ഗ്രെയ്‌സ് ലില്ലിയുടെ വെളുത്ത പൂവ്

 

 

 

 

 

 

ജീവിത യാത്രയ്ക്കിടക്ക്‌ വിലമതിക്കാനാവാത്ത ഒരു ദിവസമായിരിക്കണമേ ഇന്നെന്ന് ഗ്രെയ്സ് ലില്ലി ആശിച്ചു.

ഓർമ്മകൾ ഒരു പുഷ്പഹാരം പോലെ കോർത്തു തുടങ്ങിയ നേരത്താണ്, അവൾ- തന്‍റെ കുഞ്ഞനുജത്തി, തന്നെവിട്ടു പറന്നകന്നത്. ഇന്ന്, ആ കുഞ്ഞനുജത്തിയുടെ അരുകിലേക്കണയുവാൻ ആ പതിനേഴുകാരി- ഗ്രെയ്‌സ് ലില്ലി തയ്യാറെടുക്കുകയാണ്.

പുലരിയുടെ മഞ്ഞും, ഉച്ചവെയിലിന്‍റെ കാഠിന്യവും മാറി മറഞ്ഞിട്ടും യാത്ര അവസാനിക്കുന്നില്ല. ഇടയ്ക്കുപെയ്ത ചാറ്റൽ മഴയിലെ രണ്ടു തുള്ളികൾ, എണ്ണമയമുണ്ടെന്നു തോന്നിക്കുന്ന കാറിന്‍റെ ചില്ലിലൂടെ ഒന്നിച്ചിണചേർന്ന് താഴോട്ടിറങ്ങി ആത്മഹത്യ ചെയ്തതെന്നു തോന്നി. കാറിനുള്ളിൽ ചൂടുവായു നിറഞ്ഞു നിൽക്കുന്നു. ചേട്ടനും ചേച്ചിയും പിന്നെ അമ്മച്ചിയും ഉറങ്ങിത്തുടങ്ങിയിരിക്കുന്നു. അപ്പച്ചൻ മാത്രം എന്തോ ജപിച്ചിരിക്കുന്നതുപോലെ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്നു.

തന്‍റെ മാത്രം നിർബന്ധത്തിന് വഴങ്ങി വന്നതു കൊണ്ടായിരിക്കാം, ഈ യാത്രയുടെ ആകാംക്ഷ അവരിൽ കാണാത്തതെന്ന് ഗ്രെയ്‌സ് ലില്ലി ചിന്തിച്ചു.

അവസാനിക്കാറായ യാത്രയ്ക്കിടക്കൊരു മാന്ദ്യം സംഭവിച്ചപോലെ ഇടയ്ക്കൊന്നു വണ്ടി നിർത്തി. മുൻപിൽ വലിയൊരു വാഹനവ്യൂഹം പാർപ്പുറപ്പിച്ചിരിക്കുന്നു. റെയിൽവേഗേറ്റ് അടച്ചിരിക്കുന്നു. അപ്പച്ചൻ വണ്ടിയിൽ നിന്നിറങ്ങി കാറുംചാരി നിൽപ്പാണ്. എന്തുകൊണ്ടോ ഗ്രെയ്സ് ലില്ലിക്ക് കാറിൽ നിന്നിറങ്ങാൻ തോന്നിയില്ല. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന ആ തീവണ്ടിപാളങ്ങളിലെ വിരസതയിലേക്ക് അവൾ കണ്ണും നട്ടിരുന്നു.

പച്ചപരവതാനി വിരിച്ചതുപോലുള്ള പുൽമേടിന്നറ്റത്തായി, മഞ്ഞിന്‍റെ നേർത്ത പുക മറ തീർത്തിട്ടുണ്ടെങ്കിലും ആ മഞ്ഞ നിറമുള്ള മന്ദിരം തെളിഞ്ഞുകാണാം. ആ മന്ദിരത്തിന്‍റെ ചെറിയ വാതിലിന്‍റെ മുൻപിലാണ് ഗ്രെയ്സ് ലില്ലി ഇപ്പോൾ നിൽക്കുന്നത്. വാതിൽ തുറന്നു. വിശാലമായ ആ മുറിക്കുള്ളിൽ തന്‍റെ അനിയത്തി ഒറ്റയ്ക്കായിരുന്നു.

