‘ആ ദിവസം’

രമ പതിവിലും നേരത്തെ എണീറ്റു. കഴിഞ്ഞ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അത്ര വിലപ്പെട്ടതാണ്‌. അവൾ പതിവിലേറെ സന്തോഷവതിയായി കാണപ്പെട്ടു.

അവൾ ദിവസവും രാവിലെ മുത്തശ്ശിക്ക്‌ ഒരുമ്മ കൊടുക്കാറുളളതാണ്‌. ഇന്ന്‌ അതും മറന്നു. അവൾ പുതുവസ്‌ത്രങ്ങളുമായി മുറിയിലേക്ക്‌ കയറി. അരമണിക്കൂറായിട്ടും ഒരുങ്ങിത്തീർന്നില്ല. മുത്തശ്ശിക്ക്‌ ആകാംക്ഷയായി. അവർ വാതിൽപ്പടിയിൽ ചെന്നുനോക്കി. അപ്പോഴും രമ ഒരുങ്ങുകയായിരുന്നു.

പെട്ടെന്നവൾ മുത്തശ്ശിയെ കണ്ടു. പിന്നെ മുത്തശ്ശിക്കൊരു ചിരിയും സമ്മാനിച്ച്‌ അടുക്കളയിലേക്ക്‌ പോയി. ഒന്നും മനസ്സിലാകാതെ പിറകെ മുത്തശ്ശിയും.

ഒരു ദോശ വല്ല വിധേനയും കഴിച്ചു. വിശപ്പില്ല. അവൾ കൈകഴുകി എണീറ്റു. മുത്തശ്ശി രമയുടെ അമ്മയെ നോക്കി.

“സ്‌കൂൾ യുവജനോത്സവത്തിന്റെ സമ്മാനവിതരണ ദിവസമാ ഇന്ന്‌.” അമ്മ പറഞ്ഞു.

മുത്തശ്ശി മോണകാട്ടി ചിരിച്ചു.

രമ സന്തോഷവതിയായി യാത്ര പറഞ്ഞിറങ്ങി. അവൾ സ്‌കൂളിലെത്തി. യുവജനോത്സവത്തിൽ സമ്മാനം കിട്ടിയ സ്‌കൂളിലെ ഒരേയൊരു കുട്ടിയാണ്‌ രമ.

പത്തുമണിയായി. രമ കാത്തിരുന്ന നിമിഷമെത്തി. അസംബ്ലിക്ക്‌ ബെല്ലടിച്ചു. ഇന്നത്തെ അസംബ്ലിയിലെ മുഖ്യവ്യക്തിയാണ്‌ രമ.

ഓരോന്ന്‌ ആലോചിച്ചിരിക്കവെ, ഒരു ശബ്‌ദം അവളെ ഞെട്ടിച്ചു.

“വിദ്യാർത്ഥി ഐക്യം സിന്ദാബാദ്‌.”

മനസ്സിലേക്ക്‌ ഒരുപിടി തീക്കനലുകൾ വീണപോലെ അവൾക്കു തോന്നി. അപ്പോൾ മൈക്കിൽ കൂടി പറയുന്നത്‌ അവൾ സശ്രദ്ധം കേട്ടു.

“ഇന്ന്‌ സ്‌കൂളിന്‌ അവധി പ്രഖ്യാപിച്ചു. സമ്മാനദാനം മറ്റൊരു ദിവസത്തേക്കു മാറ്റി വച്ചിരിക്കുന്നു.”

ബാഗുമെടുത്ത്‌ ക്ലാസ്സിൽ നിന്നിറങ്ങുമ്പോൾ അവൾക്ക്‌ വല്ലാത്ത സങ്കടം തോന്നി.

Generated from archived content: story1_nov.html Author: a_ramakrishnapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here