കാൽപ്പാടുകൾ (ലേഖനങ്ങൾ) – ഫാദർ ഫെർഡിനന്റ്‌ കായാവിൽ

കൊല്ലം രൂപതയിലെ പ്രഥമ ദേശീയ മെത്രാനായ ജറോം തിരുമേനിയുടെ ജീവചരിത്രസംഗ്രഹവും, അൾമയധർമ്മം, ക്രൈസ്‌തവ അൾമയർ എന്ന ഉത്തമഗ്രന്ഥങ്ങളും സഹൃദയഹസ്‌തങ്ങളിൽ സമർപ്പിച്ച കായാവിലച്ചൻ കാൽപ്പാടുകളെന്ന ബൃഹത്തായ ഗ്രന്ഥവും സഹൃദയവേദിയിൽ സമർപ്പിച്ചു. കാൽപ്പാടുകളുടെ പ്രകാശനകർമ്മം രൂപതാ പിതാവായ ഡോക്‌ടർ സ്‌റ്റാന്റ്‌ലി റോമനാണ്‌ നിർവ്വഹിച്ചത്‌. ആദ്യപ്രതി അധ്യാപകനും സാഹിത്യകാരനുമായ നൂറനാട്‌ ഹനീഫ സ്വീകരിച്ചു. ജന്മനാടായ മയ്യനാടു നൽകിയ സാഹിത്യവാസന, അച്ചൻ കൈവെടിയാതെ ഭദ്രമായി സൂക്ഷിച്ചു. തേച്ചുമിനുക്കിയപ്പോൾ ആ സാഹിത്യവാസനകൾക്കെല്ലാം കാന്തിയും മൂല്യവും കൈവന്നു. നിറവും മണവും ഉണ്ടായി. അച്ചൻ ബാല്യത്തിലെ എഴുതാൻ തുടങ്ങി. ലത്തീൻഭാഷയും ദൈവശാസ്‌ത്രവും പഠിക്കാനായി റോമിലെ വത്തിക്കാനിൽ താമസിക്കുമ്പോഴും അച്ചൻ മാതൃഭൂമിയിലും മലയാള രാജ്യത്തിലും എഴുതുമായിരുന്നു.

മയ്യനാട്‌ സാഹിത്യകാരൻമാർക്കും പണ്‌ഡിതൻമാർക്കും കവികൾക്കും പത്രപ്രവർത്തകൻമാർക്കും ജന്മം നൽകിയ നാടാണ്‌. സാഹിത്യനായകനായ സി.വിയും പൗരസ്‌ത്യഭാഷാ പണ്‌ഡിതനായ എൻ.ഗോപാലപിളളയും, ജോൺ.ബി.എയും, കെ.ദാമോദരനും, കെ.സുകുമാരനും, കെ.ബാലകൃഷ്‌ണനും മയ്യനാടിന്റെ സന്തതികളാണ്‌. മയ്യനാടിലെ മണ്ണിനു സാഹിത്യഗന്ധമുണ്ട്‌. വടക്കൻ കേരളത്തിലെ വളളുവനാടാണ്‌, തെക്കൻ കേരളത്തിലെ മയ്യനാട്‌ എന്ന കായാവിലച്ചൻ കാൽപ്പാടുകളിൽ പലയിടത്തും മയ്യനാടിനെ വർണ്ണിക്കുന്നുണ്ട്‌. മയ്യനാടെന്നു പറയുമ്പോൾ അച്ചന്‌ ആയിരം നാവാണ്‌. ഒരു കൈയിൽ സാരസ്വത ക്ഷേത്രവും, മറുകൈയിൽ ചികിത്സാ കേന്ദ്രവുമായി തളരാതെ ജൈത്രയാത്ര തുടരുന്ന കായാവിലച്ചൻ വിശ്രമവേളകളിൽ സാഹിത്യരചനകളിൽ മുഴുകുന്നു.