മെഴുകുതിരി വെളിച്ചം ആ മുറി നിറച്ച് തെളിഞ്ഞുനിൽക്കുന്നു. തുടരെ തുടരെ മുഖത്തേക്കടർന്നു വീണികൊണ്ടിരിക്കുന്ന ചുരുൾമുടി ഒതുക്കിവയ്ക്കാൻ ശ്രമിച്ചുകൊണ്ട്, ഒരു ക്യാൻവാസിനു മുന്നിൽ കൈയിൽ ചുവന്ന നിറമുള്ള ബ്രഷ്‌ പിടിച്ച് അവൾ – തന്‍റെ കുഞ്ഞു മാലാഖ നിൽക്കുകയാണ്. ഒരു വെളുത്ത പൂവിന്‍റെ മൂന്നിതൾ പൂർത്തിയായിരിക്കുന്നു. ആ കറുത്ത ഗൗണിൽ അവൾ വളരെയേറെ വളർന്നിരിക്കുന്നു. വർഷങ്ങളുടെ ഇടവേളകൾ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല. അമ്മച്ചിയുടെ കയ്യിൽ അപ്പച്ചൻ ഏൽപ്പിച്ച പൂച്ചക്കുഞ്ഞിന്‌ കാലം വരുത്തിയ മാറ്റങ്ങൾ അവളെ അത്ഭുതപ്പെടുത്തി.

റയിൽവേഗേറ്റ് തുറന്നു, പാളം മുറിച്ചു കടക്കുമ്പോൾ ആടിയിളകിയ കാറിൽ നിന്നും നിനവിൽ നിന്നും ഗ്രെയ്‌സ് ലില്ലി ഉണർന്നു
ആ ദിവസങ്ങൾ ഇന്നും ഗ്രെയ്‌സ് ലില്ലിയുടെ മനസ്സിൽ ഒളിമങ്ങാത്ത മെഴുകുതിരി പോലെ നില നിൽക്കുന്നു. ചുറ്റിലും തെളിച്ചമില്ലാത്ത മുറുമുറുപ്പുകൾ തിങ്ങിനിൽക്കുന്നൊരു ദിവസം.

അന്ന് ഗ്രെയ്‌സ് ലില്ലി നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ചേച്ചി അഞ്ചിലും ചേട്ടൻ എട്ടിലും പഠിക്കുന്നു. അപ്പച്ചൻ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു. ആ വൈകുന്നേരം, അത് ഗ്രെയ്‌സ് ലില്ലിയുടെ മനസ്സിൽ അതുപോലെ നിലനിൽക്കുന്നു. ശരിക്കുമൊരു പൂച്ചക്കുഞ്ഞിനെപ്പോലെ തോന്നിപ്പിക്കുന്ന അവളെ, പുതച്ചുമൂടി അപ്പച്ചൻ അമ്മച്ചിയുടെ കയ്യിൽ എൽപ്പിച്ചു. തന്‍റെ അനുജത്തിയാണെന്ന് അപ്പച്ചൻ പറഞ്ഞ നിമിഷം ഗ്രെയ്‌സ് ലില്ലിയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.

അപ്പച്ചന്‍റെ ക്ലിനിക്കിൽ ആരോ ഉപേക്ഷിക്കപ്പെട്ടവളായിരുന്നു അവൾ. എല്ലാ എതിർപ്പുകളും അവഗണിച്ച് അപ്പച്ചൻ അവളെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വീട്ടിലേക്ക് പൊലീസൊക്കെ വന്ന ദിനങ്ങൾ. പോലീസ് പോയതിന് പിറകെ അയൽക്കാർ, പള്ളിക്കാർ, പള്ളീലച്ചൻ. അവരൊക്കെ വീട്ടിലെ സ്വാതന്ത്രപൂർണമായ സന്തോഷവും സമയവും അപഹരിച്ചപോലെ ഗ്രെയ്‌സ് ലില്ലിക്ക് തോന്നി. അവൾക്കെന്താണ് പേരിടാതെ പോയത്?

