അന്നൊരു പെണ്ണിന്റെ
വസ്‌ത്രം അഴിച്ചതും
കേറിക്കിടക്കാൻ
ഇടം കൊടുക്കാഞ്ഞതും
പണ്ടു കുരുക്ഷേത്രയുദ്ധമുണ്ടാക്കി
ഇന്നുമാഭാവങ്ങൾ
ഉണ്ടതിരൂക്ഷമായ്, കൂടെ പലതും
നടക്കുന്നു മേല്‌കുമേൽ
കൂട്ടക്കൊലകൾ
കൂട്ട ബലാൽസംഗം
കൂട്ടമായെങ്ങും മതത്തിന്റെ
ഭ്രാന്തുകൾ
മർത്ത്യനെ തമ്മിലകറ്റുന്നു
വേലികൾ കെട്ടുന്നു
ജാതി മതം പറഞ്ഞെങ്ങുമേ
തേരുരുട്ടീടുന്നു തെരുവീഥിയിൽ
പുത്തനുദയം വരുത്തുവാനാണുപോൽ.
വാളുകൾ ശൂലങ്ങളെങ്ങുമുയരുന്നു
സാധുജനത്തിനു രക്ഷയില്ലാതെയായ്
ദുഷ്‌ടമാം നീതി നടക്കുന്നു ചുറ്റിലും
ധർമ്മമാണത്രേ കുലദൈവതമെന്നു
പണ്ടുപഠിപ്പിച്ച നാടാണിതോർക്കണം.
ലോകത്തിനാകെ സുഖം വരുത്തീടുവാൻ
ക്രൂരരെ തോല്‌പിച്ചു നാം ജയിച്ചീടണം
ഇന്നും കുരുക്ഷേത്ര
യുദ്ധരംഗത്തു നാം നിൽക്കുന്നു
തന്ത്രങ്ങളൊക്കെ
തരംപോലെ ചെയ്യണം
എങ്കിലെ യുദ്ധം ജയിക്കുളളൂ നിശ്ചയം.
Generated from archived content: poem10_july.html Author: a_ramakrishnapillai