അകലം

അച്ഛന്റെ ശരീരത്തില്‍ കയറിക്കിടന്ന് നെഞ്ചില്‍ തലവച്ചു കിടന്നായിരുന്നു കുട്ടിക്കാലത്ത് മകള്‍ ഉറങ്ങിയിരുന്നത്. അയാള്‍ക്കും അത് വല്ലാത്തൊരു സന്തോഷമായിരുന്നു. മകളുടെ ശിരസില്‍ മുടിയിഴകളില്‍ കൈവിരലുകള്‍ ഓടിച്ച് അച്ഛന്‍ മുത്തമല്ലെ.. പഞ്ചാരയല്ലേ.. . സ്വത്തല്ലേ എന്നൊക്കെ പുലമ്പി അയാളും ഉറക്കത്തിലേക്കു വീഴും

അമ്മ അക്കാലത്ത് മകളെ ശാസിച്ചിരുന്നു. ഊണു കഴിഞ്ഞിട്ട് അച്ഛന്റെ ദേഹത്ത് കയറിക്കിടക്കല്ലേടീ….

്മകള്‍ അത് മുഖവിലയ്‌ക്കെടുത്തില്ല…

‘ഞാന്‍ അച്ഛന്റെ കൂട്യാ ഉറങ്ങണെ…’

ഇപ്പോള്‍ മകള്‍ക്ക് പ്രായമായെന്നും തന്റെ ഭാര്യയില്‍ പ്രത്യേകമൊരു ആധി കയറിക്കൂടിയിട്ടുണ്ടെന്നും അയാള്‍ അറിഞ്ഞിട്ട് കുറച്ചു ദിവസങ്ങളായി.

അച്ഛന്റെ കൂടെ മകളെ നിര്‍ത്തിയിട്ട് അമ്മ എങ്ങും പോകുന്നില്ല. പോകേണ്ടി വന്നാല്‍ തന്നെ തൊട്ടടുത്ത വീട്ടില്‍ പറഞ്ഞിട്ടേ പോകൂ…

‘അവിടെ അച്ഛനും മോളും മാത്രമേയുള്ളൂ…’

അയാളത് പലപ്പോഴും കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ചെവിയില്‍ തീക്കനലുകള്‍ വീഴുകയാണെന്ന് തോന്നി…. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് അയാളും മകളും പൂമുഖത്തിരിക്കുകയായിരുന്നു. കറന്റ് പോയപ്പോള്‍ മകള്‍ പഠിച്ചിരുന്ന പുസ്തകം അടച്ചുവച്ചു അച്ഛനരികില്‍ വന്നിരുന്നു. അമ്മ അകത്തുനിന്നു വിളിച്ചുപറഞ്ഞു.

‘അനിതേ… അകത്തേയ്ക്കു വന്നിരിക്ക്.. ഞാനിവിടെ മീന്‍ നന്നാക്ക്വാണ്… അപ്പ്‌റത്ത് അച്ഛന്‍ തന്നെയല്ലേ ഉള്ളൂ..’ അയാള്‍ക്ക് കരയണമെന്നു തോന്നി. കുത്തഴിഞ്ഞുപോയ ലോക വ്യവസ്ഥയെ മതിവരെ ശപിക്കണമെന്നും.

Generated from archived content: story1_june5_13.html Author: ashokan-anchathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here