രണ്ടാം ദിനം. അവളുടെ മുറിയിൽ ആരും ഇല്ലാതിരുന്ന സമയം. ആ നിമിഷം, തന്റെ കുഞ്ഞനുജത്തിയെ ഒന്നു കൈയ്യിലെടുത്തോമനിക്കുവാനുള്ള വ്യഗ്രതയിൽ തോന്നിയ ഒരു സാഹസം. അല്പം ഉയർന്നൊരു സ്റ്റൂളെടുത്ത് തൊട്ടിലിനരികിൽ വെച്ച്, അതിൽമേൽ കയറിനിന്നു. അവളെ നോക്കി. ഈ ലോകത്തിന്‍റെ എല്ലാ നിർമ്മലതയും ആ കവിൾത്തടങ്ങളിലൊതുക്കി കണ്ണിമകൾ പാതിയടച്ച് ഉറങ്ങുന്നു. കൈകൾ വിറച്ച് അവളെ കൈയ്യിലെടുത്ത നിമിഷം. സ്റ്റൂളിൽ നിന്ന് കാൽ തെന്നി. മനസ്സ് ഒരു നിമിഷം വിറങ്ങലിച്ചുപോയി. പക്ഷെ അവൾ ഗ്രെയ്‌സ് ലില്ലിയുടെ നെഞ്ചിൽ സുരക്ഷിതയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ അവൾ ഉണർന്ന് കരയുവാൻ തുടങ്ങി. കരച്ചിൽകേട്ട് ഓടിയെത്തിയ അമ്മച്ചി പേടിച്ചുവിറച്ച് നിന്നു. തൊട്ടിലിൽനിന്നും വീണതാണെന്ന് മനസ്സിലാക്കിയ അമ്മച്ചി, തന്നെ നല്ലോണം തല്ലി. ആദ്യമായാണ് തല്ലിയത്. പക്ഷെ ആ മരവിപ്പിൽ എനിക്കു വേദനിച്ചില്ല. അപ്പച്ചനൊഴികെ ബാക്കിയെല്ലാവരും ഗ്രെയ്‌സ് ലില്ലിയെ ശകാരിച്ചു. മനസ്സിലെ ഭയം മാറിത്തുടങ്ങുന്തോറും അവളുടെ വേദന കൂടിക്കൊണ്ടിരിക്കുന്നു. പിന്നീടൊരിക്കലും അങ്ങനെയൊരു സാഹസത്തിന് ഗ്രെയ്‌സ് മുതിർന്നിട്ടില്ല.

അപവാദപ്രചാരണകളും കുറ്റവിചാരണകളും ദിവസങ്ങളോളം നീണ്ടുനിന്നു. ഞങ്ങളുടെ സന്തോഷത്തിനെ തകർക്കാൻ അതിനൊന്നും കഴിഞ്ഞിട്ടില്ലെന്ന് ഗ്രെയ്‌സ് ലില്ലിക്ക് തോന്നി. പക്ഷെ, ആ സന്തോഷം അധിക ദിവസങ്ങൾ അനുവദിച്ചു തരുവാൻ ദൈവത്തിനു തോന്നിയില്ല എന്നു മാത്രം.

ഒരു വെളുത്ത കാർ മുറ്റത്ത് ഒഴുകി വന്നു നിന്നു. അതിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി. അൽപ്പം കഴിഞ്ഞ് പുഞ്ചിരി നിറച്ച മുഖവുമായി മറ്റൊരാളും. കുറേ ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും പള്ളീലച്ഛനും ചേർന്ന് മുറ്റം നിറഞ്ഞു. അപ്പച്ചന്‍ കുറേനേരം അവരോടായി സംസാരിച്ചു. ഒടുവിൽ ആ ദുഃഖസത്യം ഗ്രെയ്‌സ് ലില്ലിക്ക് മനസ്സിലായി. തങ്ങളുടെ സ്വർഗത്തിൽ നിന്ന് മാലാഖയെ ദൂരെയേതോ നഗരത്തിന്‍റെ കൂടാരത്തിലേക്ക് കൊണ്ടുപോകാൻ വന്നവരാണ് അവരെന്ന്. അപ്പച്ചനായിട്ട് കൊണ്ടുവന്ന ആ ദിവ്യമായ സമ്മാനത്തെ, അപ്പച്ചൻ തന്നെ അവരുടെ കൈയ്യിലേല്പിച്ചു. കാർ ചലിച്ചു തുടങ്ങുന്നതിനുമുമ്പ് ആ മനുഷ്യൻ ഗ്രെയ്‌സ് ലില്ലിയെ ഒന്ന് നോക്കി. അന്നേരം അവൾ ചിന്തിച്ചു, ഇത്രനേരം ഇതിനുവേണ്ടിയായിരുന്നോ പുഞ്ചിരി തൂകിക്കൊണ്ടിരുന്നത്?.

