നായർസമുദായം എങ്ങോട്ടു പോകുന്നു?

കേരളത്തിലെ ഭൂരിപക്ഷസമുദായമായ നായർ സമുദായത്തെ എൻ.എസ്‌.എസ്‌ നേതൃത്വം എങ്ങോട്ടു കൊണ്ടുപോകുന്നുവെന്ന്‌ ചിന്തിക്കേണ്ടിവരുന്നത്‌ നായർജന്മങ്ങൾ നിമിഷംതോറും ആത്മഹത്യാ മുനമ്പിലേയ്‌ക്ക്‌ നടന്നടുക്കുന്നത്‌ കാണുമ്പോഴാണ്‌. ഒരു ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾ എന്തുകൊണ്ട്‌ ഇങ്ങനെ ആത്മഹത്യ ചെയ്യുന്നുവെന്ന്‌ നേതൃത്വം പഠിക്കേണ്ടതാണ്‌. എൻ.എസ്‌.എസ്‌. നേതൃത്വത്തിനും കരയോഗങ്ങൾക്കും സമുദായ അംഗങ്ങളോടുളള ബാദ്ധ്യത എന്താണ്‌? മിശ്രവിവാഹങ്ങൾക്ക്‌ കത്തുകൊടുപ്പും കോടിപ്പണം പിരിക്കലുമാണോ കരയോഗപ്രവർത്തനം എന്നു പറയുന്നത്‌? (മിശ്രവിവാഹം കൂടുതലായി നടക്കുന്നത്‌ നായർ സമുദായത്തിലാണ്‌. ഗതിയില്ലായ്‌മയാണ്‌ മുഖ്യകാരണം. ഇത്‌ സമുദായത്തെ ശിഥിലമാക്കാൻ സഹായിക്കുന്ന ഒന്നാണ്‌).

അധികാരത്തിന്റെ വാളും അധ്വാനത്തിന്റെ കലപ്പയുമുളള നായർ സമുദായത്തിന്റെ കൊടിയടയാളം സമുദായത്തെ നോക്കി പ്രേതച്ചിരി ചിരിക്കുകയാണിന്ന്‌. സമുദായത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ന്‌ കൂലിപ്പണിക്കാരോ, കൽപ്പണിക്കാരോ ആകുന്നു. ഒരു കൂലിപ്പണിക്കാരനിലൂടെ സൃഷ്‌ടിക്കപ്പെടുന്ന തലമുറ അതിനപ്പുറമുളള അവസ്ഥയിലെത്താൻ ഇനി സാധ്യതയില്ല. മാത്രമല്ല കൂലിപ്പണിപോലും ഇല്ലാതാകുന്ന സാമൂഹികാന്തരീക്ഷത്തിൽ അധികംപേരും ക്രിമിനലുകളാകാനേ സാദ്യതയുളളു. കിടപ്പാടം വിറ്റും, ദുരഭിമാനത്താൽ പെരും കടത്തിൽ അഭ്യാസ പ്രകടനങ്ങൾ നിർവ്വഹിച്ചും, പട്ടച്ചാരായമടിച്ചും നശിക്കുന്ന സമുദായത്തിന്‌ ഭാവിയിൽ ഇക്കണക്കിന്‌ പോയാൽ നേതൃത്വം ആവശ്യപ്പെടാതെതന്നെ ജാതി സംവരണം ലഭിച്ചേക്കും. ഈ സാഹചര്യത്തിൽ ഭൂരിപക്ഷസമുദായങ്ങളുടെ ഐക്യത്തിന്റെ പേരിൽ എസ്‌.എൻ.ഡി.പിയുടെ പിറകെയുളള എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറിയുടെ പോക്ക്‌ ശുഭമായി തോന്നുന്നില്ല. ഭൂരിപക്ഷസമുദായങ്ങളുടെ ഐക്യം അനിവാര്യംതന്നെ. പക്ഷേ, സ്വന്തം സമുദായത്തിന്‌ ആശാവഹമായി ഒന്നും നിർവ്വഹിക്കാതെയുളള നേതൃത്വയാത്ര സമുദായത്തെ സ്‌നേഹിക്കുന്നവർ ഉത്‌കണ്‌ഠയോടെയാണ്‌ നോക്കിക്കാണുന്നത്‌. എൻ.എസ്‌.എസ്‌ ജന.സെക്രട്ടറിയുടെ ശബ്‌ദം പൂർണ്ണമായി നായർ സമുദായത്തിന്റെ അവസാനവാക്കായി തീരാത്തത്‌ സമുദായപുരോഗതിയ്‌ക്ക്‌ വേണ്ടി നേതൃത്വം കാര്യക്ഷമമായി ഒന്നും നിർവ്വഹിക്കുന്നില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയുളളതാണ്‌.

