കടലിരമ്പുന്ന ശംഖ്‌ (കവിതകൾ)

കടലിരമ്പുന്ന ശംഖ്‌ (കവിതകൾ)

ചാത്തന്നൂർ മോഹൻ

സൈന്ധവ ബുക്‌സ്‌, വിലഃ 40.00

ഏതാണ്ട്‌ കാൽ നൂറ്റാണ്ടായി മലയാള സാഹിത്യരംഗത്ത്‌ പ്രവർത്തിക്കുന്ന ശ്രീ.ചാത്തന്നൂർ മോഹന്റെ ‘കടലിരമ്പുന്ന ശംഖ്‌’ എന്ന പുസ്‌തകം 31 കവിതകളുടെ സമാഹാരമാണ്‌. വൈവിദ്ധ്യമാർന്ന വിഷയങ്ങളെ പ്രതിപാദനം ചെയ്യുന്ന കവിതകളിൽ ഏറെയും നല്ല നിലവാരം പുലർത്തുന്നവയാണ്‌.

കവിതയുടെ സുഭഗതയാർന്ന ഈണവും താളവും ശബ്‌ദസൗകുമാര്യമിയലുന്ന പദസംഘാതങ്ങളും കൊണ്ട്‌ ധന്യമാണ്‌ ‘ശകുനം’,‘നീലാംബരി’,‘എവിടെന്റെ കുങ്കുമപ്പൂക്കൾ?’, ‘നിനക്ക്‌ ഇത്രയും കൂടി’,‘ഗീതാഗോവിന്ദം’,‘ജാതകം’,‘ഇടവം’,‘ഭീഷ്‌മപർവ്വം’ മുതലായ കവിതകൾ.

ഗൃഹാതുരത്വമൊരു നനുത്ത നോവായലിയിക്കുന്ന ശകുനവും, മനസ്സിന്റെ വാതിൽ മെല്ലെത്തുറന്ന്‌ മൃദുമഞ്ഞ്‌ജീര ധ്വനിയോടെ നിശ്ശബ്‌ദമകത്തേക്കുവരുന്ന, ‘നീലാംബരിയും’, മൃതിയുടെ കനിവാർന്ന ഭാവത്തെ പൊലിമയോടെ വരച്ചിടുന്ന ‘ദേശാടനവും’, മോഹനമാർന്ന വരികൾ കൊണ്ടേറെ ശോഭനമാർന്ന ‘എവിടെന്റെ കുങ്കുമപ്പൂക്കളും’, പ്രണയ നോവാളുന്ന മനസ്സിന്റെ നിലയില്ലായ്‌മകളുടെ കദനമായ നൈസർഗ്ഗിക ചാരുതയോലുന്ന നിസ്‌തുല ഭാവങ്ങളുടെ സ്വപ്‌നസംഗീതം പോലെ മധുരമായ വരികൾ കൊണ്ടനുഗ്രഹീതമായ ‘നിനക്കുളളതും കൂടിയും’, വെളിപാടുകളുടെ ആഗ്നേയ ശലാകകൾ സുവർണ്ണദീപ്‌തികൾ പടർത്തുന്ന ‘ഗീതാഗോവിന്ദവും’ ധ്യാനപൂർണ്ണമായ മനസ്സിന്റെ കൈയ്യൊപ്പ്‌ ചാർത്തപ്പെട്ട ജാതകം, ഇടവം മുതലായ കവിതകളും, മിത്തിന്റെ അലൗകിക ചാരുത പേറുന്ന നിണം പൊടിയുന്നൊരേടായ ‘ഭീഷ്‌മപർവ്വവും’ ഈ സമാഹാരത്തിന്‌ പൊലിമ ചാർത്തുക വൈഡൂര്യങ്ങളാണ്‌. എന്നാൽ കാവ്യരചനയ്‌ക്കാവശ്യം വേണ്ട ധ്യാനത്തിന്റെ വേളകൾ ഒരുപക്ഷെ നീണ്ടുപോയിട്ടുളളതിനാലാകാം എഴുതുവാൻ വേണ്ടി എഴുതിയ ചില കവിതകളും ഈ സമാഹാരത്തിൽ പെട്ടുപോയിരിക്കുന്നു. ‘ശവം’, ‘വായില്ലാക്കുന്നിലപ്പൻ’, ‘സ്‌മൃതി’, ‘ജീവപര്യന്തം’, ‘തഥാഗതൻ’, ‘ശാകുന്തളം ഒരു എപ്പിസോഡ്‌’, ‘കായിക്കരയിലെ ചിത്രാ പൗർണ്ണമിയിൽ’ മുതലായ കവിതകൾക്ക്‌, കവിതയുടെ സ്‌നിഗ്‌ധ സ്‌പർശമുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇവയിൽ ചിലതിൽ ഒരു കവിയുടെയല്ല, നേരെമറിച്ച്‌ ജേർണലിസ്‌റ്റിന്റെ മനോവ്യാപാരങ്ങളാണ്‌ പ്രകടിതമാകുന്നതെന്ന്‌ പറയാതെ വയ്യ. പ്രതിബദ്ധത-പ്രചരണ സാഹിത്യത്തിന്റെ ഡിഡാക്‌ടിക്‌ തലങ്ങൾ പുഴുക്കുത്ത്‌ വീണ കരിമ്പിൻ തുണ്ടുപോലെ വർജ്ജ്യമാണ്‌. പദങ്ങളുടെ തെരഞ്ഞെടുപ്പിൽ അല്‌പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ‘ചോരചാടുക’ (വേതാളം), ‘കശേരുക്കൾ ചാടുന്ന’ (കടലിരമ്പുന്ന ശംഖ്‌), ‘കുന്തമുന ആഴ്‌ത്തിയിറക്കുക’ (ശകുനം) മുതലായവ കാവ്യാത്മകമല്ലാത്ത പ്രയോഗങ്ങളും നീരാഞ്ഞ്‌ജനമെന്ന (കടലിരമ്പുന്ന ശംഖ്‌) നിഘണ്ടുവിൽ പോലുമില്ലാത്ത തെറ്റായ പദവും കവിതകളിൽ കടന്നുകൂടില്ലായിരുന്നു.

ഈ കാവ്യപുസ്‌തകത്തിന്റെ രണ്ടാം ഭാഗമായി ചേർത്തിരിക്കുന്ന ഹൃദയാർച്ചനയിലെ കവിതകൾ വാങ്ങ്‌മയ ചിത്രങ്ങളെഴുതാൻ കവിക്കുളള മിടുക്ക്‌ വിളിച്ചോതുന്നു. അവയിൽ ‘വാക്കുകൾ കൊണ്ടെന്നെ കീഴടക്കിയവൻ’, ‘മലയാളമേ നീയെത്ര ധന്യ’, ‘കക്കാടിന്‌ സ്‌നേഹപൂർവ്വം’ മുതലായ കവിതകൾ അകം കൊണ്ടെഴുതിയവ തന്നെയാണ്‌.

മൊത്തത്തിൽ ‘കടലിരമ്പുന്ന ശംഖ്‌’ വായനക്കാരെ നിരാശപ്പെടുത്തുന്നില്ല. കാവ്യരചനയെ കുറച്ച്‌ കൂടി ഗൗരവത്തിലെടുക്കുമെങ്കിൽ ശ്രീ.ചാത്തന്നൂർ മോഹന്‌ ഈടുറ്റ രചനകൾ സാഹിത്യത്തിന്‌ സംഭാവന ചെയ്യാൻ കഴിയും.

Generated from archived content: book1_apr.html Author: aashrmam_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English