കാർ നീങ്ങിയതിനുശേഷം സന്തോഷത്തിന്‍റെ ശബ്ദങ്ങൾ എങ്ങെങ്ങും നിറഞ്ഞിരുന്ന വീടു മുഴുവൻ നിശ്ശബ്ദതയിലാണ്ടു. വൈകുന്നേരം ഗ്രെയ്‌സ് ലില്ലി ഒരു മെഴുകുതിരിക്കു മുന്നിൽ മുട്ടുകുത്തിയിരുന്നു. മനസ്സിൽ ദുഃഖം നിഴലിട്ടുനിന്നു. ആടിയുലയുന്ന ആ നാളത്തിൽ ജീവിതത്തിലിനിയൊരിക്കലും കാണാനാവാത്ത മാലാഖയുടെ മുഖം മാഞ്ഞും തെളിഞ്ഞുകൊണ്ടിരുന്നു.

ഉള്ളിലെ കറുപ്പു മുഴുവൻ പുറത്തേക്ക് കളയുകയാണെന്ന ഭാവത്തിൽ കൂവിവിളിച്ച് പാഞ്ഞുവന്ന ട്രെയിനിന്‍റെ ചൂളം വിളി വീണ്ടുമവളെ കാറിനുള്ളിലെ ചൂടിലേക്ക് കൊണ്ടുവന്നു. കൂട്ടിൽ നിന്നും സ്വാതന്ത്രത്തിന്‍റെ പച്ചപ്പിലേക്ക് ഓടിയകലുന്ന ആട്ടിൻപറ്റങ്ങൾപോലെ കാറിനെ മറികടന്ന് മറ്റ് വാഹനങ്ങൾ ഒഴുകാൻ തുടങ്ങി.

കറുത്ത ആ വലിയ ഗേറ്റിനു മുൻപിൽ കാർ നിർത്തി. ഗ്രെയ്‌സ് ലില്ലിയുടെ ചേട്ടൻ ഇറങ്ങാൻ ശ്രമിക്കുന്നതിനു മുൻപേ വാച്ച്മെൻ വന്ന് ഗേറ്റ് തുറന്നു. ആവശ്യത്തിലധികം വലിപ്പവും വർണവുമുള്ള ആ വലിയ ബംഗ്ലാവിന്‍റെ സൗന്ദര്യത്തിൽ ഗ്രെയ്‌സ് ലില്ലിക്ക് താൽപര്യമൊന്നും തോന്നിയില്ല. ഇത്രയും വലിയ വീട്ടിലാണ് തന്‍റെ കുഞ്ഞനുജത്തി താമസിക്കുന്നതെന്നോർത്തപ്പോൾ, ഈ വലിയ ലോകത്ത് കൂടെയാരും കളിക്കാനില്ലാതെ, തമാശകൾ പങ്കുവെക്കാനില്ലെന്നോർത്തപ്പോൾ ഗ്രെയ്‌സ് ലില്ലിക്ക് മനസ്സിൽ ചെറിയൊരു വേദനതോന്നി. കാർ ആ വലിയ വീടിന്‍റെ ചെറിയൊരു മൂലയിൽ നിറുത്തി. പേരറിയാത്ത പല പുഷ്പങ്ങളാലും വീടിനു മുന്‍വശം അലംകൃതമായിരിക്കുന്നു. വാച്ച്മേന്‍ ആളെ മനസ്സിലായെന്നവണ്ണം അവരെ ഉള്ളിലേക്കിരിക്കാൻ ബഹുമാനപൂർവ്വം ആവശ്യപ്പെട്ടു. ആ സ്വീകരണമുറിയിൽ പകുതിയിലേറെ വസ്തുക്കൾക്കും ചുവപ്പുനിറമായിരുന്നു. ആവശ്യത്തിലധികം മൃദുത്വമുണ്ടായിരുന്ന ആ സോഫക്ക്. വലിപ്പവും. ഗ്രെയ്‌സ് ലില്ലി അതിന്‍റെ മൂലക്ക് ഒതുങ്ങിക്കൂടിയിരുന്നു.

ഗ്രെയ്‌സ് ലില്ലിയുടെ കണ്ണുകൾ, പോളിഷ് ചെയ്ത് മിന്നുന്ന ആ ഏണിപ്പടികളിലായിരുന്നു. അതിലൂടെ തന്‍റെ പ്രിയപ്പെട്ട അനുജത്തി, ചുവന്ന ചുണ്ടുകളും, തെളിഞ്ഞ കണ്ണുകളുമായി, നക്ഷത്രങ്ങൾ ചിരിക്കുന്നതുപോലെ, ഒരു മാലാഖയെപ്പോലെ ഇറങ്ങിവരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു അവളുടെ മനസ്സു മുഴുവനും.

