എസ്‌. എം. എസ്‌

ഇരുപത്തിനാല്‌ വയസ്സുള്ള ഒരു കോളേജ്‌ കുമാരി മദ്ധ്യവയസ്‌കനായ ഒരാൾക്ക്‌ അയച്ച എസ്‌.എം.എസ്സുകൾ! സാമ്പത്തിക വിഷമതകളിൽപെട്ടുഴലുന്ന അവളുടെ സന്ദേശങ്ങളുടെ പൊരുൾ തുടക്കത്തിൽ തന്നെ മനസ്സിലാക്കിയിരുന്ന അയാൾ അതു ഭാവിക്കാതെ കഴിയും പോലെ അവളെ സഹായിച്ചു. ആകസ്‌മിക കണ്ടുമുട്ടൽ ആയിരുന്നു അവരുടേത്‌. വൈകാതെ അവർ സ്‌നേഹിതരായി. രണ്ടുപേർക്കും മൊബൈലുകൾ, ഹംസങ്ങളെപ്പോലെ. സല്ലാപങ്ങളിൽ മധുരം പുരട്ടാൻ അവൾ മറന്നില്ല. വായ്‌മൊഴികൾ വരമൊഴികളായി.

രാത്രിയുടെ മദ്ധ്യയാമങ്ങളിൽ, കിനാവിന്റെ ശംഖുപുഷ്‌പങ്ങൾ വിരിയുന്ന അവളുടെ മനോനികുഞ്ജത്തിൽ നിന്നും എസ്‌.എം.എസ്‌ പുഷ്‌പങ്ങൾ അടരാൻ തുടങ്ങി. ഒരിക്കൽ – “ലോകം നിശ്ശബ്‌ദമായി, പ്രണയാദുരമായി ഒരുപാടു കാര്യങ്ങൾ പറയാതെ പറയാതെ പറയവെ….. വിദൂരതയിൽ കണ്ണും നട്ടിരിക്കുന്ന നിന്റെ അരികിലായ്‌…….

മറ്റൊരിക്കൽഃ- ”വന്നു….. ഇളംകാറ്റിൽ ഒരു നിസ്വനം നിന്നിൽനിന്നും ഉതിരവേ നിന്റെ കാതോരത്തായ്‌ വന്നു ഞാൻ പറയും! പോയിക്കിടന്ന്‌ ഉറങ്ങ്‌ ചെറുക്കാ.“

ഈ പൂക്കളൊക്കെ പലപ്പോഴും അയാളിൽ അസ്വസ്‌ഥത സൃഷ്‌ടിച്ചു. അയാൾ വിളിച്ചില്ലെങ്കിൽ, അക്ഷമയും സങ്കടവും അല്‌പം രോഷവും കലർന്ന പുഷ്‌പങ്ങളാവും വിടരുക. ”ഒന്നുവിളിക്കെടെ“ അത്‌ അവഗണിച്ചാൽ ” ഒന്നുവിളിക്കു ഞാൻ പറയുന്നത്‌ കേൾക്കൂ“ എന്നാകും. അതും വിട്ടുകളഞ്ഞാൽ ”എന്തിനാ ഇങ്ങനെ പിണങ്ങുന്നത്‌“ എന്നാകും വരമൊഴി.

”ഒന്നു ചോദിച്ചോട്ടെ? ഞാൻ ഒരുപാട്‌ ആലോചിച്ചു. എനിക്ക്‌ പ്രോബ്ലമില്ല….. അല്ലെങ്കിൽ ഇപ്പോൾ വേണ്ട. പിന്നെ ചോദിക്കാം“ ഇങ്ങനെ പോകുന്നു ദുരുദേശപൂർണ്ണവും ശബളാഭവുമായ അവളുടെ എസ്‌.എം.എസ്‌ പുഷ്‌പങ്ങൾ. പ്രേമവും കാമവും ശോകവും എന്തിനൊക്കെയോ ഉള്ള ദാഹവും ഇണചേർന്ന വിചിത്രമായ ആ എസ്‌.എം.എസുകളുടെ ലോകത്ത്‌ നിന്നും അയാൾ ഒരു വിധം മുക്തനായി, അവളെ ഒഴിവാക്കിയപ്പോൾ, നമുക്കുചുറ്റും സുന്ദരീവേഷം പൂണ്ടപൂതനകൾ രാക്ഷസീയ പ്രേമവുമായി കാത്തുനില്‌പുണ്ട്‌. ജാഗ്രത.

Generated from archived content: story1_nov23_10.html Author: c-surendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here