സമകാലീന കേരളീയസമൂഹം മാധ്യമീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. യാഥാർത്ഥ്യ ജീവിതത്തെ നിഷേധിച്ചുകൊണ്ടോ വക്രീകരിച്ചുകൊണ്ടോ ചിത്രീകരിക്കപ്പെടുന്ന ടെലിവിഷൻ പരിപാടികൾക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാങ്കേതികതയുടെ വികാസം കൂടുതൽ നാട്യവൽക്കരിക്കപ്പെട്ട ബിംബങ്ങൾ പ്രക്ഷേപിക്കുകവഴി ജീവിതത്തിന്റെ ഒഴിവുനേരങ്ങളെല്ലാം വെറും കാഴ്‌ചകൾക്കായി മാറ്റിവയ്‌ക്കപ്പെടുന്നു. ഴാങ്ങ് ബ്രോദിയാറിന്റെ സിമുലേഷൻ എന്ന പരികല്‌പന ആധുനിക മുതലാളിത്തം സമർത്ഥമായി ഉപയോഗിക്കുന്നു. യാഥാർത്ഥ്യവും അതിന്റെ പ്രതിനിധാനങ്ങളും സാംസ്‌കാരികമായ വിസ്‌ഫോടനത്തിലൂടെ പരസ്‌പരം വെച്ചു മാറുന്ന പ്രക്രിയയാണ് സിമുലേഷൻ എന്നതുകൊണ്ട് ബ്രോദിയാർ അടയാളപ്പെടുത്തിയത്. അതുകൊണ്ട് യാഥാർത്ഥ്യ ജീവിതത്തെ നിരാകരിച്ചുകൊണ്ടുളള കെട്ടി എഴുന്നളളലുകൾക്ക് എളുപ്പത്തിൽ കീഴ്‌പ്പെടുന്നതിനായി ദൃശ്യമാധ്യമങ്ങളെ മുതലാളിത്തം സ്വാധീനിക്കുന്നു.
പുത്തൻ സാമ്പത്തികനയങ്ങളും അരാഷ്‌ട്രീയവൽക്കരണ പ്രത്യയശാസ്‌ത്രങ്ങളും വിതരണം ചെയ്‌തുകൊണ്ട്, പുരോഗമനാശയങ്ങളെ പ്രതിരോധിക്കുകയും ജീവിതം വെറും നാട്യരൂപങ്ങളായി ചുരുക്കുകയും ചെയ്യുന്നു സാമ്രാജ്യത്വമെന്ന ആധുനിക മുതലാളിത്തം. പൊതുജീവിതം അതിജീവനത്തിനായി രൂപപ്പെടുത്തുന്ന സമരങ്ങളെ പരിഹസിക്കുക, ത്യാഗസമ്പന്നമായ വ്യക്തികളുടെ ശരീരചേഷ്‌ടകളെ വികലമാക്കി പ്രതിസ്ഥാപിക്കുക (മിമിക്രി) നൃത്തം പോലുളള കലാരൂപങ്ങളെ സിനിമാഭാഷകളോടു ചേർത്തുകെട്ടി അവതരിപ്പിക്കുക, ഫോണിംഗ് പരിപാടികൾ വഴി സാധാരണക്കാരനെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ വ്യക്തിത്വത്തെ തരംതാഴ്‌ത്തുകയും ചെയ്യുക തുടങ്ങിയ ജനപ്രിയ (?) പരിപാടികൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് സാമ്രാജ്യത്വം ഈ ജീവിത നിരാസം കൊണ്ടാടുന്നത്.