അല്പനേരം കഴിഞ്ഞ് ഒരു കാർ ഗേയിറ്റ് കടന്ന് മുറ്റത്ത് നിറുത്തി. അതിൽ നിന്നും ഇറങ്ങിവന്ന ആളെ ആദ്യ നിമിഷത്തിൽ തന്നെ എനിക്കു മനസ്സിലായി. ഒരു നാൾ തങ്ങളിൽനിന്ന് എല്ലാ സന്തോഷങ്ങളും പറിച്ചുകൊണ്ടുപോയ ആ പുഞ്ചിരിക്കുന്ന മനുഷ്യൻ.

അപ്പച്ചൻ എഴുന്നേറ്റു. അയാളുടെ മുഖത്തെ ആ പുഞ്ചിരി വീണ്ടും തെളിഞ്ഞു. രണ്ടുപേരും മറ്റൊരു സോഫയിലേക്ക് മാറിയിരുന്ന് സംസാരിച്ചുകൊണ്ടിരുന്നു. സംസാരിക്കുമ്പോൾ അയാളുടെ മൂക്കിനു മുകളിലുള്ള കണ്ണടയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു, അയാളത് നിരന്തരം ശരിയാക്കിക്കൊണ്ടിരിക്കുന്നു. അല്പനേരം കഴിഞ്ഞ് അയാൾ അകത്തേക്കുപോയി. ടെലിഫോൺ റിസീവർ കയ്യിലെടുത്ത ശബ്ദം വളരെ ഉച്ചത്തിൽ കേൾക്കാൻ സാധിച്ചു.

ഗ്ലാസ്സുകളിൽ കറുത്ത പാനീയവുമായി പരിചാരകൻ ഞങ്ങളുടെ മുന്നിലെത്തി. ദാഹം തോന്നിയെങ്കിലും കുടിക്കാൻ തോന്നിയില്ല. അതിനെ ചോദ്യം ചെയ്തപോലെ അപ്പച്ചൻ ഗ്രെയ്‌സ് ലില്ലിയെ നോക്കിയെങ്കിലും അവൾ ഗ്ലാസ്സിൽ തൊടുക പോലും ചെയ്തില്ല.

ഒരു വാഹനത്തിന്‍റെ ഉച്ചത്തിലുള്ള ഹോൺ ഗെയിറ്റിനുപുറത്തു കേട്ടു. അത് മുറ്റത്തുള്ള കാറിനു പിന്നിൽ നിർത്തിയശേഷം രണ്ടുപേർ നേരെ അകത്തേക്ക് കേറി വന്നു. തടിച്ച ശരീരവും, ആ ശരീരത്തിന് ആനുപാതികമല്ലാത്ത ഷൂസുകളുമിട്ട് അയാൾ അധികാരത്തോടെ അവരുടെ അടുത്ത സോഫയിലിരുന്നു. കൂടെ ഉണ്ടായിരുന്നത് നീണ്ടു മെലിഞ്ഞ, കണ്ണുകളിലേതോ രഹസ്യം ഒളിപ്പിച്ചുവച്ച്, നടത്തത്തിൽ അസാധാരണ വേഗതയുള്ള അവൾ തങ്ങളെ ശ്രദ്ധിക്കാതെ ഏണിപ്പടികൾ കയറാൻ നിൽക്കെ, ആ പുഞ്ചിരിക്കുന്ന മനുഷ്യൻ – അവളുടെ അച്ഛൻ അവളെ തടഞ്ഞു നിർത്തി. അദ്ദേഹത്തിന്‍റെ വാക്കുകൾ അവൾ ചെവികൊള്ളാൻ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന്‍റെ കൈത്തട്ടിമാറ്റി അവൾ വീടിന്‍റെ മുകൾ നിലയിലേക്ക് കോണിപ്പടികൾ കയറി.

