അമ്പല വിശ്വാസികളായി ജീവിക്കരുത്‌

മുഖക്കുറിപ്പ്‌

‘ദൈവമേ എന്ന്‌ വിളിക്കാത്തതായി ദൈവമേയുളളൂ’വെന്ന എന്റെ കാവ്യശകലമാണ്‌ ഈ കുറിപ്പെഴുതുമ്പോൾ മനസ്സിലുണർന്നത്‌. അത്‌ ദൈവവിചാരത്തെ സാധൂകരിക്കണമെന്ന തോന്നലിനെ ബലപ്പെടുത്തുകയും ചെയ്‌തു. ഒരാൾ തന്റെ ഇടവേള ജീവിതത്തിന്റെ മൺതിട്ടയിൽ നിന്നുകൊണ്ട്‌ ദൈവം ഉണ്ടായിരുന്നുവോ ഇല്ലയോ എന്ന്‌ അന്വേഷിക്കുന്നത്‌ വിഡ്‌ഢിത്തം തന്നെ. ഒരു വിശ്വാസിയുടെ സ്വാതന്ത്ര്യം അവിശ്വാസിക്കുമുണ്ട്‌. എന്നാൽ ഈ സ്വാതന്ത്ര്യം വിശ്വാസികൾക്ക്‌ മേലുളള അന്ധമായ കടന്നാക്രമണമാകാതിരിക്കാൻ ശ്രദ്ധവയ്‌ക്കേണ്ടതാണ്‌. തന്റെ പിതാവ്‌ ശങ്കരപ്പിളളയെന്ന്‌ തിരിച്ചറിയുകയും, ശങ്കരപ്പിളളയുടെ പിതാവ്‌ ഗോവിന്ദപ്പിളളയെന്ന്‌ കേട്ടറിയുകയും, ഗോവിന്ദപ്പിളളയുടെ പിതാവ്‌ ആരെന്ന ചോദ്യത്തിൽ ഒരാൾ ത്രിശങ്കുസ്വർഗ്ഗത്തിൽപെട്ട്‌ ഉഴലുകയും തന്റെ യഥാർത്ഥ പിതാവിനെ കണ്ടെത്താനാകാതെ ശങ്കരപ്പിളളയെന്ന പിതാവിൽ എത്തിച്ചേരേണ്ടിവരുന്നതുപോലെയാണ്‌ ചില അന്വേഷണങ്ങൾ. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിച്ചെടുക്കാനാകാത്തവിധം അത്‌ മനുഷ്യജീവിതവുമായി അത്യഗാധമായി ലയിച്ചുകിടക്കുന്നു. ദൈവനിഷേധികളായ പുരോഗമനവാദികളെ (പുരോഗമനവാദികളുടെ വീടുകൾ പരിശോധിച്ചാൽ ഒരു മുറി ദൈവങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്‌ കാണാം). മുഴുവൻ സമയ ദൈവ ദാസന്മാരാക്കികൊണ്ടാണ്‌ കാരുണ്യവാനായ ദൈവം തന്റെ ദിവ്യസാന്നിധ്യത്തെപ്പറ്റി മൂന്നാമന്‌ ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്‌. അവന്റെ ശക്തി ചൈതന്യങ്ങൾ അനുഭവവേദ്യമാകാൻ യുക്തിവാദികളും നിരീശ്വരവാദികളും ആവശ്യമായി വരുന്നുണ്ട്‌. എലിയുളള വീട്ടിലെ പൂച്ചയ്‌ക്ക്‌ പ്രാധാന്യവും അകത്തളങ്ങളിൽ ഇടവുമുണ്ടാവുകയുളളൂ.