പ്രലോഭനങ്ങൾ കൊണ്ട് എളുപ്പം നിശ്ശബ്‌ദമാക്കാനും കീഴ്‌പ്പെടുത്താനും കഴിയുന്ന ഏക സമൂഹം-ഒരുപക്ഷെ ലോകത്തിലെ തന്നെ-കേരളത്തിലേതാണെന്ന് ഇതിനകം മുതലാളിത്തം തിരിച്ചറിഞ്ഞിട്ടുണ്ട്. ആർത്തിയിലേക്കും ആർഭാടത്തിലേക്കും മലയാളിയെ വളരെ എളുപ്പത്തിൽ വഴിതിരിച്ചുവിടാം എന്നത് മുതലാളിത്തത്തിന്റെ ഒരു ആധുനിക പാഠമാണ്. ഇതിനായുളള ഉപഭോഗവസ്‌തുക്കൾ ഒരുക്കിക്കൊണ്ടാണ് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചോദിതമായ പരിപാടികൾ സാമ്രാജ്യത്വ ഉൽപ്പന്നങ്ങളുടെ അധികാരികൾ സ്‌പോൺസർ ചെയ്യുന്നത്. അവ സ്വായത്തമാക്കാനുളള മത്സരത്തിനിടയിൽ സാമൂഹിക മൂല്യങ്ങൾ മലയാളികൾ മറന്നുതുടങ്ങി. പണം സർവ്വദാാവായി ഉയിർകൊളളുന്നതിനാൽ അതുനേടുവാൻ ജീവിതംകൊണ്ട് എന്തുംചെയ്യുവാൻ മലയാളി സജ്ജമാകുന്നു. പെരുകി വരുന്ന അഴിമതി, ധൂർത്ത്, പെൺവാണിഭം തുടങ്ങിയവയെല്ലാംതന്നെ ഈ സാഹചര്യങ്ങളുടെ പരിണിതഫലമാണ്.
ശ്രവണ, മനന ചിന്തകളിലൂടെ ആന്തരികവൽക്കരിക്കപ്പെടുന്ന ബാഹ്യപരിസരങ്ങളെ പുനർ നിർവ്വചിക്കപ്പെടുത്തുന്ന ഉൾക്കാഴ്‌ചകൾ മലയാളികൾക്ക് അന്യമായിത്തുടങ്ങി. കാഴ്‌ച എന്നത് ഇന്നിപ്പോൾ കേവലമായ ഒരു ഭൗതികവ്യാപാരം മാത്രമായി പരിണമിച്ചു. അതുകൊണ്ട് ആന്തരികമായി ഉൾച്ചേരുന്ന ദർശനങ്ങളിൽ നിന്നും മറ്റൊരു മാനവിക ചിന്തകളും മലയാളിയിൽ രൂപംകൊളളുന്നില്ല. സിനിമ, സാഹിത്യം തുടങ്ങിയ പല മേഖലകളെയും ഇപ്പോൾ കാഴ്‌ചയ്‌ക്കുളള ഒരു ചരക്കെന്നനിലയിലാണ് മലയാളികൾ സ്വീകരിക്കുന്നത്. അലസമായ ഒരു നോട്ടംകൊണ്ട്, ടെലിവിഷൻ ലോകത്തിന്റെ മാസ്‌മരിക പ്രപഞ്ചത്തിൽ തന്റെ സമസ്തപ്രശ്‌നങ്ങളെയും അവൻ ഇറക്കിവയ്‌ക്കുന്നു. യാതൊരു അലോസരവുമുണ്ടാക്കാത്ത പരിപാടികളുടെ കാഴ്‌ചകളിലേക്ക് അവർ റിമോട്ട് ചലിപ്പിച്ചുകൊണ്ട് വീടിന്റെ സ്വീകരണമുറിയിൽ വെറുതെ ഇരിക്കുകയാണ്. മനുഷ്യൻ എന്നതിൽ നിന്നും മലയാളി ഒരു പൈങ്കിളി ദൃശ്യമാധ്യമം മാത്രമായി പരിണമിച്ചുകൊണ്ടിരിക്കുന്നു.
Generated from archived content: essay1_dec.html Author: biju_p_nadumuttam
Click this button or press Ctrl+G to toggle between Malayalam and English