളളാനാകാത്തവന്റെ തകർച്ച. അപകടസൗഹൃദങ്ങളെ നിയന്ത്രിക്കാത്തവന്റെ ദയനീയ പരാജയം.
അങ്ങനെ പലതും വിക്രമൻ മുഖത്തലയുടെ ജീവിതത്തിലൂടെ വായിച്ചെടുക്കാം. തകർന്ന ജീവിതത്തെ മറ്റൊന്നിലൂടെ ഉയർപ്പിക്കാൻ ശ്രമിക്കാതെ തകർച്ചയിൽ നിന്ന് തകർച്ചയിലേയ്‌ക്ക് കൂപ്പ് കുത്തി, ഒന്നിനും വേണ്ടി ജീവിക്കാതെ, ഒന്നുമാകാതെ പോയ ശുദ്ധഹൃദയനായ കഥാകൃത്ത്.
ഓർമ്മയിൽ-
ഒഴിഞ്ഞ മദ്യക്കുപ്പികൾ…ഗ്ലാസ്സുകൾ… മുട്ടത്തോടുകൾ….
29-ന് സുഹൃത്തുക്കൾ യോഗം ചേർന്ന് സൗഹൃദസ്‌മരണകൾ പങ്കുവച്ചു നഗരം കണ്ട ഹൃദയാർദ്രമായ ചടങ്ങായിരുന്നു അത്.
മാർച്ച്-3 രാത്രി. ഞാൻ മുറിതുറന്ന് പുറത്തേക്ക് ഇറങ്ങുന്നു. മുറ്റത്ത് ആരോ നിൽക്കുന്നു. വിളക്ക് തെളിച്ച ഞാൻ ഞെട്ടിപ്പോയി. വിക്രമൻ മുഖത്തല തൊട്ടുമുന്നിൽ. കറുത്ത പാന്റ്…ഇളം നീല ഷർട്ട്….തോൾ സഞ്ചി….
ഒരു നിലവിളിയോടെ ഞാനുണർന്നു.
അപ്പോൾ എവിടെ നിന്നോ പുലർച്ചക്കോഴി നീട്ടിക്കൂവി.
Generated from archived content: essay1_mar.html Author: chenthappooru