ഹിമശിലയിൽ സൂര്യതാപമേറ്റപോലെ, ഉരുകി അലിഞ്ഞില്ലാതാവും നേരം ഗ്രെയ്‌സ് ലില്ലിക്ക് മനസ്സിലായി, ആ കേറിപ്പോയത് ഈ കാലമത്രയും മനസ്സിലൊരു വെളുത്ത പനിനീർപുഷ്പ്പംപോലെ സൂക്ഷിച്ച തന്‍റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിയായിരുന്നു.
ആ പുഞ്ചിരിക്കുന്ന മനുഷ്യൻ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപേ കാര്യങ്ങൾ മനസ്സിലാക്കാൻ ലില്ലിയുടെ അപ്പച്ചന് ബുദ്ധിമുട്ടേണ്ടിവന്നില്ല. കേറിവരാൻ പാടില്ലായിരുന്ന ഒരു സ്ഥലത്തേക്കായിരുന്നു തങ്ങൾ കേറിവന്നതെന്ന്. തങ്ങൾ ഇറങ്ങാൻ നേരം, കേറിപ്പോയതിനേക്കാൾ വേഗതയിൽ അവൾ ഇറങ്ങി വന്നു.
ഒരു നോട്ടമെങ്കിലും ഗ്രെയ്‌സ് ലില്ലി അവളിൽ നിന്ന് പ്രതീക്ഷിച്ചു. അത് സംഭവിച്ചില്ല. ബൈക്ക് സ്റ്റാർട്ട് ചെയ്ത് തയ്യാറായിനിന്ന ആ വലിയ മനുഷ്യന്‍റെ ചുമലിൽ കൈ ചേർത്തിട്ട്, ബൈക്കിന്‍റെ ശബ്ദത്തോടൊപ്പം ഒരു മേഘം പോലെ കാറ്റിൽ പറന്നകന്നു. ഹൃദയത്തിൽ ദുഃഖം തിങ്ങി നിറഞ്ഞ്, തന്‍റെ അനുജത്തിയുടെ മുഖം പോലും ശരിക്കൊന്നു കാണാൻ ആവാതെ, തന്‍റെ കുഞ്ഞനുജത്തിയോട് ഒരു വാക്ക് പോലും സംസാരിക്കാനാവാതെ, ഒരു ഉമ്മ പോലും നൽകാനാവാതെ, ആ മുറ്റത്ത് ഗ്രെയ്‌സ് ലില്ലി നിൽക്കുകയാണ്. ചുമലിൽ അവളുടെ അപ്പച്ചൻ കൈവച്ചപ്പോൾ സങ്കടം അണപൊട്ടി ഒഴുകി.

എല്ലാവരും കാറിൽ കയറിയിരിക്കുന്നു. അപ്പച്ചൻ മുന്നിൽ കയറി. ഞാൻ അമ്മച്ചിയുടെ അരികിലായിരുന്നു. പിന്നിൽ ഇരുട്ടും മുന്നിൽ പ്രകാശവുമായി, കാർ വളരെ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ വേഗത ഇരുളിനെ പിന്നെയും പിന്നെയും പിന്നിലാക്കിയിരിക്കുന്നു. സൂര്യൻ എല്ലാത്തിലും പ്രകാശം തെളിയിച്ചിരിക്കുന്നു. ദൂരെ പച്ചപ്പാർന്ന തെങ്ങിന്തോപ്പുകൾക്കും വെളുത്ത മേഘപ്പൂക്കൾക്കും തിളങ്ങുന്ന നീർച്ചാലുകൾക്കും പിടികൊടുക്കാതെ, ഗ്രെയ്‌സ് ലില്ലിയുടെ ഹൃദയം ഇങ്ങേയറ്റം അവളിലേക്ക് തന്നെ അണഞ്ഞു.

“അമ്മച്ചീ ,ആ നീലമലകൾ കണ്ടോ,അതിനപ്പുറത്ത് ഒരു നീണ്ട പ്രകാശത്തിന്‍റെ താഴ്വര കണ്ടോ, അവിടെയാണ് എന്‍റെ കുഞ്ഞനുജത്തി. ചുവന്ന ചുണ്ടുകളുള്ള, തിളങ്ങുന്ന കണ്ണുകളുള്ള, മാലാഖയെപോലുള്ള എന്‍റെ കുഞ്ഞനുജത്തി.”

അമ്മച്ചി ഗ്രെയ്‌സ് ലില്ലിയെ മാറോട്ചേർത്തുപിടിച്ചു കരഞ്ഞു.
ഗ്രെയ്‌സ് ലില്ലി അപ്പോൾ കരച്ചിൽ നിർത്തിയിരുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here