അശാന്തിയുടെ കാവ്യചിന്തകൾ

മലയാള കവിതാരംഗത്ത്‌ സജീവ സാന്നിധ്യമായി നിലകൊളളുന്ന യുവകവിയാണ്‌ ശ്രീ. മണി.കെ.ചെന്താപ്പൂര്‌. തപഃധ്യാനങ്ങളുടെ സ്വാസ്ഥ്യരഹിതമായ വിങ്ങലുകൾ കവിതയുടെ ബീജമാണെന്ന അനുപമ സത്യമറിയുകയും സംഘർഷത്തിന്റെ അഗ്നിശലാകകൾ ഹൃത്തടത്തിൽ മുളപൊട്ടട്ടെ എന്നാശിക്കുകയും ചെയ്യുന്ന ചെന്താപ്പൂരിന്റെ ‘നാട്യശാലയിലെ തീ’ എന്ന കാവ്യ സമാഹാരം നിശിതമായ ജീവിത വീക്ഷണ വെളിപാടുകൾ വെളിച്ചം വിതറുന്ന ഒട്ടനവധി കവിതകൾകൊണ്ട്‌ അനുഗ്രഹീതമാണ്‌.

ഈ സമാഹാരത്തിലെ കവിതകളിൽ പലതും ദാമ്പത്യബന്ധത്തിന്റെ വിരസപൂർണ്ണവും ചൊടിപ്പിക്കുന്നതുമായ സത്യങ്ങളുടെ നേർക്ക്‌ ഉയർത്തിക്കാട്ടുന്ന ദർപ്പണമാണ്‌. കാപട്യങ്ങൾക്ക്‌ യുഗങ്ങൾ ചാർത്തിയ കസവുനൂലുകൾ പൊട്ടിച്ചെറിയപ്പെടുന്ന നാട്യശാലയിലെ തീ, തടവുകാർ, പരിശുദ്ധ, പ്രാണനാകുന്നത്‌ ഇങ്ങനെ, കൂടുവിട്ട്‌ പോകുന്ന കിളി, മുതലായ കവിതകൾ വായനക്കാരന്റെ സ്വാസ്ഥ്യ ചിന്തകളുടെ അടിത്തറകൾ ഇളക്കി മറിക്കുന്നു. അന്യൂനമായ ജീവിത നിരീക്ഷണങ്ങളുടെ ഭാവ തീവ്രത ഈ കവിതകൾക്ക്‌ പൊലിമയേറ്റുന്നുണ്ട്‌.

ചിന്തയുടെ അരണിയിൽ അസ്വാസ്ഥ്യത്തിന്റെ ചുഴലികൾ കടകോലാക്കി സ്‌ഫുടം ചെയ്‌തെടുത്ത വരികൾ ‘ഇനി ഓരോ കുഞ്ഞിനും വിദ്യയും ജീവിതവും നിലയ്‌ക്കാത്ത നിലവിളിയാണ്‌ (കൂട്ടുകാരന്റെ കുട്ടി) ’ദാസ്യം വായ്‌ക്കരിയിടാത്ത മരണമാണ്‌“ (ദാസ്യം) ‘നീ അറിയണം നിന്റെ വംശം കരാർ സ്‌നേഹമാണ്‌ അനുഭവിക്കുന്നത്‌’ (പ്രാണനാകുന്നത്‌ ഇങ്ങനെ) ‘ചരടറ്റാൽ നാനാവഴിക്ക്‌ പോം മുത്തുകൾ പോലെ ബന്ധങ്ങൾ (കടമ) ’നമുക്ക്‌ നാം മാത്രമായിരിക്കെ സ്വന്തവും ബന്ധവുമെന്ന ആൾക്കൂട്ടമെന്തിന്‌?‘ (ഒളിച്ചു പോകുന്നവരോട്‌) എത്രയെങ്കിലുമുണ്ട്‌ ഈ സമാഹാരത്തിലെ കവിതകളിൽ.

സമരസപ്പെടലുകളുടെ ആലോചനകൾക്ക്‌ വഴങ്ങാത്ത കവി വോട്ടുചെല്ലുന്ന വീട്ടിൽ അടിമ ജീവിതം നയിക്കേണ്ടി വരുന്ന അബലയോട്‌ ’മധുരചുട്ട‘ കണ്ണകിയുടെ മനസ്സുനേടുവാൻ ആഹ്വാനം ചെയ്യുന്നു. ’ഞാറ്‌‘ ’കൂട്‌ വിട്ടുപോകുന്ന കിളി‘ മുതലായ കവിതകളും വൈവാഹിക ജീവിതത്തിന്റെ പൊളളിക്കുന്ന സത്യങ്ങൾ വിളംബരം ചെയ്യുന്നു. ബൂത്തിൽ, അലി കിണറുകൾ സ്വപ്‌നം കാണുമ്പോൾ, അൻവറിന്റെ ആദ്യരാവ്‌, പ്രതിമ, ഇരുപതാം നൂറ്റാണ്ടിന്‌ ഒരന്ത്യക്കുറിപ്പ്‌ മുതലായ കവിതകളിൽ ശക്തമായ സാമൂഹ്യ വിമർശനങ്ങളാണ്‌. ബന്ധങ്ങളുടെ അർത്ഥ ശൂന്യതയെക്കുറിച്ചുളള ചില പൊളളിക്കുന്ന നിരീക്ഷണങ്ങൾ കൊണ്ട്‌ ധന്യമാണ്‌ ’ഒളിച്ചു പൊകുന്നവരോട്‌‘ ബന്ധു, കടമ എന്നീ കവിതകൾ. എ. അയ്യപ്പന്‌, ആതുരാലയം മുതലായ കവിതകൾ വാങ്ങ്‌മയ ചിത്രങ്ങളുടെ പൊലിമ കാട്ടുമ്പോൾ ’ഓർമ്മക്കടൽ‘ ഉളളുരുക്കുന്നൊരോർമ്മയെ വായനക്കാരനിലേയ്‌ക്ക്‌ സന്നിവേശിപ്പിക്കുന്നു. ചുരുക്കത്തിൽ 2004-ലെ മികച്ച കാവ്യ ഗ്രന്ഥങ്ങളിൽ ഒന്നാണ്‌ ’നാട്യശാലയിലെ തീ‘ എന്ന്‌ നിസ്സംശയം പറയാം.

നാട്യശാലയിലെ തീ, ചെന്താപ്പൂര്‌, വിലഃ 35.00, നാളെ ബുക്‌​‍്‌സ്‌, കൊല്ലം.

Generated from archived content: book1_may28.html Author: aashrmam_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here