ഇവിടെ ഏകാകി ഞാനി,രുളിന്റെ നിറമുളള
നിമിഷങ്ങൾ പൂത്തുലയുമ്പോൾ
ഹൃദയതാളങ്ങൾ പിഴയ്‌ക്കയോ, ആദ്യത്തെ
അതിതീവ്രരോദനം കേൾപ്പൂ
കരിമുകിലാകാശച്ചെരുവിലനന്തമാം
വ്യഥപോലെ വീണുകിടക്കെ
രുധിരമൊഴുകുന്ന കരളിന്റെ തന്ത്രിയിൽ
പുതുരാഗമേതോ വിടർന്നു.
നരജീവിതത്തിന്റെ അതിദാരുണങ്ങളാം
അനുഭവസീമകൾതാണ്ടി
ഇനിയുമൊടുങ്ങാത്ത വഴിയിലശാന്തമാം
ചുടുകാറ്റുചുറ്റിയടിപ്പൂ-
അകലുന്ന ബന്ധങ്ങൾ അറിവിന്റെ ദുഃഖങ്ങൾ
അലതല്ലും ശാപശബ്‌ദങ്ങൾ
സ്‌മൃതി പഞ്ഞ്‌ജരത്തിൽ കുടുങ്ങിക്കിടക്കുന്നു
ചിതൽതിന്ന മോഹസ്വപ്‌നങ്ങൾ.
ഒരു സൗഹൃദത്തിന്റെ തരള കരങ്ങളെന്നരി-
കിലുണ്ടായിരുന്നെങ്കിൽ!
ഒരു സാന്ത്വനത്തിന്റെ കുളിർനാദമെങ്ങാ-
നുമിവിടെ ഉണ്ടായിരുന്നെങ്കിൽ!
Generated from archived content: poem5_june_05.html Author: c-surendran