എൻ.എസ്‌.എസ്‌. മുഖമാസിക സർവ്വീസ്‌ എന്തിനുവേണ്ടി?

കേരളത്തിലെ ദീർഘശ്വാസം വലിക്കുന്ന പ്രബല സമുദായ സംഘടനയായ എൻ.എസ്‌.എസിന്‌ ഒരു മുഖമാസികയുണ്ട്‌. പേര്‌ ‘സർവ്വീസ്‌’ എന്നാകുന്നു. (ഇത്‌ ഉപേക്ഷിക്കേണ്ട പേരാണെന്നും പറഞ്ഞുകൊളളട്ടെ) സർവ്വീസ്‌ കാണണമെങ്കിൽ ചങ്ങനാശ്ശേരിയിൽ പോകണമെന്നു മാത്രം. മതികെട്ടാൻ മലയിലെ ഭൂമികൈയ്യേറ്റത്തെക്കുറിച്ച്‌ സർവ്വീസിൽവന്ന മുഖക്കുറിപ്പ്‌ പത്രദ്വാരാ ശ്രദ്ധേയമായി പരാമർശിക്കപ്പെട്ടു കണ്ടപ്പോഴാണ്‌ സർവ്വീസ്‌ അന്വേഷിച്ചത്‌. നിർഭാഗ്യമെന്നു പറയട്ടെ മാസിക ലഭ്യമായില്ല. അങ്ങനെ സ്വാഭാവികമായ ചോദ്യമുയർന്നുവന്നു. ‘സർവ്വീസ്‌ എന്തിനെന്ന്‌? ’ഇപ്പോഴത്തെ വിവേചന നില ഭരണാധികാരികളും സംഘടനയും പിൻതുടർന്നാൽ അൻപത്‌ വർഷത്തിനുളളിൽ നായർസമുദായം ശിഥിലമാകും. അതിന്റെ കാരണങ്ങൾ മറ്റൊരിക്കൽ എഴുതാമെന്ന്‌ കരുതുന്നു).

സമുദായബോധവും ഐക്യത്തിന്റെ വൻമതിലുകളും സൃഷ്‌ടിക്കാനാകണം സമുദായ സംഘടനകളുടെ പ്രസിദ്ധീകരണത്തെ മുഖ്യമായും ഉപയോഗിക്കേണ്ടത്‌. മാത്രവുമല്ല, പ്രസ്‌തുത ലക്ഷ്യം സാധ്യമാക്കുവാൻ ഓരോ സമുദായ അംഗത്തെയുമ പ്രസിദ്ധീകരണത്തിന്റെ അഭിഭാജ്യഘടകമായി തീർക്കുകയും വേണം. സർവ്വീസ്‌ അത്‌ എത്രത്തോളം നിർവ്വഹിക്കുന്നു എന്നത്‌ സംശയകരമാണ്‌. എത്ര കരയോഗങ്ങളിൽ, വീടുകളിൽ, എൻ.എസ്‌.എസിന്റെ എത്ര സ്ഥാപനങ്ങളിൽ സർവ്വീസ്‌ എത്തുന്നുവെന്ന്‌ നേതൃത്വം അന്വേഷിക്കേണ്ടതുണ്ട്‌. എൻ.എസ്‌.എസിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പുതിയ അഡ്‌മിഷനെത്തുന്ന വിദ്യാർത്ഥികളിൽനിന്ന്‌ വരിസംഖ്യ മുൻകൂർ ഈടാക്കി എന്തുകൊണ്ട്‌ ഈ പ്രസിദ്ധീകരണം പ്രചരിപ്പിച്ചുകൂട? സമുദായത്തിന്റെ ചരിത്രവും പോരാട്ടങ്ങളും ആത്മീയ ആചാര്യന്മാരുടെ സേവനങ്ങളും പഠനങ്ങളും പുതിയ തലമുറയ്‌ക്ക്‌ നിരന്തരം പകർന്നു കൊടുക്കേണ്ടതാണ്‌. താഴേ തട്ടുമുതൽ നിലനില്‌ക്കുന്ന മാറ്റങ്ങൾ ഉൾക്കൊളളാനാകാത്ത നേതൃത്വങ്ങൾ, യുവനേതൃനിര വളർത്തിയെടുക്കാത്തതിന്റെ സമുദായ ദുരന്തം വളരെ വലുതായിരിക്കും. സാംസ്‌കാരിക-സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഈടുറ്റ സാഹിത്യ മാസികയായി സർവ്വീസ്‌ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും കഴിയട്ടെ എന്നാശിക്കുന്നു.

എൻ.എസ്‌.എസ്‌. മാത്രമല്ല മറ്റ്‌ സമുദായ സംഘടനകളും എസ്‌.എൻ.ഡി.പിയുടെ മുഖമാസികയായ ‘യോഗനാദ’ത്തിന്റെ പ്രവർത്തനം കണ്ട്‌ പഠിക്കണം. യോഗനാദം ഇന്ന്‌ ഒരു മുഖ്യധാര സാഹിത്യ (സമുദായ) മാസികയാണ്‌. സമുദായ വികാരവും ഏകീകരണ ചിന്തയും വളർത്തിയെടുക്കാനുതകുന്ന ലേഖനങ്ങളും മറ്റ്‌ സാഹിത്യ രചനകളും കൊണ്ട്‌ സമ്പന്നമാണത്‌. ഒരു സമുദായ പ്രസിദ്ധീകരണത്തിന്റെ യാഥാർത്ഥ്യ ദൗത്യം നിറവേറ്റുന്നുണ്ടതിൽ. പ്രശസ്‌തർ യോഗനാദത്തിൽ എഴുതുന്നുവെന്ന്‌ പറയുന്നതിലും ഭേദം അവർ എഴുതിക്കുന്നു എന്നതാണ്‌. രചന പ്രസിദ്ധീകരിക്കുമ്പോൾ എഴുത്തുകാർക്ക്‌ കൃത്യമായി കോപ്പി അയയ്‌ക്കുന്നു. മാന്യമായ പ്രതിഫലം നല്‌കുന്നു. എന്തിന്‌ ചെക്കിനൊപ്പം അയയ്‌ക്കുന്ന വൗച്ചർ ഒപ്പിട്ട്‌ തിരിച്ചയയ്‌ക്കുന്നതിന്‌ വിലാസമെഴുതി സ്‌റ്റാമ്പൊട്ടിച്ച കവർ ഉൾപ്പെടെയാണ്‌ അയയ്‌ക്കുന്നത്‌. ഇതാണ്‌ അന്തസ്സുളള സാംസ്‌കാരിക സമീപനം. കേരളത്തിലെ മറ്റ്‌ പ്രസിദ്ധീകരണക്കാർക്കും അനുകരിക്കാവുന്ന മികച്ച മാതൃക.

Generated from archived content: essay4_oct1_05.html Author: chenthanar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here