“ഹൊ! എന്തൊരു മഴ, ഇതിന്ന് തോരുന്ന ലക്ഷണമില്ല” -വരാന്തയിൽ നിന്ന് അച്‌ഛൻ പിറുപിറുക്കുന്നത് മുറിയിലിരുന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. മുറിയിലെ ജനാലയിലൂടെ അരിച്ചിറങ്ങുന്ന മഴയും നോക്കിയിരിക്കാൻ എന്തൊരു സുഖമാണ്. അങ്ങനെ നോക്കിയിരുന്നപ്പോഴാണ് മഴ എന്റെ സുഹൃത്തായി മാറിയത്. എന്റെ ജനനം മുതൽ ഇന്നുവരെ എന്റെയെല്ലാകാര്യങ്ങളിലും മഴ അകമ്പടി സേവിച്ചിരുന്നു.
വരാന്തയിലെ തണുത്തുറഞ്ഞ ചുമരുകൾക്ക് സുഖമാണോയെന്ന് ഞാൻ ചോദിച്ചില്ല. പകരം അവയുടെ മാറിലൂടെ എന്റെ നനുത്ത വിരലുകൾ പായിക്കുകമാത്രം ചെയ്‌തു. വരാന്തയിലെ ചാരുകസേരയിൽ മലർന്നുകിടന്ന് മഴയുടെ സംഗീതം ശ്രവിച്ചപ്പോഴും, ആംബുലൻസിൽ അമ്മ പടികടന്നുവന്നപ്പോൾ ഈ മഴ മാത്രമായിരുന്നു എന്നെ ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്നതെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. ഒരിക്കലുമ വിട്ടുമാറാത്ത രാപ്പനിപോലെ മഴ എന്റെ കൂടെ നടന്നു.
“ഹൊ! നാളെയെങ്കിലും ഇതുതോന്നാ മതിയായിരുന്നു.”
വിജിയുടെ കല്യാണത്തലേന്ന് വെടിവട്ടം പറഞ്ഞിരുന്ന അമ്മാവന്മാർ പറയുന്നതുകേട്ടപ്പോൾ കലശലായ ദേഷ്യം വന്നു. ഈ മഴ തോരില്ല, കല്യാണസദ്യ കഴിഞ്ഞേ ഈ മഴ തോരുളളൂവെന്ന് പറയാൻ നാവ് പൊങ്ങിയതാണ്, പിന്നീട് വേണ്ടെന്ന് വച്ചു. എന്നെ മാത്രമല്ല, സഹോദരിയെപ്പോലും മഴ ആശീർവദിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
മഴ ഒരു കുതിരയെപ്പോലെയാണ്, ആദ്യം ഒരു കുതിപ്പിന്റെയും പിന്നെ ഒരു കിതപ്പിന്റെയും ബാക്കിപ്പത്രം.
ഇല്ല മഴ തോരുകയാണോ? വേണ്ട മഴ തോരരുത് എന്നും മഴപെയ്യണം. റോഡിൽക്കൂടി നീണ്ട കുടകളുടെ വരവുംപോക്കും നോക്കിക്കൊണ്ട് അലസമായ ഒരു ദിവസത്തിന്റെ തുടക്കമെന്നോണം ഞാൻ ചാരുകസേരയിൽ കിടന്നു.
പാരിജാതത്തിന്റെയും, ഏഴിലംപാലയുടെയും സുഗന്ധം മഴ എനിക്ക് കൊണ്ടുവന്നു തന്നപ്പോൾ ഞാൻ സ്വപ്‌നങ്ങളുടെ ചരടുകൾ പൊട്ടിച്ച് എണീക്കുകയായിരുന്നു. അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. വീണ്ടും വീണ്ടും മഴപെയ്‌തു കൊണ്ടിരുന്നു.
Generated from archived content: story4_jan2.html Author: arun_cg