ഈശ്വരവിശ്വാസത്തെയും അമ്പല വിശ്വാസത്തെയും വേർതിരിച്ചു കാണാവുന്നതാണ്‌. അമ്പലവിശ്വാസി ഈശ്വരവിശ്വാസിയും നല്ല ഈശ്വരവിശ്വാസി അമ്പലവിശ്വാസിയും ആകണമെന്നില്ല. ആരാധനാലയങ്ങൾക്ക്‌ അഭയശാന്തിയുടെ ആശ്വാസകിരണങ്ങളാണ്‌ പ്രദാനം ചെയ്യാൻ കഴിയുന്നത്‌. ആവശ്യങ്ങളുടെ പലവ്യഞ്ജനക്കുറിപ്പുമായിട്ടാണ്‌ വിശ്വാസികളിന്ന്‌ ആരാധനാലയങ്ങളിലെത്തുന്നത്‌. പ്രാർത്ഥനകൾ ഭൗതിക നേട്ടങ്ങൾക്കായി നീക്കി വയ്‌ക്കുന്നതുകൊണ്ട്‌ റേഷൻകടയിലെ വില വിവരപ്പട്ടിക പോലെ ക്ഷേത്രച്ചുമരുകളിലും വഴിപാട്‌ വില നിലവാരപ്പട്ടിക സ്ഥാനം പിടിക്കുന്നു. അമ്പലവിശ്വാസികൾ നാനാതരത്തിലുളള ചൂഷണങ്ങൾക്കാണ്‌ വിധേയരാകുന്നത്‌. അമ്പലവിശ്വാസിയുടെ ഭക്തിക്കും മുന്നിൽ നിൽക്കുന്ന ഭയത്തെയാണ്‌ ഇവിടെ കെണിയിൽ കുടുക്കി എടുക്കുന്നത്‌. യഥാർത്ഥ ഈശ്വരവിശ്വാസിയെ ഭൗതിക ചിന്തകൾ വേട്ടയാടുന്നില്ല. അയാൾ വിശ്വാസത്തിന്റെ പരമാനന്ദം അറിയുന്നവനും, ചൂഷണങ്ങളിൽ നിന്ന്‌ മുക്തനുമാണ്‌. വിശ്വാസികൾക്ക്‌ കേന്ദ്രീകരിക്കാനുളള ഇടങ്ങളാണ്‌ ആരാധനാലയങ്ങൾ. വിശ്വാസം എന്നത്‌ ജീവിതത്തിന്റെ അടിത്തറയുമാണ്‌. കൂടെ കഴിയുന്ന, കിടക്ക പങ്കിടുന്ന ഭാര്യയെ ഭർത്താവും ഭർത്താവിനെ ഭാര്യയും വിശ്വസിക്കുന്നതുകൊണ്ടാണ്‌ കുട്ടികളടങ്ങുന്ന കുടുംബം ഭദ്രത കൈവരിക്കുന്നത്‌. ഇതേ ഭദ്രത സമൂഹത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന ചൈതന്യമാണ്‌ വിശുദ്ധമായ ഈശ്വരീയത.

ദൈവം പാർക്കുന്നത്‌ ഒരാളുടെ ഹൃദയത്തിലാണ്‌. ഹൃദയത്തിൽ ദൈവം കുടിയിരിക്കുന്നവനേ ത്യാഗത്തിന്റെ വഴികൾ സ്വപ്നം കാണാൻ കഴിയുകയുളളൂ. അപ്പോൾ ഒരാളെ മഹാത്യാഗിയാക്കുന്നതിൽ ദൈവചിന്തകൾക്ക്‌ ചെറുതല്ലാത്ത പങ്കുണ്ട്‌. ഹൃദയത്തിൽ നിന്നും ദൈവത്തെ കുടിയിറക്കി വിട്ടവരാണ്‌ അധികം അമ്പലവിശ്വാസികളും. ആരാധനാലയങ്ങൾ പലതരത്തിൽ ആശാന്തി പകരുന്നത്‌ ഈ വിധത്തിലാണ്‌. ദൈവത്തെ വിരട്ടിയോടിക്കുന്ന ചന്തപ്രാർത്ഥനകളാണ്‌ ചുറ്റും അരങ്ങ്‌ തകർക്കുന്നത്‌. നിശബ്ദപ്രാർത്ഥനകൾ മറന്നുപോയിരിക്കുന്നു. ഇന്ന്‌ വിശ്വാസങ്ങൾ മേധാവിത്വത്തിന്റെ സ്വരഗതികളാണ്‌ പുറപ്പെടുവിക്കുന്നത്‌. ഇത്‌ വിശ്വാസികൾ തിരിച്ചറിയുക തന്നെ വേണം.

