ഒരു വിലാപം

1913. ഇന്ത്യൻ സാഹിത്യത്തെ സ്വീഡിഷ്‌ നൊബേൽ കമ്മിറ്റി അംഗീകരിച്ച വർഷം. ടാഗോറിന്റെ ‘ഗീതാഞ്ഞ്‌ജലി’ നൊബേൽ പുരസ്‌കാരം നേടിയിട്ട്‌ ഒരു നൂറ്റാണ്ടു തികയാൻ ഇനി വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രം ബാക്കിയാവുമ്പോൾ ഇന്ത്യ എന്ന ഈ ഉപഭൂഖണ്‌ഡത്തിൽ ഒട്ടനവധി ഭാഷകളിൽ രചിക്കപ്പെടുന്ന സാഹിത്യം എന്തുകൊണ്ട്‌ അംഗീകരിക്കപ്പെടുന്നില്ല എന്നത്‌ ചിന്തനീയമാണ്‌. നമ്മുടെ സാഹിത്യം മനഃപൂർവ്വം തഴയപ്പെടുകയാണോ? അതോ, നമ്മുടെ സർഗ്ഗവ്യാപാരങ്ങളിൽ മൗലിക കമ്മിയാണെന്ന സ്വീഡിഷ്‌ നൊബേൽ കമ്മിറ്റിയുടെ തിരിച്ചറിവാണോ ഈ ദാരുണാവസ്ഥയ്‌ക്കു നിദാനം?

സാഹിത്യചോരണം തൊണ്ടിയോടെ പിടിക്കപ്പെടാതെ സുലഭമായി നടത്താമായിരുന്ന കാലം കഴിഞ്ഞു. കഴിഞ്ഞ തലമുറയിലെ നമ്മുടെ പല എഴുത്തുകാരുടെയും കോപ്പിയടി വൈദഗ്‌ദ്ധ്യം, വിശ്വസാഹിത്യത്തിൽ നിന്നും തങ്ങൾക്കു പഠിക്കാൻ കിട്ടുന്ന ചീന്തുകൾ വായിച്ചറിഞ്ഞിട്ട്‌, പ്ലസ്‌ടൂ വിദ്യാർത്ഥികൾപോലും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നാൽ സാഹിത്യചോരണം എക്കാലങ്ങളിലുമുണ്ടായിട്ടില്ലേ? ഷേക്‌സ്‌പിയറും, കാളിദാസനും, ഉണ്ണായിവാര്യരുമൊക്കെ തങ്ങൾക്കു വേണ്ടത്‌ മറ്റുളളവരിൽ നിന്നും കടംകൊണ്ടവർ തന്നെയാണ്‌. എന്നാൽ കരിക്കട്ടയെ വജ്രമാക്കുന്ന ഈശ്വരവൈഭവം(കവി രേവഃ പ്രജാപതിഃ) ആ വിരൽ തുമ്പുകൾക്കുണ്ടായിരുന്നു. എന്നാൽ നമ്മുടെ എഴുത്തുകാരിൽ പലരിലും, അവരുടെ വരികൾ ഉയർന്ന തത്വചിന്തകൾ അവതരിപ്പിച്ചു എന്നു നാം കൊട്ടിഘോഷിക്കുമ്പോൾ പോലും, അവർ പൗരാണികമായ ചിന്തകളുടെ വ്യാഖ്യാതാക്കൾ മാത്രമാണ്‌ എന്നു കണ്ടെത്താൻ ഒരു പ്രയാസവുമില്ല. പദാനുപദ തർജ്ജിമകളുടെയും വ്യാഖ്യാനങ്ങളുടെയും ബാഹുല്യത്തിൽ മൗലികതയുടെ നുറുങ്ങുവെട്ടങ്ങൾ, ഉമി നിറച്ച ചാക്കുകളിൽ അറിയാതെ പെട്ടുപോയ നെന്മണികൾ പോലെ ദുർല്ലഭമായിരിക്കുന്നു. എഴുത്തുകാരൻ രാജാവും അവന്റെ നിരീക്ഷണങ്ങൾ ചോദ്യം ചെയ്യാതെ ഉൾക്കൊളളുവാൻ വായനക്കാരെ പ്രാപ്‌തരാക്കി നിറുത്തിക്കൊടുക്കുന്ന പുരോഹിതന്മാരുടെ സ്ഥാനം വിമർശകരും കൈയ്യാളിയതോടെ അപചയങ്ങൾ സാർവ്വത്രികമായി. കുമാരനാശാനിൽ പോലും ഷേക്‌സ്‌പിയർ വരികളുടെ പദാനുപദ തർജ്ജിമകളും മാറ്റൊലികളും കണ്ടത്‌, കണ്ടില്ലെന്നു നടിച്ചത്‌ വരേണ്യരായ നമ്മുടെ നിരൂപകർ മനഃപൂർവ്വം വരുത്തിയ വീഴ്‌ചയായിരുന്നില്ലേ? ഒരായിരം വരികളെങ്കിലും ഷേക്‌സ്‌പിയർ എഴുതാതിരുന്നെങ്കിൽ എന്ന്‌ ഷേക്‌​‍്‌സ്‌പിയറുടെ സമകാലികനും സുഹൃത്തുമായിരുന്ന ബെൻജോൺസൻ പറഞ്ഞ വാക്കുകൾ മനസ്സിൽ വച്ചുകൊണ്ടാണ്‌ പാശ്ചാത്യസാഹിത്യവിദ്യാർത്ഥികൾ വിശ്വമഹാകവിയായ ഷേക്‌സ്‌പിയറെ വായിക്കുന്നത്‌. ബിംബാരാധന സർഗ്ഗാത്മക രചനകളുടെ ലോകത്ത്‌ ‘കൊടികുത്തിവാഴുന്നത്‌’ അഭിലഷണീയമല്ല.