കാൽപാടുകൾ അച്ചന്റെ വിപുലമായ കർമ്മകാണ്‌ഡമാണ്‌. കായാവിലച്ചന്റെ കർമ്മകാണ്‌ഡം, കൊല്ലം രൂപതയുടെ സുന്ദരകാണ്‌ഡമാണ്‌. കാൽപ്പാടുകൾ അഞ്ചുഘടകങ്ങളായി തിരിച്ച മഹാഗ്രന്ഥമാണ്‌. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യരംഗം, ദൈവശാസ്‌ത്രം, അനുസ്‌മരണം എന്നിങ്ങനെ അഞ്ചുഘടകങ്ങൾ. കാൽപ്പാടുകളിൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ സ്‌പർശിക്കുന്ന ലേഖനങ്ങളിൽ ഖണ്‌ഡനവും മണ്‌ഡനവും കാണാം. മുഖം നോക്കാതെ പറയേണ്ടതു പറയാൻ കായാവിലച്ചനറിയാം. അഴകും, ഉയരവും, വാഗ്‌വിലാസവുമുളള കായാവിലച്ചന്‌ ഉൾക്കരുത്തുമുണ്ട്‌. ആ ഉൾക്കരുത്താണ്‌ കായാവിലച്ചനെ കായാവിലച്ചനായി ഉയർത്തിയത്‌. അനുസ്‌മരണത്തിൽ പലയിടത്തും അച്ചൻ ജറോം തിരുമേനിയെ സ്‌മരിക്കുന്നുണ്ട്‌. പുണ്യപുരുഷനായ തിരുമേനി അച്ചനു പരമഹംസനായിരുന്നു. ജറോം തിരുമേനി ഉൾക്കണ്ണാൽ അച്ചന്റെ ഭാവികണ്ട ത്രികാലജ്ഞാനിയാണ്‌. അച്ചനെ ദൈവശാസ്‌ത്രം പഠിപ്പിക്കാൻ റോമിലയച്ചതും, ബിരുദങ്ങളുമായി രൂപതയിൽ വന്നപ്പോൾ ഇൻഫന്റു ജീസസിന്റെയും ബൻസിഗറിന്റെയും ചുമതലകൾ നൽകിയതും ജെറോം തിരുമേനിയാണ്‌.

മൺകട്ടകൾ പൊൻകട്ടകളാക്കാൻ വിരുതുളള കായാവിലച്ചൻ ആ രണ്ടു സ്ഥാപനങ്ങൾക്കും നിറം കൂട്ടി. ഇൻഫന്റു ജീസസ്സു മഹാവിദ്യാലയമായി തങ്കശ്ശേരിയിലുയർന്നു. ബൻസിഗർ ആശുപത്രി മോസസ്സിന്റെ പത്തുപ്രമാണം പോലെ പത്തുനില കെട്ടിടമായി കൊല്ലം നഗരത്തിൽ വളർന്നു. അലയഴിക്കരയിലെ തുറമുഖപട്ടണങ്ങളിൽ അപൂർവ്വമായി കാണുന്ന ആംഗ്ലോ ഇൻഡ്യൻ ജനതയുടെ ജീവിതകഥകൾ അച്ചൻ വിവരിക്കുന്നുണ്ട്‌. ആടിയും പാടിയും അല്ലലറിയാതെയാണ്‌ ആംഗ്ലോ ഇൻഡ്യൻ സമൂഹം ജീവിക്കുന്നത്‌. രൂപതയിലെ സിംഹമായിരുന്ന ആഞ്ചലോസച്ചൻ കാൽപാടുകളിലുണ്ട്‌. ആ വലിയ പുരോഹിതന്റെ അവസാനനാളുകളിലെ കദനകഥകൾ കേൾക്കുമ്പോൾ കരിങ്കല്ലും കരഞ്ഞുപോകും.

‘അനശ്വരനായ പത്രാധിപർ’ എന്ന ലേഖനം പ്രതിഭാശാലിയായ കെ.സുകുമാരന്റെ ജീവചരിത്രസംഗ്രഹമാണ്‌. ആ ലേഖനം രാഷ്‌ട്രീയ നേതാക്കൻമാരും പത്രപ്രവർത്തകരും വിദ്യാർത്ഥികളും വായിക്കേണ്ടതാണ്‌. വിജ്ഞാനത്തിനും വിവേകത്തിന്റെ വികാസത്തിനും വ്യക്തിരൂപീകരണത്തിനും ഉതകുന്ന ലേഖനങ്ങൾ കാൽപ്പാടുകളിലുമുണ്ട്‌. കാൽപാടുകളിലെ ആമുഖവും കവിതയാണ്‌. ആത്മാവിനെ പുളകമണിയിക്കുന്ന കവിത. തിരുവനന്തപുരം അതിരൂപതയിലെ സഹായമെത്രാൻ ബിഷപ്പു ഡാക്‌ടർ ജോഷ്വാമാർ ഇഗ്നാത്തിയോസു തിരുമേനിയുടെ അവതാരികയും, സാഹിത്യകാരനും വാഗ്മിയും രാഷ്‌ട്രീയ നേതാവുമായ തെങ്ങമത്തിന്റെ അവലോകനവും അദ്ധ്യാപകനും സമുദായനേതാവുമായ പ്രൊഫസർ സീസർ ആന്റണിയുടെ ആസ്വാദനവും കാൽപ്പാടുകളെ ധന്യമാക്കുന്നു.

കായാവിലച്ചന്റെ കാൽപ്പാടുകൾ, മായുന്ന കാൽപ്പാടുകളല്ല, കാലം കടന്നാലും അച്ചന്റെ കാൽപ്പാടുകൾ മായാതെ നിലനിൽക്കും.

Generated from archived content: book1_mar.html Author: baby_thamarassery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English