ആശയ ശബ്‌ദ ഗാംഭീര്യനായ മഹാകവി വളളത്തോൾ നാരായണമേനോൻ ആംഗലേയ ഭാഷാസാഹിത്യവുമായി ബന്ധപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ നൈസർഗ്ഗികമായ സർഗ്ഗവ്യാപാര സിദ്ധിയ്‌ക്ക് കോട്ടം വരുത്തിയിട്ടുണ്ടോ? കഠിന തപസ്സിലൂടെ ഋഷി മനസ്സുകൾ കണ്ടെത്തിയ ആത്മതത്വങ്ങൾ സ്ഥാനത്തും അസ്ഥാനത്തും വേണ്ടതിലധികം വ്യാഖ്യാനിക്കുവാൻ മെനക്കെടാതെ സംഘർഷപൂർണ്ണമായ ജീവിത മുഹൂർത്തങ്ങൾ അന്യൂനമായ ഹൃദയ ദ്രവീകരണ ശക്തിയോടെ, തെളിവുറ്റ ഒട്ടനവധി വാങ്ങ്‌മയ ചിത്രങ്ങളിലായി വിരചിച്ച മഹാകവി വളളത്തോൾ വേണ്ടവിധം ആദരിക്കപ്പെട്ടിട്ടുണ്ടോ? ഗൃഹാതുരത്വത്തിന്റെ നോവും സ്‌നേഹഭംഗങ്ങളുടെ തീവ്രദുഃഖവുമല്ലേ കാലാതിവർത്തികളായി നിൽക്കുന്ന ലോക സാഹിത്യകൃതികളുടെ ആധാരം. ജാതി വ്യവസ്ഥയുടെ കിരാത നീതി ഉച്ചാടനം ചെയ്യാനുണ്ടായ സാമൂഹ്യവിപ്ലവങ്ങളുടെ ശബ്‌ദഘോഷങ്ങൾക്കിടയിൽ, ഏതൊരു വിപ്ലവത്തിനിടയിലും ചതഞ്ഞുടഞ്ഞു പോകുന്ന ഒട്ടനവധി നിഷ്‌കളങ്ക ജന്മങ്ങൾ പോലെ, അകൈതവമായ സർഗ്ഗപ്രക്രിയയുടെ മൂശയിലുയിർ കൊണ്ട ചാരുതയാർന്ന ദീപനാളങ്ങൾ അതർഹിക്കും വിധം നമിക്കപ്പെടാതെ പോയിട്ടുണ്ട്.
കാവ്യരചന അയത്‌ന ലളിതമായൊരു സിദ്ധിയായിരുന്നു വളളത്തോളിന്. എഴുതാൻ വേണ്ടി എഴുതിയവ അദ്ദേഹത്തിന്റേതായി ഒന്നുമില്ല. സ്വതസിദ്ധമായ സൗന്ദര്യബോധം തിളക്കമേറ്റുന്ന രചനകളോ, എത്രയെങ്കിലുമുണ്ടുതാനും. നാടൻപാട്ടിന്റെ സ്വഭാവത്തെ ചിത്രീകരിക്കുന്ന ഈ വരികൾ നോക്കുക.
നമ്മുടെ മാതാവ് കൈരളി പണ്ടൊരു
പൊൻമണിപ്പൈതലായ് വാണകാലം
യാതൊരു ചിന്തയുമില്ലാതെ കേവലം
ചേതസ്സി തോന്നിയ മാതിരിയിൽ
പാടിയിരുന്ന പഴങ്കഥപ്പാട്ടുകൾ
പാൽക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം.