കലാലോകം പ്രശസ്‌തിമാത്രമല്ല പണവും നേടിത്തരുന്നു. ഇവ രണ്ടും മുന്നിൽ കണ്ടുകൊണ്ട്‌ കലാസൃഷ്‌ടികളിലേർപ്പെടുന്നവരിൽ കഠിനതപസ്സിലൂടെ ആർജ്ജിക്കേണ്ട ഏകാഗ്രതയുടെ അഭാവമുണ്ടാകില്ലേ? അനുഭവതീഷ്‌ണതയുടെ അഭാവമാണോ ഉത്തമരചനകളുടെ പിറവിക്ക്‌ വിഘാതം? ജാതി, മതം, ദാരിദ്ര്യം തജ്ജന്യമായ അസ്വസ്ഥതകൾ ഒട്ടേറെ നിലവിലുളെളാരു രാജ്യത്ത്‌ അനുഭവതീഷ്‌ണതയുടെ അഭാവം എങ്ങനെയുണ്ടാകും? നൊബേൽ ജേതാവായതിനുശേഷം ഋഷിതുല്യനായ ടാഗോർ പോലും ‘വിശ്വഭാരതിയെ’ ലോകത്തിലെ മികച്ച സർവ്വകലാശാലകളിലൊന്നാക്കാനുളള മോഹത്തിനടിപ്പെട്ടു പണമുണ്ടാക്കാനായി ‘ചവറുകൾ’ രചിച്ചെന്ന്‌ പാശ്ചാത്യർ പിന്നീട്‌ ആക്ഷേപിക്കുകയുണ്ടായി. ഉത്തമസുഹൃത്തും ‘ഗീതാജ്ഞലി’യുടെ അവതാരികാകാരനുമായിരുന്ന ഡബ്ല്യൂ.ബി.യേറ്റ്‌സ്‌, ടാഗോറുമായി പിണങ്ങിയകന്നു. യശസ്സിനോടും ധനത്തിനോടുമുളള ആസക്തി മറന്ന്‌ കലാസൃഷ്‌ടികളിലേർപ്പെടാൻ ഭാരതീയനാവില്ലെന്നാണോ?

വിഗ്രഹഭഞ്ഞ്‌ജകരാകുന്നതിലെ വൈമനസ്യം മൗലികമായ സൃഷ്‌ടികളുടെ പിറവിക്ക്‌ തടസ്സമാണെന്ന്‌ നമ്മുടെ എഴുത്തുകാരും നിരൂപകരും ഇനിയെന്നാണ്‌ മനസ്സിലാക്കുക?

Generated from archived content: essay2_jan2.html Author: aashrmam_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English