പുസ്‌തകോത്സവം സംസ്ഥാന വ്യാപകമാക്കാൻ നിർദ്ദേശം നല്‌കണം

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആദ്യമായി പുസ്‌തകോത്സവത്തിന്‌ തുടക്കം കുറിച്ചത്‌ കൊല്ലം ജില്ല എന്നത്‌ അഭിമാനിക്കാൻ വകതരുന്നു. അച്ചടിയുടെ ഈറ്റില്ലമായ കൊല്ലത്തുതന്നെ അതിന്‌ തുടക്കമായത്‌ ചരിത്രനിയോഗമാകാം.

മുൻവർഷങ്ങളിൽ താലൂക്ക്‌ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരുന്ന പുസ്‌തകോത്സവം ഇത്തവണ അഞ്ച്‌ താലൂക്കുകളേയും സംഘടിപ്പിച്ച്‌ കഴിഞ്ഞ മേയ്‌ 10 മുതൽ 25 വരെ കൊല്ലം പബ്ലിക്‌ ലൈബ്രറിയിൽ നടക്കുകയുണ്ടായി. ഇതൊരു ചരിത്രസംഭവമാണ്‌. കേരളത്തിലെ ഇരുപതോളം പ്രസാധകർ ഈ സംരംഭത്തിൽ പങ്കെടുത്തു.

ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷൻ എന്നൊരെണ്ണം നിലവിലുണ്ടെന്ന്‌ ബോദ്ധ്യപ്പെടുത്തുവാൻ ഒരു ടി.എൻ.ശേഷൻ വേണ്ടിവന്നു. അതുപോലെ ഗ്രന്ഥശാലകൾക്കുമേൽ ജില്ല ലൈബ്രറി കൗൺസിൽ എന്നൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും, സംഘത്തിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും അതിവിപുലമെന്നും പൊതുജനങ്ങൾക്കും ലൈബ്രറി പ്രവർത്തകർക്കും ബോധ്യപ്പെടാൻ ഈ പുസ്‌തകോത്സവം കാരണമായിട്ടുണ്ട്‌. പുതിയ കാഴ്‌ചപ്പാടോടുകൂടി സംഘടിപ്പിക്കപ്പെട്ട പുസ്‌തകോത്സവത്തിന്റെ അമരക്കാരായ ശ്രീ.കെ.ബി.മുരളീകൃഷ്‌ണൻ, എം.ഗംഗാധരൻപിളള, ഉമയനല്ലൂർ കുഞ്ഞുകൃഷ്‌ണപിളള, അഡ്വഃസുനിൽ, പ്രൊഫ. എസ്‌.അജയൻ, സിനി തുടങ്ങിയവർ ഏറെ അഭിനന്ദനം അർഹിക്കുന്നു.

ഗ്രന്ഥശാലകൾക്ക്‌ ലഭിക്കുന്ന ഗ്രാന്റ്‌ തുക ഒന്നോ രണ്ടോ പ്രസാധകരിൽ ചെന്ന്‌ ചേരുന്ന ദുഃസ്ഥിതി ഒഴിവാക്കുവാനും ഗ്രന്ഥശാലകൾക്ക്‌ വൈവിധ്യമാർന്ന പുസ്‌തകങ്ങൾ വമ്പിച്ച വിലക്കിഴിവിൽ സമാഹരിക്കുവാനും പുസ്‌തകോത്സവം ഉപകരിക്കും. കേരളത്തിലെ അനേകം സമാന്തരപ്രസാധകർ മികച്ച പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്‌. കുത്തക പ്രസാധകർ സമാന്തര പ്രസാധകരെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുമ്പോൾ സമാന്തര പ്രസാധകരുടെ നല്ല പുസ്‌തകങ്ങൾ വില്‌പന നടത്തുവാനും, പ്രസാധകരംഗത്ത്‌ ആത്മവിശ്വാസത്തോടെ നിലനിൽക്കുവാനും മേളകൾ വഴിയൊരുക്കുന്നു. കൂടാതെ പുസ്‌തകോത്സവങ്ങളിൽ വമ്പിച്ച പൊതുജനസമ്പർക്കമുണ്ടാകുന്നുണ്ട്‌. അവർ മേളകൾ കുടുംബസമേതം സന്ദർശിക്കുകയും, ആവശ്യമായ പുസ്‌തകങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നു. പുസ്‌തകശാലകളിൽ കയറാത്തവരേയും പുസ്‌തകം വാങ്ങാത്തവരേയും മേളകൾ ആകർഷിക്കുന്നു എന്നത്‌ ചെറിയ കാര്യമല്ല. വായനയുടെ ലോകം വിപുലമായിത്തീരുവാൻ സംസ്ഥാനത്തുടനീളം പുസ്‌തകോത്സവങ്ങൾ സംഘടിപ്പിക്കുവാൻ സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ ലൈബ്രറികൾക്ക്‌ മാർഗ്ഗനിർദ്ദേശം നൽകണം.

