ഗൃഹാതുരത്വം

 

fall-nostalgia

ശേഷിപ്പതു ഈയൊരു കല്‍തൂണ്‍ മാത്രമോ
ഗതകാലസ്മരണകള്‍ തന്‍ ബാക്കിപത്രം
ഒത്തിരി മധുരവും, നൊമ്പരവും ഇണക്കവും പിണക്കവും
ഇഴകിച്ചേര്‍ന്നൊരാകാലത്തിന്നവശിഷ്ഠം.

കിഴക്കേ കോണിലേതോ
ഊഞ്ഞാല്‍ പാട്ടിന്‍ അലയടികള്‍,

ഒരു കുറ്റി മാത്രമായി നില്‍ക്കുന്നെന്നെ
വാനിന്‍ നീലിമയിലേക്കുയര്‍ത്തിയയാ മുത്തശ്ശന്‍മാവ്,

പ്രണയത്തിന്‍  സുവര്‍ണ്ണസ്വപ്നങ്ങളോടു
സല്ലപിച്ച പഴയ ഇടനാഴികള്‍,

പിഴുതെറിയപ്പെട്ടുവോ വാഴ്വില്‍ നിന്നിനി
ഒരിക്കലും തിരിച്ചു വരാത്ത പ്രണയത്തെപ്പോലെ.

ഇളകിത്തുടങ്ങിയ കോണിപ്പടികള്‍
എന്നോര്‍മ്മയില്‍ ചാടിക്കയറവേ
എങ്ങോ മണിക്കൊലുസിട്ട
ഇളം കാലൊച്ച കേള്‍ക്കുന്നുവോ

ഈ മണ്ണിലോരോ കോണിലും
ഒളിച്ചുനില്പ്പൂ ആരോ,
മധുരശാസനകളുമായെന്നിലെ
കുശുമ്പും, കുനായ്മയുമിറുത്തുകളയുവാന്‍.

ഇവിടെയിന്നില്ല എനിക്കേറെ പ്രിയമുള്ള
ഒരുകൊച്ചുകിളിക്കൂടുപോല്‍ ചാരുതയാര്‍ന്നയാ വീട്
എന്നാലും പടിയിറങ്ങാനാകാതെയാ അകത്തളങ്ങളില്‍
എന്നോര്‍മ്മകള്‍ തങ്ങിനില്പുണ്ടിപ്പോഴും

അകതാരില്‍ നിന്നടര്‍ത്തുവാനാനാവാത്ത
ഓര്‍മ്മകൾ ഉണരുമാ മഹാസൗധത്തില്‍
എന്‍ അശ്രുപുഷ്പങ്ങളേറെയേറ്റുവാങ്ങിയ
സുന്ദരഭൂവില്‍, വിടരാതെയടര്‍ന്നയെന്‍
മോഹപ്പൂമൊട്ടുകള്‍ അലിഞ്ഞുചേര്‍ന്നൊരാമണ്ണില്‍

നീളും നിഴലുകളൊത്ത്, നീറും ഉള്ളമൊത്ത്
ഇനിയുമൊത്തിരി ജന്മങ്ങള്‍
വാണിടട്ടെ ഞാന്‍

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

Leave a Reply to Jineesh Cancel reply

Please enter your comment!
Please enter your name here