ഗോപിനാഥ് മുതുകാടിന്റെ പുസ്തകം ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം ‘ പ്രകാശനം

 

ഗോപിനാഥ് മുതുകാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം ‘ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പ്രകാശനം ചെയ്തു. രാജ് ഭവനിൽ നടന്ന പ്രകാശന ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു.

ഗോപിനാഥ് മുതുകാട്, രവി ഡി സി, ഗോവിന്ദ് ഡി സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രണ്ടായിരത്തൊന്ന് നവംബറില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രൊപ്പല്ലര്‍ എസ്കേപ് എന്ന ഇന്ദ്രജാലപരിപാടി പരാജയപ്പെട്ടതിനെ തുടര്‍ന്ന്, മാധ്യമങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും തത്കാലം രക്ഷപ്പെടാന്‍വേണ്ടിയാണ് ഗോപിനാഥ് മുതുകാട് ആദ്യമായി രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് ട്രെയിന്‍ കയറുന്നത്. ഗോപിനാഥ് മുതുകാട് എന്ന കലാകാരന്റെ ജീവിതത്തിലെ വലിയ യാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്ര നല്‍കിയ അനുഭങ്ങളുടെയും സൗഹൃദങ്ങളുടെയും തുടര്‍ച്ചയായി ദേശീയോദ്ഗ്രഥന സന്ദേശങ്ങളുമായി നാലുഭാരത യാത്രകള്‍ ശ്രീ. മുതുകാട് നടത്തി.

വിസ്മയഭാരത യാത്ര, ഗാന്ധിമന്ത്ര, വിസ്മയസ്വരാജ്, മിഷന്‍ ഇന്ത്യ എന്നിവയായിരുന്നു ആ യാത്രകള്‍. ഒരോ യാത്രയിലൂടെയും മുതുകാട് അറിഞ്ഞ ഇന്ത്യ എന്ന വിസ്മയരാജ്യത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ പുസ്തകം. ഈ പുസ്തകത്തില്‍ ഗാന്ധിയും ടാഗോറും എ പി ജെ അബ്ദുല്‍ കലാമും ഉള്‍പ്പെടെ ഇന്ത്യയെ അറിഞ്ഞ മഹത്ജീവിതങ്ങളുണ്ട്. വെള്ളത്തിനും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുന്ന ഗ്രാമീണ ഇന്ത്യയുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തളരാതെ സഞ്ചരിച്ച മുതുകാട് എന്ന കലാകാരന്റെ പ്രചോദനാത്മക ജീവിതമുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here