“ചവറ – പന്മന – തേവലക്കര – ചകിരി കൊണ്ടു പിഴക്കണം”. പണ്ടാരോ കുറിച്ചിട്ട ഗ്രാമത്രയത്തിലെ ഒന്നാമത്തേതാണ് എന്റെ ഗ്രാമം. തൊണ്ടുതല്ലും ചകിരിപിരിച്ചും റാട്ടുകളുടെ സംഗീതവും നിലനിന്നിരുന്ന ആ പഴയ ഗ്രാമം ഇന്നെവിടെ? കടൽതീരത്തെ കറുത്ത ലോഹമണൽ കടൽ കടന്ന് ജർമ്മനിയിലെത്തിയത് ഒരു വലിയ വ്യവസായത്തിന്റെ തുടക്കമായിരുന്നു. ജർമ്മനിയിൽ എത്തിയ കയറ്റുമെത്തയിൽ നോക്കിനിന്ന സായിപ്പിന് അതൊരു അത്ഭുതമായിരുന്നു. കയറ്റുമെത്തയുടെ ഭംഗിയല്ല സായിപ്പിനെ ആകർഷിച്ചത്. അതിൽ പുരണ്ടിരുന്ന തിളക്കമുള്ള എന്തോ ഒന്നാണ്. അത് വിലപ്പെട്ട മോണോസൈറ്റ് – ഇൽമിനൈറ്റ് – സിർക്കൻ ലോഹത്തരികളായിരുന്നു. അതൊരന്വേഷണത്തിന്റെ തുടക്കം കുറിച്ചു. ലോഹമണലിന്റെ പ്രഭവ കേന്ദ്രം തേടി സായിപ്പ് എത്തിയത് എന്റെ ഗ്രാമത്തിലായിരുന്നു. കരിമണൽ സംസ്‌കരിച്ചെടുത്ത് ആരംഭിച്ച വ്യവസായശാലകൾ ലോകശ്രദ്ധയാകർഷിച്ച ഒരു വലിയ സ്ഥാപനമായി.
ചവറയുടെ ഗ്രാമീണ ഭംഗികൾ ആരെയും ആകർഷിച്ചിരുന്നു. വിശാലമായ പച്ചവിരിപ്പാടങ്ങൾ, കദളിച്ചെടി പൂത്തു നിൽക്കുന്ന വയൽവരമ്പുകൾ, തണൽവിരി പന്തലുകൾ ഒരുക്കിയ തൊടികൾ, പ്രാവുകൾ കൊത്തിക്കൊറിക്കുന്ന നെൽക്കളങ്ങൾ, മാനത്തുകണ്ണികൾ ഓടിക്കളിക്കുന്ന നീരൊഴുക്കുകൾ, നറുമണം പരത്തുന്ന പൂക്കൈതകൾ, വർണ്ണങ്ങൾ മാടിവിളിക്കുന്ന പൂക്കാടുകൾ, ഉച്ചവെയിൽ തട്ടമിട്ട പച്ചത്തഴപ്പുകൾ, ഹൃദയഹാരിയായ എന്തെന്തു കാഴ്‌ചകൾ. ഇന്നതൊക്കെ എവിടെ?
തിരുവിതാംകൂർ കൊട്ടാരത്തിലെ സർവ്വാധികാരിയായിരുന്ന ശങ്കരൻ തമ്പിയുടെ പേരിലുണ്ടായിരുന്ന ശങ്കരൻ തമ്പി സ്മാരക വായനശാലയും നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരിൽ സ്വദേശാഭിമാനി സ്മാരക ഗ്രന്ഥശാലയുമായിരുന്നു ചവറയിലെ ആദ്യകാല ഗ്രന്ഥശാലകൾ. സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ വാർഷിക സമ്മേളനത്തിൽ മഹാകവി വള്ളത്തോൾ പങ്കെടുത്തിട്ടുണ്ട്. വിശ്വസാഹിതി ഉൾപ്പെടെ പഴയകാല ഗ്രന്ഥശാലകൾ പലതും ഇന്നില്ല. കോട്ടയ്‌ക്കകം മഹാത്മജി ഗ്രന്ഥശാല, എസ്.എൻ ലൈബ്രറി, വികാസ് ലൈബ്രറി, സെഞ്ച്വറി ലൈബ്രറി തുടങ്ങിയവ ഇന്ന് സജീവമായി പ്രവർത്തിച്ചുവരുന്നു. കലാ സാംസ്‌കാരിക രംഗത്ത് ചെറുതും വലുതുമായ എത്രയെത്ര പ്രസ്ഥാനങ്ങളുടെ സംഭാവനകളാണ് ചവറയ്‌ക്ക് കിട്ടിയിട്ടുള്ളത്. കേരളത്തിൽ പരക്കെ അറിയപ്പെടുന്ന ചവറ വികാസ് സാംസ്‌കാരിക സമിതിയും, സെഞ്ച്വറി സാംസ്‌കാരിക വേദിയും തങ്ങളുടെ നാനാമുഖ പ്രവർത്തനങ്ങൾ സജീവമായി തുടർന്നുവരുന്നു.