ഉളളിനെ തൊട്ടുണർത്തുന്ന ജീവിത മുഹൂർത്തങ്ങൾ എത്ര തെളിമയോടെ വളളത്തോൾ വരച്ചു കാട്ടിയെന്നതിനു മറ്റൊരു ഉദാഹരണമായി, തന്റെ ഉറക്കറയിൽ വച്ച് രാജഭടന്മാരാൽ ബന്ധനസ്ഥനാക്കപ്പെട്ട അനിരുദ്ധനെക്കുറിച്ച് ചിന്തിച്ച് ഖിന്നയായി കഴിയുന്ന ഉഷയുടെ ചിത്രം കാണുക.
ആലസ്യമാണ്ടു മുഖമൊട്ടു കുനിച്ചുവേർത്ത
ഫാലസ്ഥലം മൃദുകരത്തളിർകൊണ്ടു താങ്ങി
ചേലഞ്ചി മിന്നുന്നൊരു വെൺകുളിർ കൽത്തറയ്‌ക്കു
മേലങ്ങു ചാരുമുഖി ചാരിയിരുന്നിടുന്നു. (ബന്ധനസ്ഥനായ അനിരുദ്ധൻ)
ഇതിവൃത്ത പ്രധാനങ്ങളും ജീവിത വിമർശനങ്ങളുമായ ഖണ്‌ഡകാവ്യങ്ങളുടെ രചനയിൽ വളളത്തോൾ പിന്നോക്കമായിരുന്നില്ല. ശിഷ്യനായ പരശുരാമനോടും, മകനായ ഗണപതിയോടുമുളള ശിവന്റെ സ്‌നേഹം തുല്യമായിരുന്നു. എന്നാൽ ഗണപതിയുടെ അമ്മയായ പാർവ്വതിയ്‌ക്കോ? തന്റെ മകനോട് ശിവന്റെ അരുമ ശിഷ്യനായ പരശുരാമൻ കാട്ടിയ ക്രൂരതയിൽ കോപിഷ്‌ടയായ പാർവ്വതി, ശിവനോട് പറയുന്ന വാക്കുകൾ ഏതൊരു മനസ്സിലേക്കും ആഴ്‌ന്നിറങ്ങുന്നതാണ്.
‘കിട്ടീലയോ ദക്ഷിണവേണ്ടുവോളം
വിശിഷ്‌ടനാം ശിഷ്യനിൽ നിന്നിദാനീം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നൽകിയനുഗ്രഹിക്കാം.’
പുത്രസ്‌നേഹം ഉളളിൽ നിറയുന്ന ഏതൊരമ്മയും പറയുന്ന വാക്കുകൾ. ഇങ്ങനെ തീക്ഷ്‌ണതയാർന്ന ചിത്രങ്ങൾ എത്രയെങ്കിലുമുണ്ട് വളളത്തോൾ കവിതകളിൽ.
ആംഗലേയ ഭാഷാ സ്വാധീനങ്ങൾക്കടിമപ്പെടാതെ കൈരളിയെ ഉപാസിച്ച വളളത്തോളും റൊമാന്റിക് കവിയായ പി.കുഞ്ഞിരാമൻ നായരും, വൈലോപ്പിളളിയുമൊക്കെ പുനർവായനയ്‌ക്കെടുക്കേണ്ടവരാണ്. തീക്കട്ടപോലെ ജ്വലിക്കുന്ന ഇവരുടെ കവിതകളിൽ കാവ്യ പരിജ്ഞാനമില്ലാത്തവർക്ക് കൈവയ്‌ക്കാനാവില്ലെന്നതും ഒരു വസ്‌തുതയാണ്. റിസർവേഷനുകളുടെ ആനുകൂല്യങ്ങൾ മാറ്റിവച്ച് സാഹിത്യവും, സാഹിത്യകാരന്മാരും വായിക്കപ്പെടേണ്ടിയിരിക്കുന്നു. ആർക്കും കയറി തൊടാനാകാത്ത മലയാള സാഹിത്യത്തിലെ മഴവില്ലാണ് മഹാകവി വളളത്തോൾ.
Generated from archived content: essay2_apr23.html Author: aashrmam_vijayan