കവിതയും ഗാനവും

കവിതയും ഗാനവും വ്യത്യസ്തമായ രണ്ട്‌ വഴിത്താരകളാണ്‌. കവിത സൃഷ്ട്യംന്മുഖമാകുമ്പോൾ ഗാനം കൃത്രിമമായ നിർമ്മിതി മാത്രമാകുന്നു. ആന്തരികാനുഭവമായി കവിത ആസ്വാദകരെ സ്‌പർശിക്കുമ്പോൾ, ഗാനം ശാരീരിക മാനസിക സ്വാധീനത്തിന്‌ ഇടനൽകുന്നുണ്ട്‌. കവിതയുടെ ശക്തി സൗന്ദര്യങ്ങൾ കൊണ്ടുമാത്രം ഒരു ഗാനവും ശ്രദ്ധിക്കപ്പെടുകയില്ല മറിച്ച്‌, ഗാനത്തെ നിർണ്ണയിക്കുന്ന ഘടകം അതിന്റെ സംഗീതാത്മകതയാണ്‌. എങ്കിലും ഗാനത്തിന്‌ ഉപയോഗിക്കുന്ന വാക്കുകളുടെ ആഴവും ആശയ അർത്ഥധ്വനികളും വികാരങ്ങളും മനസ്സിലാക്കാതെയുള്ള സംഗീതസംവിധാനവും ആലാപനവും ഏതൊരു ഗാനത്തേയും വിരസമാക്കുന്നു. അതുകൊണ്ട്‌ സംഗീതജ്ഞർ സാമാന്യേന സാഹിത്യ നിപുണത ഉള്ളവരായിരിക്കണം. എന്നാൽ കവിയ്‌ക്ക്‌ സംഗീതജ്ഞാനം ഉണ്ടാവണമെന്ന്‌ നിർബന്ധമില്ല, മറിച്ച്‌ താളബോധം ഉണ്ടായിരിക്കുകയും വേണം. ജനകീയ സംഗീതം എന്നറിയപ്പെടുന്ന സിനിമാശാഖ പരിശോധിച്ചാൽ ഇത്‌ കൂടുതൽ ബോധ്യമാകും.

പാരമ്പര്യമായി അനുഷ്‌ഠിച്ച്‌ പോരുന്ന സംഗീത മാതൃകകളുടെ പിൻതുടർച്ചകൾ മാത്രമാണ്‌ മലയാള സിനിമാരംഗം. അതിനൊരു പരിണതി ഉണ്ടാക്കിയത്‌ ജാസിഗിഫ്‌റ്റാണ്‌. ലജ്ജാവതിയേ….എന്നു തുടങ്ങുന്ന ഗാനം അതുവരെ നിലനിന്നിരുന്ന സംഗീതധാരണകളെ വെല്ലുവിളിക്കുകയും സാഹിത്യത്തിന്റെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുകയും ചെയ്‌തുകൊണ്ട്‌ ചരിത്രത്തിൽ അടയാളങ്ങൾ തീർത്തു.

സിനിമാഗാനരംഗത്ത്‌ പ്രത്യക്ഷപ്പെടുന്ന പുതിയ കവികളും (റഫീക്ക്‌ അഹമ്മദ്‌, സച്ചിദാനന്ദൻ പുഴങ്കര) പഴയവഴിത്താരയിൽ തന്നെയാണ്‌. കവിതയിൽ തങ്ങൾ സൃഷ്ടിച്ച ഇടങ്ങൾ ഗാനരംഗത്ത്‌ സ്ഥാപിക്കാനാവുന്നില്ല. പുതിയ കവിത പാരമ്പര്യ&പിതൃരൂപങ്ങളെ തിരുത്തിയും മറികടന്നും പുതിയ ഭാവുകത്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. രൂപരഹിതമെന്ന്‌ തോന്നാവുന്ന വിധം ക്രമപ്പെടുത്തിയും ശിഥിലീകരിച്ചും മുന്നേറുന്ന ഈ പുതിയ കവിതാസരണിയെ സംഗീതത്തിന്റെ ചതുരങ്ങളിലേയ്‌ക്ക്‌ ഉൾച്ചേർക്കുക എന്നതാവും വരും കാലങ്ങളിൽ സംഗീതജ്ഞർ നേരിടാവുന്ന ഏറ്റവും വലിയ വെല്ലുവിളി.

Generated from archived content: essay_jan29_07.html Author: biju_p_nadumuttam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here