നരേന്ദ്രൻകമ്മീഷൻ റിപ്പോർട്ട്‌ സർക്കാർ പരിഗണിക്കുമെന്ന്‌ കണ്ടപ്പോൾ നേതൃത്വവും സമുദായവും കുംഭകർണ്ണ നിദ്രവിട്ട്‌ ബഹളംകൂട്ടി, വീണ്ടും ഉറക്കമായി എന്നല്ലാതെ എന്താണ്‌ സംഭവിച്ചത്‌? സമുദായ പ്രവർത്തനം എന്നത്‌ പ്രസ്‌താവനയിറക്കൽ മാത്രമാണോ? കേരളത്തിലെ ഭൂരിപക്ഷം കരയോഗങ്ങളും പോക്കറ്റ്‌ സംഘടനകളായിട്ടാണ്‌ പ്രവർത്തിക്കുന്നത്‌. പോക്കറ്റ്‌ സംഘടനകൾക്ക്‌ ഒരിക്കലും സമുദായ ശക്തിയും സമുദായവികാരവും വളർത്തിയെടുക്കാനാവില്ല. നേതൃത്വത്തിന്‌ ഇക്കാര്യത്തിൽ എന്താണ്‌ ചെയ്യാൻ കഴിയുന്നത്‌? കരയോഗങ്ങൾക്ക്‌ കീഴെയുളള വനിതാസംഘടനകളും മറ്റും എന്തുപ്രവർത്തനമാണ്‌ സമുദായ താല്‌പര്യം മുൻനിർത്തി കാഴ്‌ചവയ്‌ക്കുന്നത്‌?

വീടുകൾതോറും കയറിയിറങ്ങി അരിയും നാളീകേരവും പിരിച്ച്‌ പ്രസ്ഥാനമുണ്ടാക്കിയ മന്നത്തിനെ എത്രപേർക്കറിയാം? ജയന്തി ആഘോഷിക്കാറുണ്ടെങ്കിലും കേരളത്തിലെ നവോത്ഥാന പ്രക്രിയയ്‌ക്ക്‌ ആക്കം കൂട്ടിയ ശ്രീമദ്‌ ചട്ടമ്പിസ്വാമികളെ എത്രപേർക്ക്‌ അറിയാം? പഠനവും വായനയും സാംസ്‌കാരിക ബോധവും ഇല്ലാത്ത വിധത്തിലാണ്‌ മഹാന്മാരെ സംഭാവനചെയ്‌ത സമുദായം ഇന്ന്‌ അധഃപതിക്കുന്നത്‌. സമുദായപ്രവർത്തനം എന്തെന്നും എന്തിനെന്നും പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്‌.

മന്നം പടുത്തുയർത്തിയ പ്രസ്ഥാനങ്ങൾക്ക്‌ മേൽ അറ്റകുറ്റപ്പണിതീർത്ത്‌ ചാരിക്കിടക്കുന്നു എന്നല്ലാതെ എന്ത്‌ സംരംഭത്തിനാണ്‌ പിന്നെ തുടക്കമിട്ടത്‌? ഇവിടെയാണ്‌ നേതൃത്വവുമായി യോജിക്കാനാകാതെ ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിച്ചു തുടങ്ങിയ സമസ്‌തനായർ സമാജം ജനഃസെക്രട്ടറി. പി.ഗോപാലകൃഷ്‌ണൻ നായരുടെ വാക്കുകൾ പ്രസക്തമാകുന്നത്‌. ‘സമുദായാംഗങ്ങൾക്ക്‌ അവരുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുളള കർമ്മപദ്ധതികൾ (മെഡിക്കൽ-കാർഷിക-സാംസ്‌കാരിക സ്ഥാപനങ്ങൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക). സമുദായ ആചാര്യൻ നമുക്ക്‌ കാണിച്ചുതന്ന പ്രവർത്തനമേഖലകളായിരുന്നു. ഇന്ന്‌ ഇതര സമുദായങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും സ്ഥാപിക്കുമ്പോൾ ഈ വകയൊന്നും നമുക്കുവേണ്ട. എന്തുകൊണ്ട്‌? മെഡിക്കൽ കോളേജിന്‌ മന്നത്താചാര്യൻ പടുത്തുയർത്തിയ പ്രസ്ഥാനത്തിന്‌ പണിമില്ലത്രേ! ഇന്നു കാണുന്ന ഈ പ്രസ്ഥാനങ്ങളൊക്കെ ആചാര്യൻ ഉണ്ടാക്കിയത്‌ കയ്യിൽ പണം വച്ചു കൊണ്ടായിരുന്നൊ? സമുദായ സ്‌നേഹികൾ ചിന്തിക്കേണ്ടിയിരിക്കുന്നു.’