ചവറ ഗവ. കോളേജ്, ശങ്കരമംഗലം ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, മറ്റു നിരവധി ഔപചാരിക അനൗപചാരിക വിദ്യാലയങ്ങൾ എന്നിവ ചവറയുടെ വിദ്യാഭ്യാസ മേഖലയിൽ സേവനമർപ്പിക്കുന്നു. ലക്ഷണയുക്തയായ മലയാളത്തിലെ ആദ്യമഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ കർത്താവ് മഹാകവി അഴകത്ത് പത്മനാഭകുറുപ്പ് ശങ്കരമംഗലം ഹൈസ്‌ക്കൂളിലെ ഭാഷാദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ പ്രഥമശിഷ്യൻ മുൻഷി ശങ്കുപ്പിള്ളസാർ, മറ്റൊരു പ്രധാന ശിഷ്യനായ ശൂരനാട്ട് കുഞ്ഞൻപിള്ള എന്നിവരെ ഇവിടെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
സമത്വവാദി നാടകവും, കാമുകി, മഴവില്ല് തുടങ്ങിയ കഥാസമാഹാരങ്ങളും കൊണ്ട് ആരാദ്ധ്യനായ പുളിമാന പരമേശ്വരൻപിള്ളയും, സാകേതം, കാഞ്ചന സീത, ലങ്കാലക്ഷ്മി, നഷ്ടക്കച്ചവടം തുടങ്ങിയ നാടകങ്ങളുടേയും, പിച്ചിപ്പൂ, തിളയ്‌ക്കുന്ന മണ്ണ്, പുളിയിലക്കര നേര്യത് തുടങ്ങിയ കഥാസമാഹാരങ്ങളുടെയും കർത്താവായ സി.എൻ ശ്രീകണ്‌ഠൻ നായരും, വർത്തമാന മലയാള കവിതയെ ചൈതന്യധന്യമാക്കിക്കൊണ്ടിരിക്കുന്ന പ്രശസ്ത കവി. ഒ.എൻ.വി കുറുപ്പും ചവറയുടെ അഭിമാനഭാജനങ്ങളായ പുത്രന്മാരാണ്.
