വൈകിട്ട് വീട്ടിൽ കൃത്യമായി എത്തുന്ന ആളാണ്. ജോലിസ്ഥലം വിട്ടാൽ പിന്നെ താളവം വീടാണ്. ബാറിൽ പോകാറില്ല. കൂട്ടുകാരില്ല, വായനശാലയിൽ കയറാറില്ല. നഗരത്തിൽ കറങ്ങി നടക്കാറില്ല. അങ്ങനെയുള്ള ആളെ രാത്രി ഏറെ കാത്തിരുന്നിട്ടും കാണാതായപ്പോൾ ഭാര്യ നാട്ടുപ്രമാണിമാരെയും കൂട്ടി പോലീസ്‌സ്‌റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടു.
എസ്.ഐ പലവട്ടം പല ചോദ്യങ്ങളും മാറിമാറി ചോദിച്ചു. ഭാര്യ കൃതമായി ഉത്തരം നൽകി. എസ്.ഐ എന്നിട്ടു ചോദിച്ചു. ആട്ടെ.. അയാൾക്കു മൊബൈൽഫോണുണ്ടോ?
‘ഉണ്ട് പക്ഷേ ഇന്നു കൊണ്ടുപോവ്വാൻ മറന്നു…’
‘നാശം! എസ്.ഐ നിരാശനായി. കേസിന് എന്തെങ്കിലും തുമ്പു കിട്ടുമെന്ന് കരുതി എസ്.ഐ കാണാതായ ആളുടെ മൊബൈൽ വരുത്തിച്ചു. കാൾ രജിസ്‌റ്റർ പരിശോധിക്കാൻ വേണ്ടി ഫോൺ ഓൺ ചെയ്തപ്പോൾ സ്‌ക്രീനിൽ മിസ്‌ഡ് കോൾ നമ്പർ തെളിഞ്ഞു. എസ്.ഐ ആ നമ്പറിൽ വിളിച്ചു. അയാളെ ലൈനിൽ കിട്ടി. നിങ്ങളെവിടെയാണ് മിസ്‌റ്റർ. നിങ്ങളെന്താ വീട്ടിലെത്താത്തത്… ആരാണ് നിങ്ങളെ തട്ടികൊണ്ടുപോയത്?’
‘ഞാനിവിടെയുണ്ട് സാർ…’
‘എവിടെ?
നഗരത്തിലെ പ്രധാനനിരത്തിലെ ഒത്ത നടുവിൽ വലിയൊരു ഗട്ടറുണ്ടല്ലോ അതിനുള്ളിൽ നിന്നും കയറിപ്പോകാനാവാതെ കിടപ്പാണ്…’
‘അപ്പോ നിങ്ങളെങ്ങനെ ഫോണിൽ സംസാരിക്കുന്നു?’
‘ഓ അതും ഒരു കഥ.. ഒരു ചെറുപ്പക്കാരൻ ബൈക്കിൽ പോയപ്പോൾ അവന്റെ കീശയിൽ നിന്നും വീണുപോയതാണ്. പാവം അറിഞ്ഞിട്ടില്ല. ’ഓ അതുശരി…‘
എന്റെ ഭാര്യയോട് സമാധാനിക്കാൻ പറയണം. വഴിയാത്രക്കാരെ സഹായത്തിന് വിളിച്ചു കരഞ്ഞിട്ട് ആരും കേട്ടില്ല. ഗട്ടറിനടുത്തെത്തുമ്പോൾ എല്ലാവരും മാറി നടന്നുപോവുകയാണ്. സാർ ഒരു ഏണി കുഴിയിലേക്ക് ഇറക്കി തന്നാൽ കയറിവരാം…പ്ലീസ്….’
‘ശരി ഞങ്ങളങ്ങോട്ട് വരാം…’ എസ്.ഐയും സംഘവും, ഫയർഫോഴ്‌സിനെ വിവരമറിയിച്ച് പ്രധാനനിരത്തിലെ പ്രധാന ഗട്ടർ ലക്ഷ്യമാക്കി ജീപ്പോടിച്ചു.
Generated from archived content: story2_dec26_07.html Author: ashokan-anchathu