നിഘണ്ടു

ഉച്ചരിക്കപ്പെടാത്ത വാക്കിന്റെ,

പൊരുൾതേടിയലഞ്ഞവന്റെ

ജാതകമെഴുതിയത്‌,

ആത്മാവിന്റെ നാരായം കൊണ്ടായിരുന്നു.

അർത്ഥവും, വ്യാകരണവുമിടകലരുന്ന

അക്ഷരപ്രളയത്തിൽ ഒലിച്ചുപോയത്‌,

ഊമകളുടെ മൊഴിച്ചീന്തുകൾ.

അവയുടെ മൊഴിമാറ്റങ്ങൾ.

വാക്കുകൾ കൊണ്ട്‌ കൂടാരം പണിത്‌,

ചില്ലക്ഷരങ്ങളെ കാവൽക്കാരാക്കി

അകത്തെയിരുട്ടിലടയിരുന്നത്‌

നിരക്ഷരജന്മങ്ങൾ, ഭാഷാശാസ്‌ത്രജ്ഞർ.

ഒന്നിന്റെയും പൊരുൾ അവസാനവാക്കല്ല,

ഒന്നിന്റെയും കരൾ സ്‌നേഹക്കുഴമ്പല്ല,

ഒന്നിന്റെയുമക്കങ്ങൾ ശാശ്വതരൂപങ്ങളുമല്ല.

ആദിയിൽ വചനമുണ്ടായിരുന്നു.

അന്തിയിലതിന്റെ ശരീരവും

സൃഷ്‌ടി, സൃഷ്‌ടാവിനോട്‌ ചോദിച്ചു,

നീയതനുഭവിച്ചിട്ടുണ്ടോ…

മറുമൊഴി ഇങ്ങനെ,

ഉവ്വ്‌, അവസാനം കരഞ്ഞുപോകും.

Generated from archived content: poem11_dec17_05.html Author: b_josukutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here