പ്രശസ്ത ചിത്രകാരൻ ആർട്ടിസ്‌റ്റ് ഗോപാലൻ, കവിയും സാംസ്‌കാരിക പ്രവർത്തകനും പത്രപ്രവർത്തകനുമായ ചവറ വിജയൻ, പ്രശസ്ത കഥകളി നടി ചവറ പാറുക്കുട്ടി, പ്രശസ്ത ചലച്ചിത്ര – സീരിയൽ നടികൾ അമ്പിളീദേവി, രമ്യ രമണൻ, കവിയിത്രി അമ്മിണി എസ്. ഭദ്രൻ, എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായ ചവറ ശിവി, കെ.ഇ ചെപ്പള്ളി, ചവറ നരേന്ദ്രൻപിള്ള, ചവറ അസീസ്, സി.ആർ രാജു, പ്രഭാകരൻ പുല്ലൂർ, നാടകാഭിനേതാവ് കനിബാവ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഭദ്രൻ എസ്. ഞാറക്കാട്, ചവറ തുളസി, ആദ്യകാല നാടക കലാകാരന്മാരായ ജെ.ബി മോറീസ്, ബ്ലോക്കോട്ട് കുഞ്ഞയ്യപ്പൻ പിള്ള, നീലകണ്‌ഠപിള്ള, അയ്യപ്പൻ വട്ടത്തറ, രാമചന്ദ്രൻപിള്ള ജ്യോതിഷ പണ്ഡിതന്മാരായ ചവറ ഗോപാലകൃഷ്ണൻ, ശ്രീധർജി, അന്തരിച്ച കലാപ്രതിഭകളായ ചവറ വി.സി നായർ (ഉർവ്വശി, കല്പന, കലാരഞ്ജിനിമാരുടെ പിതാവ്), കെ.പി.എ.സി സണ്ണി, വാമദേവൻപിള്ള, നകുലൻ കിച്ചിലു, ഐക്കര ശശി, അലക്സ്, ശാന്തൻ, ജയാ അലക്സ്, ടി.കെ. മാധവൻ, കവികൾ ചവറ ജനാർദ്ദനൻപിള്ള, കുരീപ്പുഴ രാധാകൃഷ്ണൻ, ചവറ ബാലചന്ദ്രൻ, ചലച്ചിത്രകാരൻ നങ്ങാശ്ശേരി ശശി തുടങ്ങിയവർ ചവറയുടെ കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ അവിസ്മരണീയ വ്യക്തിത്വങ്ങളിൽ ചിലർ മാത്രമാണ്. കെ.കെ കൊച്ചുഗോവിന്ദപ്പണിക്കരുടെ ഉടമസ്ഥതയിലും ചേരി വിശ്വനാഥപിള്ളയുടെ പത്രാധിപത്യത്തിലും പ്രസിദ്ധീകരിച്ചിരുന്ന ‘സേവകൻ’ മാസികയും, ഈ ലേഖകൻ, ചവറ വിജയൻ, കെ.ഇ ചെപ്പള്ളി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘നവദീപം’ മാസികയും ചവറയിലെ രണ്ടു പഴയകാല സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളാണ്.
പരാമർശ വിധേയരാകേണ്ടവരും ഓർമ്മയിൽപ്പെടാത്തവരുമായ പ്രതിഭകൾ എത്രയെത്ര.
കേരളത്തിന്റെ രാഷ്ര്ടീയ ചരിത്രത്തിൽ ചവറയ്‌ക്കും പ്രാധാന്യമുണ്ട്. വിവിധ രാഷ്ര്ടീയ പ്രസ്ഥാനങ്ങളുടെ തളർച്ചക്കും, വളർച്ചക്കും ഈ ഗ്രാമം സാക്ഷ്യം വഹിക്കുന്നു. കരിമണൽ വ്യവസായത്തോടൊപ്പം തൊഴിലാളി സംഘടനകൾ വളർന്നു. സംഘടന കൊണ്ട് ശക്തരായി. ഐതിഹാസികമായ സമരങ്ങളുടെ മുന്നേറ്റമുണ്ടായി. നേതൃത്വം വഹിച്ച രാഷ്ര്ടീയ പാർട്ടികൾ കഴിവുറ്റ നിരവധി നേതാക്കന്മാരെ കേരളത്തിനു നൽകി. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ അവരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ കേരളത്തിന്റെ രാഷ്ര്ടീയ ചരിത്രത്തിന്റെ ഭാഗമാണ്.
ഹിന്ദുക്ഷേത്രങ്ങളും കൃസ്തീയ ദേവാലയങ്ങളും മുസ്ലീം പള്ളികളും ഇവിടെ പരസ്പരം മുഖം നോക്കി നിൽക്കുന്നു. നന്മയുടേയും സ്നേഹത്തിന്റെയും സങ്കീർത്തനം പാടുന്നു. വ്യത്യസ്ത മത-വർഗ-രാഷ്ര്ടീയ ചിന്താഗതികൾ പുലർത്തുമ്പോഴും ജീവിതത്തിന്റെ പൊതുധാരകളിൽ ഇവിടെ എല്ലാവരും ഒന്നാകുന്നു. ഒരുമയുടെ സ്വരുമ.
Generated from archived content: essay2_aug22_07.html Author: chavara_ks_pilla
Click this button or press Ctrl+G to toggle between Malayalam and English