ഇന്നലെ അമ്മയുടെ കത്തുണ്ടായിരുന്നു അയാൾക്ക്-നിന്റെ പണവും കത്തും കിട്ടി. സന്തോഷം. പുതിയ ഒരു വിശേഷമുണ്ട് കുട്ടാ-വാസന്തിക്ക് ഒരാലോചന വന്നിട്ടുണ്ട്. എല്ലാം കൊണ്ടും നമുക്കു ചേരും. അമ്പതും അമ്പതും ചോദിക്കുന്നുണ്ട്-നീ അയച്ചിരുന്ന കാശിൽ മിച്ചം പിടിച്ച് ഞാൻ അമ്പത് ഉണ്ടാക്കി വച്ചിട്ടുണ്ട്. ബാക്കി അമ്പത്…?
മോൻ തന്നെ പറ. അമ്മ അവർക്ക് വാക്കുകൊടുക്കട്ടെ. പിന്നെ അനിയന്റെ അസുഖത്തിന് കുറവൊന്നുമില്ല. ഇനി നീ ഭ്രാന്താശുപത്രീല് കൊണ്ടുപോവല്ലെ എന്നൊക്കെ അവൻ ചിലപ്പോൾ വിളിച്ചു പറയുന്നു. അച്ഛന് എഴുന്നേൽക്കണമെങ്കിൽ ഇപ്പോൾ രണ്ടാള് പിടിക്കണം. വാസന്തി പോയാ പിന്നെ ഒരാൾ ആരാകും..? അമ്മയ്‌ക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. നിന്നെക്കാണാൻ അമ്മയ്‌ക്ക് കൊതിയാവുന്നുണ്ട്. ഏഴെട്ടുവർഷമായില്ലേ അമ്മ നിന്നെ കണ്ടിട്ട്? എന്നെങ്കിലും എന്റെ മോൻ ഒന്നുവാടാ…നിന്റെ സർട്ടിഫിക്കറ്റൊക്കെ ഇവിടിരുന്ന് പൊടിപിടിക്ക്യാ…മോന്റെ മറുപടീം കാത്ത് അമ്മ.
വാസന്തിക്ക് ജീവിതമുണ്ടാക്കി കൊടുക്കുന്നതിന് അമ്മ എഴുതിയ രണ്ടാമത്തെ അമ്പത് ഉണ്ടാക്കാൻ തിരക്കുളള ഈ നഗരത്തിൽ വച്ച് ഒരിരയെ കണ്ടെത്താൻ കണ്ണുകൾ പരതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അയാളിത്രയും ഓർത്തത്.
Generated from archived content: story2-feb.html Author: ashokan-anchathu