ആളുകളെ കൂടുതലായി അമ്പലങ്ങളിലേയ്‌ക്ക്‌ ആകർഷിച്ച്‌ ആദായമുണ്ടാക്കുന്ന പുതിയ തന്ത്രങ്ങൾ ഇപ്പോൾ രൂപപ്പെടുന്നുണ്ട്‌. ഇവിടെയാണ്‌ യുക്‌തിവാദപ്രസ്ഥാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടത്‌. വിശ്വാസങ്ങളെ അംഗീകരിച്ചുകൊണ്ടും, ആദരിച്ചുകൊണ്ടും അതിന്റെ മറപിടിച്ച്‌ നിർവ്വഹിക്കപ്പെടുന്ന ഭക്‌തി പ്രകടന വിശ്വാസചൂഷണങ്ങളെ എതിർക്കാനും, അങ്ങനെ പ്രസക്‌തി ഏറുകയും, അവ സ്വീകരിക്കപ്പെടുകയും ചെയ്യും. ദൈവമില്ലെന്ന വാദഗതി മുറുകെ പിടിക്കുന്നതുമൂലമാണ്‌ യുക്‌തിവാദ പ്രസ്ഥാനം വംശനാശം നേരിടുന്നത്‌.

ആരാധനാലയങ്ങളിൽ സ്‌ഥിരമായ പൂജാവിധികളും മറ്റും വ്യക്തികളും കുടുംബങ്ങളും തുടങ്ങിവയ്‌ക്കുന്നതും നല്ല പ്രവണതയല്ല. തലമുറകൾക്ക്‌ തന്നെ അതൊരു ബാധ്യതയായി തീരും. ഭയം നിമിത്തമാണ്‌ തുടങ്ങിവച്ചവ പിന്തുടരാൻ പിൻമുറക്കാർ നിർബന്ധിതരാകുന്നത്‌. മുടക്കം ആശങ്കകൾ വളർത്തിയെടുക്കുകയും വ്യക്തിയും കുലങ്ങളും പാടെ നശിച്ചുപോകാൻ ഇടവരുത്തുകയും ചെയ്യാം. ഏതൊന്നിലുമുളള സമ്പൂർണ്ണമായ വിധേയത്വം യുക്‌തിചിന്തകളെ കശാപ്പ്‌ ചെയ്‌ത്‌ വ്യക്‌തിയെ അടിമയും അയാൾക്ക്‌ തടവറകളും നിർമ്മിക്കുന്നു. തടവറകളെ ഭേദിച്ച്‌ നിൽക്കാൻ കഴിയുന്നിടത്ത്‌ വ്യക്തിത്വത്തിന്റെയും പതാക ഉയർന്നുവരും. അറിയപ്പെടേണ്ട ദൈവം മനസ്സാണെന്നാണ്‌ വസിഷ്‌ഠൻ ശ്രീരാമനെ ഉപദേശിച്ചത്‌.

നീ എന്റെ ഈശ്വരനാകുക

ഞാൻ നിന്റെ ഈശ്വരനാകുക

നാമെല്ലാം ഈശ്വരന്മാരായാൽ

സുന്ദരം ഈ ലോകമൊരമ്പലം

നവീകരിക്കപ്പെടുന്ന വിശ്വാസങ്ങളിലൂടെ മാത്രമേ ഇങ്ങനെ ഒരു നവലോകം രൂപപ്പെടുകയുളളൂ. നമുക്കു വേണ്ടതും അതു തന്നെ.

Generated from archived content: edit_jan1_07.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here