സൗന്ദര്യത്തിന് അഴിമതിയുമായി എന്തു ബന്ധമെന്നോർത്ത് ചിലരെങ്കിലും അത്ഭുതപ്പെടുന്നുണ്ടാകും. സംശയിക്കേണ്ടതില്ല. അഴിമതിയും സൗന്ദര്യവും തമ്മിലൊരു ഭേദിക്കാനാകാത്ത ബന്ധമുണ്ട്. ഒരാൾ അഴിമതിക്കാരനും സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ടവനുമായി തീരുന്നതിൽ സൗന്ദര്യത്തിനുള്ള പങ്ക് ചെറുതല്ല. സൗന്ദര്യം, അതിന്റെ ഉടമയെ ഉടമയിലേക്ക് തന്നെ തിരിച്ചു വയ്‌ക്കുന്നു. മറിച്ച് ഒരാൾ നിസ്വാർത്ഥനും സേവനതല്പരനുമായി തീരുന്നതിൽ സൗന്ദര്യബോധമില്ലായ്മയും, സൗന്ദര്യമില്ലായ്മയും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ജന്മനാ സുന്ദരനായ (സുന്ദരിയായ) ഒരു വ്യക്തിയ്‌ക്ക് അത് നിലനിർത്തുന്നതോടൊപ്പം അതിസുന്ദരനും അതിസുന്ദരിയുമാവുക എന്ന മനോഭാവമാണുള്ളത്. ഈ മനോഭാവം ഒരാളെ സൗന്ദര്യ വിപണിയുടെ ഇരയാക്കിമാറ്റുന്നു. വിപണിയുടെ ഇരയാവുകയെന്നാൽ സമ്പൂർണ്ണമായ ചൂഷണത്തിന് വിധേയരാകുക എന്നതാണ്. ഒരു യുവതിയെ നോക്കുക. കാൽനഖം മുതൽ തലമുടിവരെ, ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിനപ്പുറം അവൾക്ക് അലങ്കരിക്കേണ്ടതുണ്ട്. അങ്ങെ സ്ര്തീയും സൗന്ദര്യവും മിച്ചമൂല്യമുയർത്തുന്ന വിപണിയുടെ ഭാഗമായി തീരുന്ന യുവതി ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സഹയാത്രികയായി വന്നു ചേരുമ്പോഴുള്ള മാറ്റം അയാളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സംഭവിക്കും. അയാൾ സൗന്ദര്യ ആരാധകനും, ഭാര്യയിൽ അതീവ ശ്രദ്ധാലുവുമെങ്കിൽ അയാൾ പതുക്കെ അഴിമതിക്കാരനുമാകും.
തന്റെ നിശ്ചിതവരവിനെ ചെലവുകൾ മറികടക്കുമ്പോഴാണ് അയാളുടെ കൈകൾ അശുദ്ധമായി തീരുന്നത്. വീട്, ധനം, വസ്‌ത്രം, സൗന്ദര്യം തുടങ്ങിയവ ഭദ്രവും കൂടുതൽ കൂടുതൽ മോടിപിടിപ്പിക്കുവാനുമുള്ള ശ്രമവും അയാളെ അതിവേഗം കുടുംബരോഗിയാക്കി തീർക്കും. കുടുംബരോഗം സമൂഹത്തിന് മാരകമായ രോഗത്തിന്റെ വിഷാണുക്കൾ വിതരണം ചെയ്യുകയും ചെയ്യും. സാമൂഹിക പ്രതിബദ്ധതാബോധത്തിൽ നിന്നും എൗ വിധത്തിലാണ് ആളുകൾ അകന്നുപോകുന്നത്. അങ്ങനെയാണ് സേവനോത്സുകനായി താൻ നിർവ്വഹിക്കേണ്ട, നിർവഹിച്ചു വന്നിരുന്ന ജോലികൾക്ക് നിശ്ചിതമായ അവിഹിതസംഖ്യ ഒരാൾ പ്രതീക്ഷിച്ചു തുടങ്ങുന്നത്.
ആകർഷകത്വം വാരി വിതറുന്നത് സമൂഹസൗന്ദര്യമാണ്. സങ്കല്പത്തിലുള്ള യുവതിയെ ലഭിക്കാതെ പോയ, ജീവിതത്തിൽ മാനിയും അസംതൃപ്തനുമായ സർക്കാരുദ്യോഗസ്ഥൻ വളരെ വേഗം സേവനോത്സുകനായിതീരും. ഇന്നലെവരെ അഴിമതിക്കാരനും കൈക്കൂലികാരനുമായ ഒരാളുടെ ജീവിതത്തിലേയ്‌ക്ക് അനാകർഷകയായ യുവതി കടന്നുവന്നാൽ അയാൾ അഴിമതിരഹിതനാകും. വീടും വിട്ടുകാരിയും കടുത്ത വികാരമായി അയാൾക്ക് അനുഭവപ്പെടില്ല. അയാൾ ജീവിത നിഷ്‌ഠകൾ പാലിക്കുന്നത് തികച്ചും യാന്ത്രികമായിട്ടായിരിക്കും. അയാളുടെ സാമൂഹികബന്ധവും മാനാഭിമാനചിന്തകളുമായിരിക്കും അയാളെ ജീവിതത്തോട് അടുപ്പിച്ച് നിർത്തുന്നത്. ജീവിച്ചുപോകണം, അത്രമാത്രം എന്ന ശരിയായ വിചാരത്തിലേയ്‌ക്ക് അയാൾ പ്രവേശനം നേടുന്നതിന്റെ നന്മ സാധാരണക്കാരനും, സമൂഹത്തിനും ലഭ്യമാകും.
സാധാരണക്കാരനായ യുവാവിന് സുന്ദരിയായ സ്‌ത്രീയെ ലഭിക്കുന്നുവെങ്കിൽ അയാൾ ജീവിതത്തോട് കൂടുതൽ നീതിപുലർത്തുന്നതായി കാണാം. ജീവിതം ആനന്ദകരമാക്കുവാൻ അയാൾ കഠിനമായി അധ്വാനിക്കുകയും ചെയ്യും. ഇത് വ്യക്തിക്കോ സമൂഹത്തിനോ അപകടം ചെയ്യുന്നില്ല. സൗന്ദര്യത്തിന്റെ നന്മയും തിന്മയുമാണ് നാമിവിടെ കാണുന്നത്. നമുക്ക് വേണ്ടത് വ്യക്തിയുടെ ഭംഗിയല്ല, സമൂഹത്തിന്റെ ഭംഗിയാണ്. സമൂഹത്തിന്റെ ശാശ്വത സൗന്ദര്യത്തിന് സർക്കാർ ഉദ്യോഗസ്ഥന്മാരുടേയും രാഷ്‌ട്രീയപ്രവർത്തകരുടെയും ജീവിതത്തിലെയ്‌ക്ക് അനാകർഷകളായ യുവതികൾ വന്ന് ചേരട്ടെ എന്ന് സർവകുല ദൈവങ്ങളേയും വിളിച്ച് നമുക്ക് പ്രാർത്ഥിക്കാം.
Generated from archived content: edit_apr10_07.html Author: chenthappooru