ഗ്രന്ഥശാലകൾക്ക്‌ ചില പ്രസാധകർ നൽകിയിരുന്ന കമ്മീഷനും, കളളബില്ലും പുസ്‌തകോത്സവത്തോടെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്‌. സ്ഥിരവ്യവസ്ഥയിൽ എന്നുളള വ്യതിയാനം ഉൾക്കൊളളാനാകാത്തവർ പുസ്‌തകോത്സവത്തെ തകർക്കാൻ ആസുത്രിതമായ ശ്രമം നടത്തിയേക്കാം. അത്തരം നീക്കത്തെ പ്രതിരോധിക്കാനും വരും വർഷങ്ങളിലും പുസ്‌തകോത്സവം സംഘടിപ്പിക്കാനും പുതിയ ഭരണസമിതികളും മുന്നോട്ട്‌ വരണം. കേരളത്തിലെ പ്രസാധകരുടെ പൂർണ്ണ പിന്തുണ ഇക്കാര്യത്തിൽ ഗ്രന്ഥശാലാപ്രവർത്തകർക്കുണ്ടാകും.

മൺമറഞ്ഞ പ്രിയ എഴുത്തുകാരുടെ രചനകൾ മാറ്റിയും മറിച്ചും പ്രസിദ്ധീകരിച്ച്‌ ഒരുകൂട്ടർ വായനക്കാരെ കബളിപ്പിക്കുന്ന വസ്‌തുത തിരിച്ചറിയണം. മുൻതലമുറക്കാരായ എഴുത്തുകാരോടൊപ്പം പുതിയ എഴുത്തുകാരുടെ പുസ്‌തകങ്ങൾക്കും ഗ്രന്ഥശാലകളിൽ ഇടം ലഭിക്കേണ്ടതുണ്ട്‌. മാത്രമല്ല നമ്മുടെ ഗ്രന്ഥശാലകളിൽ ഡിറ്റക്‌ടീവ്‌ സാഹിത്യത്തിനുളള ഇടവും ഒഴിവാക്കപ്പെടണം. സാഹിത്യമൂല്യമുളള പുസ്‌തകങ്ങൾക്കൊപ്പം വൈജ്ഞാനികവും ആത്മീയവുമായ പുസ്‌തകങ്ങളാണ്‌ ഇനി ഗ്രന്ഥശാലകളെ സമ്പന്നമാക്കേണ്ടത്‌. അത്തരത്തിലുളള മാർഗ്ഗനിർദ്ദേശം ഗ്രന്ഥശാലകൾക്ക്‌ നൽകുന്നതോടൊപ്പം പ്രചരണവും ആവശ്യമാണ്‌.

അടുത്ത വർഷം മറ്റ്‌ ജില്ലകളിലും പുസ്‌തകോത്സവം സംഘടിപ്പിക്കപ്പെടുമെന്ന്‌ പ്രത്യാശിക്കാം. അതിന്‌ കൊല്ലം മാതൃകയാകട്ടെ.

Generated from archived content: essay1_june.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here