ഒരു തൊഴിൽ സംരംഭം തുടങ്ങാൻ വേണമെങ്കിൽ വീടൊന്നിന്‌ 10 രൂപ പിരിച്ചാൽ സാദ്ധ്യമാകുമെന്നിരിക്കെ രക്ഷകന്മാരുടെ ദീർഘവീക്ഷണമില്ലായ്‌മ സമുദായപുരോഗതിയ്‌ക്ക്‌ ഉതകുമോ? ഭാവി തലമുറയെ മുന്നിൽകണ്ട്‌ ഇച്ഛാശക്തിയോടെ പുതിയ പ്രവർത്തനങ്ങൾക്ക്‌ രൂപം കൊടുക്കാത്തതെന്ത്‌? കൊട്ടിയത്ത്‌ പ്രവർത്തിക്കുന്ന എൻ.എസ്‌.എസ്‌ കോളേജിൽ ഇത്രകാലമായിട്ടും പി.ജി.കോഴ്‌സുപോലുമില്ലെന്നാണ്‌ അറിയുന്നത്‌. എന്തുകൊണ്ട്‌ എൻ.എസ്‌.എസിന്റെ സ്ഥാപനങ്ങളിൽ ജ്യോതിഷം, വാസ്‌തുവിദ്യ, പൂജാവിധികൾ, സംഗീതം മറ്റ്‌ കലാരൂപങ്ങൾ, കമ്പ്യൂട്ടർ&ഇന്റർനെറ്റ്‌ സംവിധാനങ്ങളുടെ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചുകൂടാ? എത്രയോ പ്രതിഭാശാലികളെ അങ്ങനെ വാർത്തെടുക്കാൻ കഴിയും. കലയിലൂടെയും ഉപജീവനമാർഗ്ഗങ്ങൾ രൂപപ്പെടുത്തുവാൻ കഴിയുന്ന സാഹചര്യമാണ്‌ നിലവിലുളളതെന്ന്‌ വിസ്‌മരിക്കുന്നത്‌ അത്ഭുതമാണ്‌. എൻ.എസ്‌.എസ്‌ നേതൃത്വം ഇനിയെങ്കിലും യാഥാർത്ഥ്യം ഉൾക്കൊണ്ട്‌ കണ്ണുതുറക്കണം. സമുദായം ഉയർന്നുവരാൻ പ്രസ്‌താവനയല്ല, ക്രിയാത്മകമായ പ്രവർത്തനങ്ങളാണ്‌ നിരന്തരം ആവശ്യം. സമുദായത്തിലെ യുവാക്കളുടെ ക്രയശേഷി സമുദായത്തിനും സമൂഹത്തിനും ഗുണകരമാകുവാൻ സമുദായം മാർഗ്ഗദർശികളെയാണ്‌ കാത്തിരിക്കുന്നത്‌. മന്നത്തിന്റെ പ്രശസ്‌തമായ ഫലിതോക്തി ഓർമ്മിച്ചുകൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു.

കൊതുകുശല്യം കലശലാണെന്നു പറഞ്ഞ ചേർത്തലയിലെ ഒരു ആതിഥേയനെ മന്നം സമാധാനിപ്പിച്ച കഥയാണിത്‌. ചുറ്റും താമസിക്കുന്നതാരാണ്‌? മന്നം ചോദിച്ചുഃ നായൻമാർ ആതിഥേയൻ പറഞ്ഞു. മന്നം പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ‘എങ്കിൽ പേടിക്കാനൊന്നുമില്ല. നായരുടെ ചോര കുടിച്ച കൊതുകുകൾക്ക്‌ നായർ സഹജമായ അലസതയുണ്ടാകും. പട്ടിണിയാണെങ്കിലും അലസത പൂണ്ടിരിക്കാതെ പറന്നുചെന്ന്‌ ആരെയെങ്കിലും കുത്തി ചോരവലിച്ചെടുക്കാമെന്ന്‌ വിചാരിക്കുകയേയില്ല.’

Generated from archived content: essay2_dec17_05.html Author: chenthanar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English